ന്യൂഡല്‍ഹി:കാലുകൊണ്ടു തുറക്കാവുന്ന ടാപ്പും ചെമ്പ് പൂശിയ പിടികളുമായി കോവിഡ് അനന്തര ട്രെയിന്‍ കോച്ചുകള്‍ വരുന്നു. കപൂര്‍ത്തലയിലെ റെയില്‍വേ കോച്ച് ഫാക്ടറിയിലാണ് ഇവയുടെ നിര്‍മാണം. പുതിയ രീതിയിലുള്ള റെയില്‍വേ കോച്ചുകളുടെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ റെയില്‍വേ മന്ത്രി പിയുഷ് ഗോയല്‍ പങ്കുവച്ചു. വാഷ് ബേസിനുകളിലും കക്കൂസിലും സീറ്റുകളിലും ബെര്‍ത്തുകളിലും ലഘുഭക്ഷണം വയ്ക്കാനുള്ള മേശകളിലും ഗ്ലാസ് വാതിലുകളിലും തറയിലും പ്രത്യേക നാനോ സ്ട്രക്ചേഡ് ടൈറ്റാനിയം ഡൈയോക്സൈഡ് പൂശിയിരിക്കുന്നു.
മനുഷ്യ സ്പര്ശമേല്ക്കാവുന്ന ഇടങ്ങളിലെല്ലാം ഈ കോട്ടിങ് ചെയ്തിട്ടുണ്ടെന്നു റെയില്‍വേ പറയുന്നു. എയര്‍ കണ്ടീഷനുള്ളതും അല്ലാത്തതുമായ രണ്ട് കോച്ചുകളുടെ ദൃശ്യങ്ങളാണ് മന്ത്രി പുറത്തു വിട്ടത്. പുതിയ കോച്ചിലെ പൈപ്പുകള്‍ തുറക്കാന്‍ ഇനി കൈവേണ്ട, കാലുകൊണ്ട് ചവിട്ടിയാല്‍ മതി. സോപ്പ് ