പൃഥ്വിരാജിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ ശ്രമിക്കുകയാണ് സംഘപരിവാരം,മലയാളസിനിമാ ചരിത്രത്തിലെ ഏറ്റവും ദൗര്‍ഭാര്യകരമായ പ്രതിസന്ധി; ദുർവിധിയിൽ ആശങ്ക :ആഷിഖ് അബു

കൊച്ചി: മലയാള സിനിമയുടെ ചരിത്രത്തിൽത്തന്നെയുള്ള ഏറ്റവും ദൗർഭാഗ്യകരമായ സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് തോന്നുന്നുവെന്ന് സംവിധായകൻ ആഷിഖ് അബു. എമ്പുരാൻ സിനിമയ്ക്കും പൃഥ്വിരാജിനുമെതിരെ നടക്കുന്ന പ്രചാരണങ്ങളുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മലയാളത്തിലെ തന്നെ ഏറ്റവും വലിയ ഒരു സിനിമയ്ക്കുതന്നെ ഈ ദുർവിധി ഉണ്ടായതിൽ ഒരു സംവിധായകനെന്ന നിലയിൽ ഏറെ ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പൃഥ്വിരാജിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ ശ്രമിക്കുകയാണ് സംഘപരിവാരം. അത് മുൻപും സംഭവിച്ചിട്ടുള്ളതാണ്. കേരളത്തിലെ സിനിമാപ്രേമികളും അല്ലാത്തവരുമായ ജനങ്ങൾ പൃഥ്വിരാജിന്റെകൂടെ നിൽക്കും എന്നുതന്നെയാണ് കരുതുന്നത്. ഒരു സംവിധായകൻ എന്ന നിലയ്ക്ക് പൃഥ്വിരാജിന് പൂർണമായ പിന്തുണ പ്രഖ്യാപിക്കുകയാണെന്നും ആഷിഖ് അബു പറഞ്ഞു.
പൃഥ്വിരാജിനെപ്പോലും സമ്മർദ്ദത്തിലാക്കാൻ കഴിയുന്ന രൂപത്തിൽ ഈ ഫാസിസ്റ്റ് പ്രവണത നമ്മുടെ നാട്ടിൽ അത്രയധികം ശക്തി പ്രാപിച്ചു എന്നാണ് വ്യക്തിപരമായി മനസിലാക്കുന്നത്. പൃഥ്വിരാജിനെപ്പോലെ വ്യക്തിത്വമുള്ള ഒരാൾക്കുപോലും ഈ സമ്മർദ്ദത്തിന്റെ മുന്നിൽ വഴങ്ങേണ്ടിവരുന്നു എന്നുപറയേണ്ടിവരുന്നത് അദ്ദേഹത്തിന്റെ ധൈര്യക്കുറവായിട്ടല്ല കാണേണ്ടത്. സമൂഹം എന്നനിലയ്ക്ക് നമ്മുടെ പ്രശ്നമാണിത്.
അധികാരം എന്നുപറയുന്നതിന്റെ ദുർവിനിയോഗമാണ് ഇപ്പോൾ സത്യത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. അതുതന്നെയാണ് പച്ചയായി നമ്മുടെ കണ്മുന്നിൽ കാണുന്നത്. ഒരു കലാസൃഷ്ടിയെ സംഘം ചേർന്നാക്രമിക്കുകയും അതിൽ പ്രവർത്തിച്ചിട്ടുള്ള മലയാളം ബഹുമാനിക്കുന്ന കലാകാരന്മാരായ മോഹൻലാൽ, പൃഥ്വിരാജ് തുടങ്ങിയവരെയെല്ലാം എന്ത് രീതിയിലാണ് അധിക്ഷേപം ചൊരിയുന്നത്. ഒരു സിനിമയാണെന്നത് മറന്നുകൊണ്ട് വളരെ വ്യക്തിപരമായി ആക്രമിക്കുന്നതാണ് കണ്ടുകൊണ്ടിരിക്കുന്നതെന്നും ആഷിഖ് അബു പറഞ്ഞു.