സെറ്റില്‍ മൊബൈല്‍ ഫോണുകള്‍ നിരോധിച്ചു, ആകെയുണ്ടായിരുന്നത് 15 പേര്‍ മാത്രം; നഗ്നരംഗ ചിത്രീകരണത്തെ കുറിച്ച് അമല പോള്‍
പ്രേഷകരെ ഞെട്ടിക്കുന്നതായിരിന്നു ‘ആടൈ’യുടെ ടീസര്‍. അതിന് കാരണക്കാരിയാകട്ടെ അമലാ പോളും. ടീസറില്‍ നഗ്നയായാണ് അമല പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ അങ്ങനെ അഭിനയിക്കേണ്ട സാഹചര്യത്തെപ്പറ്റി അമല ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ മനസ്സുതുറന്നിരിക്കുകയാണ് അമല പോള്‍.
ഈ രംഗത്തിന് വേണ്ടി ഒരു പ്രത്യേക തരം കോസ്റ്റിയൂം ഉപയോഗിക്കാം എന്ന് സംവിധായകന്‍ രത്നകുമാര്‍ പറഞ്ഞെങ്കിലും അമല അതിനെ പ്രോത്സാഹിപ്പിച്ചില്ല. അതേകുറിച്ച് ഓര്‍ത്ത് വിഷമിക്കണ്ട എന്നായിരുന്നു അമലയുടെ നിലപാട്. പക്ഷെ ഷൂട്ടിംഗ് ദിവസം എത്തിയതോടെ അമലയ്ക്ക് പിരിമുറുക്കം കൂടി. സെറ്റില്‍ എന്ത് സംഭവിക്കുന്നു എന്ന് അറിയാനുള്ള ആകാംഷയായി. ആരൊക്കെ ഉണ്ടാവും, അവിടെ സുരക്ഷിതമാണോ എന്നൊക്കെയായി അമലയുടെ ചിന്ത. ‘ഷൂട്ടിംഗ് ദിനത്തെക്കുറിച്ച് ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. കാരവാനിലിരുന്ന് ഞാന്‍ മാനേജര്‍ പ്രദീപിനെ വിളിച്ചു. സെറ്റില്‍ എത്ര പേരുണ്ട്, സുരക്ഷാ ജീവനക്കാരുണ്ടോ എന്നെല്ലാം അന്വേഷിച്ചു. ചെന്നപ്പോള്‍ ചിത്രീകരണസ്ഥലത്തിന് പുറത്തുതന്നെ ബൗണ്‍സേഴ്സ് ഒക്കെ ഉണ്ടായിരുന്നു.
സെറ്റിലെ മുഴുവന്‍ ആളുകളുടെയും ഫോണുകള്‍ അവര്‍ വാങ്ങിവെക്കുന്നുണ്ടായിരുന്നു. ചിത്രീകരണസംഘത്തെ 15 പേരിലേക്ക് ചുരുക്കിയിരുന്നു. ആദ്യ ഷോട്ട് എടുത്തതിന് ശേഷം ഞാന്‍ ആ ടീമിനോട് പറഞ്ഞു, പാഞ്ചാലിക്ക് അഞ്ച് ഭര്‍ത്താക്കന്മാരാണ് ഉണ്ടായിരുന്നത്. എനിക്കിപ്പോള്‍ 15 ഭര്‍ത്താക്കന്മാര്‍ ഉള്ളതായി തോന്നുന്നുവെന്ന്. അത്രമാത്രം വിശ്വാസമുള്ളിടത്തേ എനിക്ക് ആ രംഗങ്ങളില്‍ അഭിനയിക്കാന്‍ ആവുമായിരുന്നുള്ളൂ.’ സമീപകാലത്ത് അവതരിപ്പിച്ചതില്‍ ഏറ്റവും മികച്ച വേഷങ്ങളില്‍ ഒന്നാണ് ആടൈയിലെ കാമിനി എന്നും പറയുന്നു അവര്‍.
സിനിമാജീവിതം അവസാനിപ്പിക്കാനുള്ള ആലോചനയില്‍ നിന്ന സമയത്താണ് ഈ സിനിമയിലെ വേഷം തേടിയെത്തിയതെന്നും അമല പോള്‍ പറയുന്നു. ‘കാരണം വരുന്ന കഥകളെല്ലാം ഒരേപോലെ ആയിരുന്നു. ദിവസവും രണ്ട് വണ്‍ലൈനുകളെങ്കിലും കേട്ടിരുന്നു. ആ കഥകളൊക്കെ കള്ളമായിരുന്നുവെന്നും അമല പറയുന്നു.