ഇതുവരെ വിവാഹിതയായത് 11 തവണ: വീണ്ടും വിവാഹിതയാകാനൊരുങ്ങി അമ്പത്കാരി
ന്യൂയോര്‍ക്: യു എസ് സ്വദേശിയായ 52 കാരി മോനിറ്റയ്ക്ക് വിവാഹം കഴിച്ച് മതിയായില്ല. ഇതുവരെ 11 തവണയാണ് അവര്‍ വിവാഹം കഴിച്ചത് . ഓരോ തവണയും പുതിയ പ്രതീക്ഷകളുമായി വിവാഹ ജീവിതത്തിലേക്ക് കടക്കുമെങ്കിലും അതൊക്കെ പരാജയപ്പെടുന്നുവെന്നാണ് മോനിറ്റയുടെ സങ്കടം.
ഒന്‍പത് പേരെയാണ് മോനിറ്റയ്ക്ക് ഭര്‍ത്താവായി ലഭിച്ചത്. ഇതില്‍ രണ്ടുപേരെ രണ്ടു തവണ വിവാഹം കഴിക്കുകയും ചെയ്തു. എല്ലാവരുമായി വിവാഹ മോചനം നേടിയെങ്കിലും മോനിറ്റയുടെ വിവാഹ സ്വപ്നങ്ങള്‍ വീണ്ടും പൂവണിയുകയാണ്. പത്താമത്തെ ആളെ വിവാഹം ചെയ്യാനുള്ള ഒരുക്കത്തിലാണ് അവര്‍ ഇപ്പോള്‍.
മോനിറ്റയുടെ അഭിപ്രായത്തില്‍ തന്റെ ജീവിതപങ്കാളി ഇനി വരാനിരിക്കുന്നതേയുള്ളൂ എന്നാണ് . ഓരോ തവണയും വിവാഹിതയാകുമ്പോഴും ഇതായിരിക്കാം താന്‍ കാത്തിരുന്നയാള്‍ എന്നാണ് അവര്‍ കരുതുന്നത്. എന്നാല്‍ അതെല്ലാം എങ്ങനെയൊക്കെയോ വിവാഹമോചനത്തില്‍ അവസാനിക്കുകയും ചെയ്യും. ഒരിക്കല്‍ പോലും ബന്ധങ്ങള്‍ അവസാനിപ്പിക്കണമെന്ന് കരുതിയല്ല താന്‍ വിവാഹത്തിന് തയാറായതെന്നും മോനിറ്റ പറയുന്നു.
പത്താമത് കെട്ടാന്‍ പോകുന്നത് 57 -കാരനായ ജോണിനെയാണ്. രണ്ട് വര്‍ഷത്തിലേറെയായി ജോണുമായി ഡേറ്റിംഗിലുമാണ് മോനിറ്റ. മുമ്പ് രണ്ട് തവണ വിവാഹം കഴിഞ്ഞ ആളാണ് ജോണ്‍. ഈ പ്രണയമെങ്കിലും നിലനില്‍ക്കുമെന്ന പ്രതീക്ഷയിലാണ് അവര്‍.
പുതിയ ആണ്‍സുഹൃത്തുക്കളുമായി സൗഹൃദം സ്ഥാപിക്കാനും, അവരോടൊപ്പം സമയം ചെലവഴിക്കാനും, അതില്‍ നിന്ന് തനിക്ക് പറ്റിയ ഇണയെ തിരഞ്ഞെടുക്കാനും യൗവന കാലത്ത് തന്നെ മോനിറ്റ ഇഷ്ടപ്പെട്ടിരുന്നു. സ്‌കൂള്‍ പഠനം പൂര്‍ത്തിയായതിന് പിന്നാലെയായിരുന്നു ആദ്യവിവാഹം. ഹൈസ്‌കൂളില്‍ വച്ച് പരിചയപ്പെട്ട തന്റെ സുഹൃത്തിനെ തന്നെയാണ് അവര്‍ വിവാഹം ചെയ്തത്. എന്നാല്‍ അവര്‍കിടയില്‍ പ്രേമത്തിന് അധികം ആയുസുണ്ടായില്ല. പിന്നീട് രണ്ടാമത് വിവാഹിതയായെങ്കിലും പിരിയേണ്ടി വന്നു. വീണ്ടും അയാളെ തന്നെ വിവാഹം കഴിക്കുകയും വീണ്ടും പിരിയുകയും ചെയ്തു.
മോനിറ്റയുടെ നാലാമത്തെ ഭര്‍ത്താവ് രണ്ടു കുട്ടികളുടെ പിതാവായിരുന്നു. ആ വിവാഹ ബന്ധവും ഏറെക്കാലം നിലനിന്നില്ല. പിന്നീട് വന്ന രണ്ടുപേരും മോനിറ്റയുടെ പ്രണയ ജീവിതത്തില്‍ കുടുങ്ങിപ്പോയി. അഞ്ചാമത്തെയാള്‍ അവള്‍ ഏറ്റവും കൂടുതല്‍ സ്‌നേഹിച്ച ഭര്‍ത്താക്കന്മാരില്‍ ഒരാളായിരുന്നു. പിന്നെയും നിരവധി പേര്‍ അവരുടെ ജീവിതത്തില്‍ കടന്ന് വന്നെങ്കിലും ദാമ്പത്യത്തിന് അധികം ആയുസ് ഉണ്ടായിരുന്നില്ല.