സ്ത്രീധനം വാങ്ങുന്നവരും നൽകുന്നവരുംയ കുടുങ്ങും,സ്ത്രീധനത്തിന് എതിരെയുള്ള പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനായി സർക്കാരിൻ്റെ പുതിയ വെബ് പോർട്ടൽ
തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായി, സ്ത്രീധനത്തിന് എതിരെയുള്ള പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഒരുക്കിയ വെബ് പോര്‍ട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചതായി, മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഈ പോര്‍ട്ടല്‍ മുഖേന വ്യക്തികള്‍ക്കോ, പൊതുജനത്തിനോ, സംഘടനകള്‍ക്കോ സ്ത്രീധനം വാങ്ങുന്നതിനും, നല്‍കുന്നതിനും എതിരെ പരാതി സമര്‍പ്പിക്കാം.
ജില്ലാ സ്ത്രീധന നിരോധന ഓഫീസര്‍ക്ക് ലഭിക്കുന്ന പരാതിയിന്മേല്‍ തുടര്‍നടപടിക്കായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കാനും, മുഖ്യ സ്ത്രീധന നിരോധന ഓഫീസര്‍ക്ക് പരാതി തീര്‍പ്പാക്കുന്നതിന്റെ പുരോഗതി വിലയിരുത്താനും ഈ പോര്‍ട്ടല്‍ സഹായിക്കും. സ്ത്രീധനമെന്ന സാമൂഹ്യവിപത്തിനെ തുടച്ചുനീക്കാനുള്ള ശ്രമങ്ങള്‍ക്ക് പുതിയ ഊര്‍ജ്ജം പകരാൻ ഈ സംവിധാനത്തിന് സാധിക്കും.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ…..
ഇന്ന് അന്താരാഷ്‌ട്ര വനിതാ ദിനാചരണത്തിൻ്റെ ഭാഗമായി, സ്ത്രീധനത്തിനെതിരെയുള്ള പരാതികൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള വെബ് പോർട്ടൽ പ്രവർത്തനം ആരംഭിക്കുകയാണ്. ഈ പോര്‍ട്ടല്‍ മുഖേന വ്യക്തികള്‍ക്കോ, പൊതുജനത്തിനോ, സംഘടനകള്‍ക്കോ സ്ത്രീധനം വാങ്ങുന്നതിനും, നൽകുന്നതിനും എതിരെ പരാതി സമര്‍പ്പിക്കാവുന്നതാണ്. ജില്ലാ സ്ത്രീധന നിരോധന ഓഫീസര്‍ക്ക് ലഭിക്കുന്ന പരാതിയിന്മേല്‍ തുടര്‍നടപടിക്കായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കാനും, മുഖ്യ സ്ത്രീധന നിരോധന ഓഫീസര്‍ക്ക് പരാതി തീര്‍പ്പാക്കുന്നതിന്റെ പുരോഗതി വിലയിരുത്താനും ഈ പോർട്ടൽ സഹായിക്കും. സ്ത്രീധനമെന്ന സാമൂഹ്യവിപത്തിനെ തുടച്ചു നീക്കാനുള്ള ശ്രമങ്ങൾക്ക് പുതിയ ഊർജ്ജം പകരാൻ ഈ സംവിധാനത്തിന് സാധിക്കും.
