KeralaNews

‘ഒരു കാര്യം മനസിലായി, കുമ്പക്കുടി സുധാകരനാണ് ഇപ്പോള്‍ കെ.പി.സി.സി പ്രസിഡന്റ്’: അഡ്വ. എ ജയശങ്കര്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് ഡിസിസി പട്ടിക പുറത്ത് വന്നതിന് പിന്നാലെ കോണ്‍ഗ്രസില്‍ നടക്കുന്ന രാഷ്ട്രീയ നീക്കങ്ങളില്‍ പ്രതികരിച്ച് അഡ്വ. എ ജയശങ്കര്‍. ഒരു കാര്യം വ്യക്തമായി. തെന്നല ബാലകൃഷ്ണപിളളയല്ല, മുല്ലപ്പള്ളി രാമചന്ദ്രനുമല്ല കുമ്പക്കുടി സുധാകരനാണ് ഇപ്പോള്‍ കെപിസിസി പ്രസിഡന്റ് എന്നാണ് അഡ്വ. ജയശങ്കര്‍ പറഞ്ഞത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ജയശങ്കറിന്റെ പ്രതികരണം.

കുറിപ്പിന്റെ പൂര്‍ണരൂപം:

കാത്തിരിപ്പിനറുതിയായി. 14 ജില്ലാ കോണ്‍ഗ്രസ് കമ്മറ്റികള്‍ക്കും പുതിയ പ്രസിഡന്റുമാരായി. അവരില്‍ വയോധികരുണ്ട്, മധ്യവയസ്‌ക്കകരുണ്ട്, യുവാക്കളുമുണ്ട്. ഡിസിസി അധ്യക്ഷരുടെ പട്ടികയോടൊപ്പം ശിവദാസന്‍ നായര്‍ക്കും അനില്‍ കുമാറിനുമുളള സസ്പെന്‍ഷന്‍ ഉത്തരവും പുറത്തിറങ്ങി. അതും അവരുടെ വിവാദ പരാമര്‍ശം കഴിഞ്ഞു മണിക്കൂര്‍ തികയും മുമ്പേ. ഒരു കാര്യം വ്യക്തമായി. തെന്നല ബാലകൃഷ്ണപിളളയല്ല, മുല്ലപ്പള്ളി രാമചന്ദ്രനുമല്ല കുമ്പക്കുടി സുധാകരനാണ് ഇപ്പോള്‍ കെപിസിസി പ്രസിഡന്റ്.

ഡിസിസി അധ്യക്ഷന്മാരെ പ്രഖ്യാപിച്ചതിന് പിന്നാലെ ഉയര്‍ന്ന പ്രതിഷേധങ്ങള്‍ താരതമ്യേനെ കുറവെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ പ്രതികരിച്ചു. ജനാധിപത്യ ചര്‍ച്ച നടക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. പാര്‍ട്ടിയിലെ ഭിന്നാഭിപ്രായങ്ങള്‍ സ്വാഭാവികമാണെന്നും അദ്ദേഹം ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

