KeralaNews

‘അതിശയിപ്പിച്ച മനുഷ്യന്‍’, യെച്ചൂരിയുടെ വിയോഗത്തിൽ വൈകാരിക കുറിപ്പുമായി മമ്മൂട്ടി

കൊച്ചി: സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിയോഗത്തില്‍ വികാരനിർഭരമായി പ്രതികരിച്ച് നടന്‍ മമ്മൂട്ടി രംഗത്ത്. ദീര്‍ഘകാലമായുള്ള സുഹൃത്തായിരുന്നു യെച്ചൂരിയെന്നും വിയോഗവാര്‍ത്ത തന്നെ ഏറെ വേദനിപ്പിക്കുന്നതാണെന്നും മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു. സമര്‍ത്ഥനായ രാഷ്ട്രീയ നേതാവെന്നും അതിശയിപ്പിച്ച മനുഷ്യനെന്നും യെച്ചൂരിയെ മമ്മൂട്ടി വിശേഷിപ്പിച്ചു. തന്നെ ഏറ്റവും അടുത്ത് മനസിലാക്കിയ സുഹൃത്തായിരുന്നു യെച്ചൂരിയെന്നും മമ്മൂട്ടി വിവരിച്ചു. അദ്ദേഹത്തെ ഒരിക്കലും മറക്കാന്‍ സാധിക്കില്ലെന്നും മമ്മൂട്ടി പറഞ്ഞു.

നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും മുഖ്യമന്ത്രി പിണറായി വിജയനുമടക്കമുള്ളവരെല്ലാം സീതാറാം യെച്ചൂരിയുടെ അകാല വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി രംഗത്തെത്തിയിരുന്നു. ഇടതുപക്ഷത്തിന്റെ വെളിച്ചമായിരുന്നു യെച്ചൂരിയെന്നാണ് പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്ത അനുശോചന സന്ദേശത്തിൽ പറഞ്ഞത്. മികച്ച പാർലമെന്റേറിയനായി കഴിവ് തെളിയിച്ച വ്യക്തിയായിരുന്നു യെച്ചൂരിയെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. യെച്ചൂരിക്കൊപ്പം കൈപിടിച്ച് നിൽക്കുന്ന ചിത്രവും മോദി എക്സിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

നമ്മുടെ രാജ്യത്തെ കുറിച്ച് ആഴത്തിലുള്ള ധാരണയുള്ള, ഇന്ത്യ എന്ന ആശയത്തിൻ്റെ സംരക്ഷകനായിരുന്നു യെച്ചൂരിയെന്നാണ് രാഹുൽ ഗാന്ധി എക്സിൽ പങ്കുവച്ച കുറിപ്പിലൂടെ വിവരിച്ചത്. ഞങ്ങൾ നടത്തിയിരുന്ന നീണ്ട ചർച്ചകൾ ഇനി തനിക്ക് നഷ്ടമാകുമെന്ന് രാഹുൽ പറഞ്ഞു. ദുഃഖത്തിൻ്റെ ഈ വേളയിൽ അദ്ദേഹത്തിൻ്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും അനുയായികൾക്കും ആത്മാർത്ഥമായ അനുശോചനം അറിയിക്കുന്നുവെന്നും കോൺഗ്രസ് നേതാവ് വ്യക്തമാക്കി.

ഇന്ത്യൻ ജനാധിപത്യത്തിനും മതനിരപേക്ഷ രാഷ്ട്രീയത്തിനും പൊതുവിലും തൊഴിലാളിവർഗ്ഗ വിപ്ലവപ്രസ്ഥാനത്തിന് പ്രതേ്യകിച്ചും നികത്താനാവാത്ത നഷ്ടമാണ് സഖാവ് സീതാറാം യെച്ചൂരിയുടെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. അങ്ങേയറ്റത്തെ ദുഃഖത്തോടെയും ഹൃദയവേദനയോടെയുമാണ് സഖാവ് സീതാറാം വിട പറഞ്ഞു എന്ന വിവരം അറിഞ്ഞത്. സീതാറാമുമായി ഒരുമിച്ച് കേന്ദ്ര കമ്മിറ്റിയിലും പി ബിയിലും ഒക്കെ പ്രവർത്തിച്ചതിന്റെ നിരവധിയായ സന്ദർഭങ്ങൾ തുടർച്ചയായി മനസ്സിലേക്കെത്തുന്ന ഘട്ടമാണിത്.

സമാനതകളില്ലാത്ത മാർക്‌സിസ്റ്റ് സൈദ്ധാന്തികനും ബുദ്ധിജീവിയുമായിരുന്നു സീതാറാം യെച്ചൂരി. സീതാറാമിന്റെ അസാധാരണമായ നേതൃത്വശേഷിയും സംഘടനാപാടവും പ്രത്യയശാസ്ത്ര വ്യക്തതയും കേരളത്തിലെ പാർട്ടിക്ക് എന്നും മാർഗ്ഗനിർദ്ദേശകമായിരുന്നിട്ടുണ്ട്. വൈഷമ്യങ്ങളിൽ നിന്ന് പാർട്ടിയെ വീണ്ടെടുക്കാനും സൈദ്ധാന്തികവും സംഘടനാപരവുമായ ഗരിമയിലൂടെ പ്രസ്ഥാനത്തെ മുമ്പോട്ടു നയിക്കാനും സഖാവിന്റെ ഇടപെടലുകൾ എക്കാലത്തും കേരളത്തിലെ പാർട്ടിക്ക് പ്രയോജനകരമായിട്ടുണ്ടെന്നും മുഖ്യമന്ത്രി വിവരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker