മുംബൈ: നടി പൂനം ധില്ലണിന്റെ വീട്ടില്‍ മോഷണം. നടിയുടെ മുംബൈ ഘാറിലെ വീട്ടിലാണ് മോഷണം നടന്നത്. സംഭവത്തില്‍ പ്രതിയായ സമീര്‍ അന്‍സാരി(37) എന്നയാളെ പോലീസ് പിടികൂടി. നടിയുടെ വീട്ടില്‍ പെയിന്റിങ് ജോലിക്കെത്തിയപ്പോഴാണ് ഇയാള്‍ മോഷണം നടത്തിയതെന്ന് പോലീസ് പറഞ്ഞു.
ഒരു ലക്ഷം രൂപയുടെ വജ്രാഭരണവും 35,000 രൂപയുമാണ് പ്രതി വീട്ടില്‍നിന്ന് കവര്‍ന്നത്. ഇതിനുപുറമേ ഏതാനും യു.എസ്. ഡോളറും മോഷ്ടിച്ചിരുന്നു. നടിയുടെ മകനാണ് ഘാറിലെ വീട്ടില്‍ സ്ഥിരമായി താമസിച്ചിരുന്നത്. ജുഹുവിലെ വീട്ടില്‍ താമസിക്കുന്ന പൂനം ഇടയ്ക്കിടെ ഇവിടെ വരാറുണ്ട്.
പ്രതിയായ സമീര്‍ അന്‍സാരി ഡിസംബര്‍ 28 മുതല്‍ ജനുവരി അഞ്ചുവരെ നടിയുടെ വീട്ടില്‍ പെയിന്റിങ് ജോലിക്കെത്തിയിരുന്നു. ഈ സമയത്താണ് അലമാരയില്‍നിന്ന് ആഭരണവും പണവും കവര്‍ന്നതെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് ഈ പണം ഉപയോഗിച്ച് പ്രതി സുഹൃത്തുക്കള്‍ക്കായി പാര്‍ട്ടി നടത്തിയെന്നും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.