പട്ടികയില്‍ പോരായ്മകള്‍ ഉണ്ടാകാം. ഡിസിസി പട്ടിക നൂറ് ശതമാനം കുറ്റമറ്റതെന്ന് പറയുന്നില്ല. പോരായ്മയുണ്ടെങ്കില്‍ പരിഹരിക്കാം. വിശദമായ ചര്‍ച്ചകള്‍ക്കുശേഷമാണ് പട്ടിക തയറാക്കിയതെന്നും സുധാരന്‍ പറഞ്ഞു. ഡിസിസി പുനഃസംഘടനയില്‍ വേണ്ടത്ര ചര്‍ച്ചകള്‍ നടന്നില്ലെന്ന ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവനയെ സുധാകരന്‍ തള്ളി. ഉമ്മന്‍ ചാണ്ടി ചര്‍ച്ചകള്‍ നടന്നില്ലെന്ന് പറയരുതായിരുന്നു. അദ്ദേഹം പറഞ്ഞത് വാസ്തവവിരുദ്ധമാണ്. ഉമ്മന്‍ ചാണ്ടി പറഞ്ഞത് നിഷേധിക്കേണ്ടിവരുന്നതില്‍ മനോവിഷമമുണ്ടെന്നും സുധാകരന്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുമായി രണ്ട് തവണ താന്‍ ചര്‍ച്ച നടത്തിയിരുന്നു. അദ്ദേഹം പറഞ്ഞ പേരുകള്‍ താന്‍ എഴുതിയെടുത്തിരുന്നു. അതില്‍ ഉള്ള പലരുമാണ് പട്ടികയില്‍ ഉള്ളത്. അവസാനം ലിസ്റ്റ് ആവശ്യപ്പെട്ടുവെന്നും സുധാകരന്‍ പറഞ്ഞു.

ഡിസിസി പുനഃസംഘടനയില്‍ രമേശ് ചെന്നിത്തലയുമായും താന്‍ രണ്ട് തവണ ചര്‍ച്ച നടത്തിയെന്നും സുധാകരന്‍ പറഞ്ഞു. ഓരോ ജില്ലയെ സംബന്ധിച്ചും ചെന്നിത്തലയുമായി വിശദമായി ചര്‍ച്ച നടത്തി. എന്നാല്‍ പട്ടിക ആവശ്യപ്പെട്ടിട്ടും ചെന്നിത്തല നല്‍കിയില്ലെന്നും സുധാകരന്‍ പറഞ്ഞു. ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് നേരത്തെ ഗ്രൂപ്പ് നേതാക്കള്‍ മാത്രമായിരുന്നു ചര്‍ച്ച നടത്തിയിരുന്നത്. അവര്‍ ആരോടാണ് ചര്‍ച്ച നടത്തിയത്. നേതാക്കള്‍ മാത്രം ചര്‍ച്ച ചെയ്തു തീരുമാനിക്കുന്നതായിരുന്നു മുന്‍പ് പതിവ്. താന്‍ വര്‍ക്കിംഗ് പ്രസിഡന്റായിരുന്നപ്പോള്‍ പോലും താനുമായി ചര്‍ച്ച നടത്തിയിരുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു.

ചര്‍ച്ച നടന്നില്ലെന്ന് പറയുന്നവരുടെ കാലത്ത് എന്ത് ചര്‍ച്ചയാണ് നടന്നത്. ആ കാലത്ത് ഗ്രൂപ്പുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. അന്ന് ഗ്രൂപ്പുകാര്‍ മാത്രമാണ് സ്ഥാനങ്ങളിലേക്ക് എത്തിയതെന്നും സുധാകരന്‍ പ്രതികരിച്ചു. കെ. ശിവദാസന്‍ നായരെയും കെ.പി. അനില്‍കുമാറിനെയും സസ്‌പെന്‍ഡ് ചെയ്ത സംഭവത്തിലും സുധാകരന്‍ പ്രതികരിച്ചു. വ്യക്തതയില്ലാത്ത കാര്യങ്ങള്‍ക്കാണ് വിശദീകരണം തേടുകയെന്ന് സുധാകരന്‍ പറഞ്ഞു. ചാനലില്‍ പ്രസ്താവിച്ച പ്രസ്താവനയ്ക്ക് എന്തിനാണ് വിശദീകരണം. അത് വ്യക്തമായി പറഞ്ഞ കാര്യങ്ങള്‍ അല്ലേ. ചാനലില്‍ വന്ന വര്‍ത്തയ്ക്ക് എന്ത് വിശദീകരണമാണ് ചോദിക്കേണ്ടത്. ശിവദാസന്‍ നായരെയും അനില്‍കുമാറിനെയും കേട്ടിട്ട് തുടര്‍ നടപടിയുണ്ടാകുമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button