സി.ഐ എ.ജെ തോമസിന്റെ തൊപ്പിയില്‍ ഒരു പൊന്‍തൂവല്‍ കൂടി; തുടര്‍ച്ചയായി അന്വേഷിച്ച അഞ്ചു കേസുകളിലും പ്രതികള്‍ക്ക് ജീവപര്യന്തം കഠിന തടവ്
കോട്ടയം: ഏറ്റുമാനൂര്‍ സി.ഐ എ.ജെ തോമസിന്റെ തൊപ്പിയില്‍ ഒരു പൊന്‍തൂവല്‍ കൂടി. തുടര്‍ച്ചയായി അന്വേഷിച്ച അഞ്ചാമത്തെ കേസിലും പ്രതിയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ. പ്രതികള്‍ക്ക് ജീവപര്യന്തം വാങ്ങിക്കൊടുക്കാന്‍ സഹായകമായത് അദ്ദേഹത്തിന്റെ അന്വേഷണ മികവ് ഒന്നുകൊണ്ടു തന്നെയാണ്. എല്ലാ കേസുകളും തെളിച്ചതാകട്ടെ അദൃശ്യമായ നിര്‍ണ്ണായക തെളിവിലൂടെയാണെന്നതും എടുത്തു പറയേണ്ട മറ്റൊരു വസ്തുതായണ്. കോട്ടയം ഈസ്റ്റ്, വെസ്റ്റ് സി.ഐ ആയി സേവനമനുഷ്ടിക്കുന്ന കാലഘട്ടത്തിലാണ് ഈ കേസുകളിലെല്ലാം അതിസാഹസികമായി അദ്ദേഹം പ്രതികളെ പിടികൂടിയത്.
2015 ഫെബ്രുവരി 26 ന് മെഡിക്കല്‍ കോളേജ് ആശുപത്രിയ്ക്ക് സമീപത്തെ കപ്പക്കാട്ടില്‍ സിന്ധുവെന്ന യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വാഭാവിക മരണമെന്ന് പോലീസ് കരുതിയ കേസില്‍ നിര്‍ണ്ണായകമായത് യുവതിയുടെ ചുണ്ടിന് അടിയിലേറ്റ മുറിവായിരുന്നു. ഈ മുറിവ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവില്‍ യുവതിയുടെ ഒപ്പം താമസിച്ചിരുന്ന ഗോപേഷിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയ്ക്ക് ജീവപര്യന്തം കഠിനതടവും, 25,000 രൂപ പിഴയുമാണ് ശിക്ഷിച്ചത്.
ലൈംഗിക തൊഴിലാളികള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് നഗരമധ്യത്തിലെ കാട് പിടിച്ച പുരയിടത്തില്‍ 2014 ജനുവരി ഒന്നിനാണ് ളാഹ സ്വദേശിയായ ശാലിനിയെ തിരുവനന്തപുരം സ്വദേശിയായ രാധ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയത്. പോലീസിനെ തെറ്റിധരിപ്പിക്കാന്‍ പുരുഷ വേഷം ധരിച്ചെത്തിയ ലൈംഗിക തൊഴിലാളിയായ രാധയെ കുടുക്കിയത് നീളന്‍ മുടിയായിരുന്നു. മുണ്ടും ഷര്‍ട്ടും ധരിച്ചെത്തിയ രാധയുടെ നീളന്‍ മുടിയുടെ കഥ പറഞ്ഞത് ശാലിനിക്കൊപ്പം ആക്രമണമുണ്ടാകുന്ന സമയത്തുണ്ടായിരുന്ന ഇടപാടുകാരനായിരുന്നു. ഈ തുമ്പിന് പിന്നാലെ പോലീസ് കോടതി വരെ എത്തിയപ്പോള്‍ രാധയ്ക്ക് ലഭിച്ചത് ഇരട്ട ജീവപര്യന്തം കഠിനതടവ്. കൊലപാതകത്തിന് ഇരട്ട ജീവപര്യന്തവും, ആസിഡ് ആക്രമണത്തിന് പത്തു വര്‍ഷം കഠിനതടവും 65,000 രൂപ പിഴയുമായിരുന്നു ശിക്ഷ.
നാഗമ്പടം തങ്കമ്മ വധക്കേസില്‍ നിര്‍ണ്ണായമായത് അടുക്കളയില്‍ കഴുകി വച്ചിരുന്ന കപ്പും സോസറുമാണ്. അടുപ്പമുള്ള ബന്ധുക്കള്‍ മാത്രം എത്തുമ്പോഴാണ് തങ്കമ്മ കപ്പിലും സോസറിലും ചായ നല്‍കുന്നതെന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്ന് വീട്ടിലെത്തിയ ആളുകളെപ്പറ്റി അന്വേഷിച്ചപ്പോഴാണ് മോഷണത്തിനായി കൊലപാതകം നടത്തിയ സാജനെ പിടികൂടിയത്. കേസില്‍ സാജന് ജീവപര്യന്തം കഠിനതടവാണ് കോടതി വിധിച്ചത്.
ഏറ്റവും ഒടുവില്‍ കഞ്ഞിക്കുഴിയിലെ ലോഡ്ജില്‍ വെല്‍ഡിംങ് തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയ്ക്ക് കൂടി ജീവപര്യന്തം ശിക്ഷ ലഭിച്ചതോടെ ഇദ്ദേഹം അന്വേഷിച്ച തുടര്‍ച്ചയായ അഞ്ചാമത്തെ കേസിലാണ് ഇപ്പോള്‍ ജീവപര്യന്തം ശിക്ഷാവിധിയുണ്ടാകുന്നത്.