ന്യൂഡല്‍ഹി: ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റായി എ.എ റഹീമിനെ തെരഞ്ഞെടുത്തു. നിലവിലെ പ്രസിഡന്റ് മുഹമ്മദ് റിയാസ് മന്ത്രിയായതോടെയാണ് ഭാരവാഹിത്വത്തില്‍ മാറ്റം വന്നത്. നിലവില്‍ ഡി.വൈ.എഫ്.ഐയുടെ കേരളത്തിലെ സംസ്ഥാന സെക്രട്ടറിയാണ് റഹീം. ഡി.വൈ.എഫ്.ഐയുടെ കേന്ദ്രകമ്മിറ്റിയിലാണ് തീരുമാനമുണ്ടായത്.
2017 ലാണ് റിയാസിനെ ഡി.വൈ.എഫ്.ഐയുടെ അഖിലേന്ത്യാ പ്രസിഡന്റായി തെരഞ്ഞെടുത്തത്. അതിനു മുമ്പ് എം.ബി രാജേഷായിരുന്നു ദേശീയ പ്രസിഡന്റ്. മന്ത്രിയെന്ന നിലയിലുള്ള തിരക്കുകള്‍ മൂലമാണ് റിയാസ് പദവിയൊഴിയുന്നത്. റഹീം ദേശീയ അധ്യക്ഷനാകുന്നതോടെ സംസ്ഥാന നേതൃത്വത്തിലും മാറ്റമുണ്ടാവും.
എസ്.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ്, കേന്ദ്ര കമ്മിറ്റി അംഗം, ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ്, കേന്ദ്ര കമ്മിറ്റി അംഗം, കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം തുടങ്ങിയ പദവികള്‍ റഹീം വഹിച്ചിട്ടുണ്ട്. 2011ല്‍ വര്‍ക്കലയില്‍ നിന്ന് കഹാറിനെതിരെ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.