കോഴിക്കോട് : വടകര അഴിയൂരിൽ വിദേശ വനിതക്ക് നായയുടെ കടിയേറ്റു. അഴിയൂരിലെ ഗ്രീൻസ് ആയുർവേദ ഹോസ്പിറ്റലിൽ ചികിത്സയ്ക്കെത്തിയ റഷ്യൻ യുവതിക്കാണ് തെരുവ് പട്ടിയുടെ കടിയേറ്റത്. ഗ്രീൻസ് ആയുർവേദിക്സിൽ ചികിത്സയ്ക്കെത്തിയ റഷ്യക്കാരി ഏക ത്രീന(40) ക്കാണ് സാരമായി പരിക്കേറ്റത്.
ഇവരെ മാഹി ഗവ: ആശുപത്രിയിലും പിന്നീട് തലശ്ശേരി ഗവ: ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അഴിയൂരിലെ കടലോരത്തെ മണൽ പരപ്പിലൂടെ നടക്കുമ്പോഴാണ് പട്ടിയുടെ ആക്രമണത്തിനിരയായത്. നിരന്തരം തെരുവു നായ ആക്രമണങ്ങൾ പ്രദേശത്തുനിന്ന് റിപ്പോർട്ട് ചെയ്യുന്നതായി നാട്ടുകാർ ആരോപിക്കുന്നു.
അതേസമയം, കോഴിക്കോട് കൂരാച്ചുണ്ടിൽ സ്കൂൾ വിദ്യാർഥികൾക്ക് നേരെ തെരുവുനായ ആക്രമണം. പരിക്കേറ്റ കുട്ടികയെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഒരു കുട്ടിക്ക് പരുക്കേറ്റു. രണ്ട് തെരുവുനായകൾ ചേർന്ന് വിദ്യാർത്ഥികളെ ആക്രമിക്കുകയായിരുന്നു. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദിവസങ്ങൾക്ക് മുമ്പ് കൊണ്ടോട്ടിയിൽ തെരുവുനായ ആക്രമണത്തിൽ മൂന്ന് വയസ്സുകാരി ഉൾപ്പടെ ഒൻപത് പേർക്ക് പരിക്കേറ്റിരുന്നു. കൊണ്ടോട്ടി മേലങ്ങാടി ഭാഗത്തുവച്ചാണ് തെരുവ് നായ നാട്ടുകാരെ ആക്രമിച്ചത്. വീട്ടിലിരിക്കുന്നവരെയും റോഡിലൂടെ നടന്നു പോകുന്നവരെയും വരെ തെരുവുനായ കടിച്ചുപറിച്ചു.
വീട്ട് മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്നുവയസ്സുകാരിയെയും നായ ആക്രമിച്ചു. ഇതോടെ നഗരസഭാ അധികൃതർ താലൂക്ക് ദുരന്തനിവാരണ സേനയായ ടിഡിആർഎഫ് വളണ്ടിയർമാരുടെ സഹായം തേടി. എന്നാൽ വീണ്ടുമെത്തിയ നായയെ ഒരാൾ കുരുക്കിട്ട് പിടികൂടി. പിന്നീട് നായയെ മൃഗാശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.