മൂന്നു പതിറ്റാണ്ട് നീണ്ട വിവാഹ ബന്ധം ഉപേക്ഷിച്ചു, പിന്നാലെ ഡേറ്റിംഗ് ആപ്പിൽ പ്രണയം തേടി; ഓസ്ട്രേലിയൻ യുവതിക്ക് നഷ്ടപ്പെട്ടത് സമ്പാദ്യവും കിടപ്പാടവും

പെര്‍ത്ത്: ഡേറ്റിംഗ് ആപ്പ് വഴി നടത്തിയ തട്ടിപ്പിൽ ഓസ്ട്രേലിയയിലെ പെർത്തിൽ നിന്നുള്ള 57 -കാരിക്ക് 4.3 കോടി രൂപ നഷ്ടമായി. താമസിക്കാൻ സ്വന്തമായി കിടപ്പാടം പോലും ഇല്ലാത്ത അവസ്ഥയിലാണ് ഇവർ ഇപ്പോഴെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ആനെറ്റ് ഫോർഡ് എന്ന സ്ത്രീയാണ് തട്ടിപ്പിനിരയായത്. സമ്പാദ്യവും കിടപ്പാടവും നഷ്ടപ്പെട്ടതോടെ താമസ സ്ഥലത്തിനായി ഇപ്പോൾ മറ്റുള്ളവരിൽ നിന്നും സഹായം തേടുകയാണ് ഇവർ.
2018 -ലാണ് ഇവരുടെ 33 വർഷം നീണ്ടുനിന്ന ദാമ്പത്യം അവസാനിക്കുന്നത്. തുടർന്നാണ് ആനെറ്റ് തനിക്ക് പറ്റിയ പങ്കാളികളെ തേടി ഡേറ്റിംഗ് ആപ്പിൽ അന്വേഷണം ആരംഭിച്ചത്. ‘പ്ലെന്‍റി ഓഫ് ഫിഷ്’ എന്ന ഡേറ്റിംഗ് സൈറ്റ് വഴിയായിരുന്നു അന്വേഷണം. ഒടുവിൽ, ഡേറ്റിംഗ് ആപ്പിൽ വില്യം എന്ന പേരിൽ പരിചയപ്പെട്ട ഒരു മനുഷ്യനുമായി സൗഹൃദത്തിലായി. മാസങ്ങൾ നീണ്ട സൗഹൃദത്തിനോടുവിൽ വില്യം ആനെറ്റിന്‍റെ വിശ്വാസം നേടിയെടുത്തു.
ഒരു ദിവസം മലേഷ്യയിലെ ക്വാലാലംപൂരിൽ വെച്ച് തന്‍റെ വാലറ്റ് മോഷ്ടിക്കപ്പെട്ടതിനാൽ വളരെ അത്യാവശ്യമായി തനിക്ക് 2,75,000 രൂപ (5,000 ഡോളർ) ആവശ്യമാണെന്ന് വില്യം, ആനെറ്റിനെ അറിയിച്ചു. അവർ അത് വിശ്വസിക്കുകയും പണം നൽകുകയും ചെയ്തു. പിന്നീട് അത് പതിവായതോടെ താൻ കബളിപ്പിക്കപ്പെടുകയാണോ എന്ന് ആനെറ്റിന് സംശയം തോന്നി. പക്ഷേ, അപ്പോഴേക്കും അവളുടെ സമ്പാദ്യത്തിന്‍റെ വലിയൊരു ഭാഗം തീർന്നിരുന്നു. തുടർന്ന് ഓസ്ട്രേലിയൻ ഫെഡറൽ പോലീസിൽ ഇവർ പരാതി നൽകിയെങ്കിലും പ്രത്യേകിച്ച് കാര്യമൊന്നും ഉണ്ടായില്ലെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
നാല് വർഷത്തിന് ശേഷം, ആനെറ്റ് വീണ്ടും ഒരു തട്ടിപ്പിന് കൂടി ഇരിയായി. ഇത്തവണ കള്ളൻ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട നെൽസൺ എന്ന വ്യക്തിയായിരുന്നു. തനിക്ക് ആംസ്റ്റർഡാമിൽ പരിചയമുണ്ടെന്നും ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനിൽ (എഫ്ബിഐ) ഒരു സുഹൃത്ത് ഉണ്ടെന്നും നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിൽ സഹായിക്കാമെന്നുമായിരുന്നു ഇയാൾ ആനെറ്റിനെ വിശ്വസിപ്പിച്ചത്.
അന്വേഷണത്തിന്‍റെ ചെലവിലേക്കായി 2500 ഡോളർ നെൽസൺ ആവശ്യപ്പെട്ടു. എന്നാൽ തട്ടിപ്പ് ഭയന്ന ആനെറ്റ് പണം നല്‍കാന്‍ വിസമ്മതിച്ചു. അപ്പോൾ നെൽസൺ ചെറിയൊരു തുക ആനെറ്റിന് അയച്ച് കൊടുക്കുകയും അത് ബിറ്റ്കോയിനിൽ നിക്ഷേപിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതിനായി ഒരു ലിങ്കും അയച്ച് നല്‍കി. ഇത് വിശ്വസിച്ച ആനെറ്റ് ലിങ്കില്‍ ക്ലിക്ക് ചെയ്തതും ആനെറ്റിന്‍റെ ബാങ്ക് അക്കൌണ്ടില്‍ നിന്നും പണം മറ്റൊരു അക്കൌണ്ടിലേക്ക് ഒഴുകി.
പക്ഷേ, ആ സത്യം അവർ തിരിച്ചറിഞ്ഞപ്പോഴേക്കും ആദ്യ തട്ടിപ്പിന് ശേഷം ബാങ്ക് അക്കൗണ്ടിൽ അവശേഷിച്ചിരുന്ന 1.8 കോടി രൂപയും നഷ്ടപ്പെട്ടിരുന്നു. ഇപ്പോൾ എല്ലാം നഷ്ടപ്പെട്ട്, സ്വന്തമായൊരു കിടപ്പാടത്തിനായി അലയുമ്പോഴും ഇത്തരം തട്ടിപ്പുകൾക്ക് ഇരയാകരുതെന്ന് എല്ലാവരോടും അപേക്ഷിക്കുകയാണ് ആനെറ്റ്.