അസമത്വങ്ങളില്ലാത്ത ഒരു ലോകത്ത് മാത്രമാണ് സ്വാതന്ത്ര്യം പൂർണ്ണമായും അർത്ഥവത്താകുന്നത്. അതിനാൽ സമഗ്രവും സുസ്ഥിരവുമായ പുരോഗതിയിലേക്കുള്ള യാത്ര, സമത്വസുന്ദരമായ ലോകത്തിൻ്റെ സൃഷ്ടിക്കായുള്ള പോരാട്ടം കൂടിയായി മാറുകയാണ്. ഈ യാഥാർത്ഥ്യം ഉൾക്കൊണ്ടാണ് ഇത്തവണത്തെ വനിതാ ദിനം ‘സുസ്ഥിര ഭാവിക്കായി ലിംഗസമത്വം ഇന്നേ’ എന്ന മുദ്രാവാക്യം നമുക്ക് മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്. നവോത്ഥാന പ്രസ്ഥാനങ്ങളും, വർഗ സമരങ്ങളും നൽകിയ കരുത്തിൽ, യാഥാസ്ഥിതിക സങ്കല്പങ്ങൾ പലതും പൊളിച്ചെഴുതാൻ സാധിച്ച സമൂഹമാണ് കേരളം. എങ്കിലും, സ്ത്രീകൾ നേരിടുന്ന സാമൂഹിക വിവേചനവും, പിന്നോക്കാവസ്ഥയും ഇന്നും വലിയ തോതിൽ ഇവിടെ നിലനിൽക്കുന്നുണ്ട്. സമൂഹമൊന്നാകെ വളരെ ബോധപൂർവ്വം ഇടപെടുകയും, പരിഹരിക്കുകയും ചെയ്യേണ്ട ഗുരുതരമായ സാമൂഹ്യപ്രശ്നമാണിത്.
ഈ സന്ദേശം ജനങ്ങളിൽ എത്തിക്കാൻ വളരെ വിപുലമായ പരിപാടികളാണ്, ഇത്തവണത്തെ വനിതാ ദിനത്തിൻ്റെ ഭാഗമായി, സംസ്ഥാനമൊട്ടാകെ നടപ്പാക്കുന്നത്. ഇന്ന് തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന സംസ്ഥാനതല പരിപാടിയുടെ ഭാഗമായി, സ്ത്രീധന പരാതി പോർട്ടലിൻ്റെ ഉദ്ഘാടനത്തിനു പുറമേ, വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച സ്ത്രീകളെ വനിതാരത്നം പുരസ്കാരം നൽകി സർക്കാർ ആദരിക്കുന്നു. അതേ ചടങ്ങിൽ വെച്ച് അങ്കണവാടികൾക്കും, ജീവനക്കാർക്കും ഐ.സി.ഡി.എസ് പുരസ്കാരങ്ങൾ വിതരണം ചെയ്യും. വിവാഹ പൂർവ്വ കൗൺസിലിംഗ് പദ്ധതിയുടെ ഉദ്ഘാടനവും, അങ്കണപ്പൂമഴ ജെൻഡർ ഓഡിറ്റഡ് പുസ്തകത്തിൻ്റെ പ്രകാശനവും ഇതോടൊപ്പം നടക്കും. പത്ത് മുതൽ പതിനഞ്ച് വയസ് വരെയുള്ള പെൺകുട്ടികൾക്ക് ആയോധന കലകളിൽ പരിശീലനം നൽകുന്ന ‘ധീര’ എന്ന പദ്ധതിയും ഇന്ന് ആരംഭിക്കുകയാണ്.
ലിംഗസമത്വം കൈവരിക്കാതെ മാനവരാശിക്ക് സാമൂഹിക നീതിയിൽ അധിഷ്ഠിതമായ സുസ്ഥിര ഭാവി കൈവരിക്കാനാവില്ല എന്നാണ്, ഐക്യരാഷ്ട്ര സഭ ഉൾപ്പെടെ നടത്തിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. അതുകൊണ്ട് തന്നെ, നവകേരളത്തിനായി നമ്മൾ പ്രയത്നിക്കുന്ന ഈ ഘട്ടത്തിൽ, വനിതാ ദിനത്തിന്റെയും അത് മുന്നോട്ടു വെക്കുന്ന സന്ദേശത്തിന്റെയും പ്രാധാന്യം വളരെ വലുതാണ്. ആ സന്ദേശം സഗൗരവം ഉൾക്കൊണ്ട്, ലിംഗനീതിയിൽ അധിഷ്ഠിതമായ സമൂഹം വാർത്തെടുക്കാൻ നമുക്ക് ഒരുമിച്ച് പ്രയത്നിക്കാം. ഏവർക്കും വനിതാ ദിന ആശംസകൾ.’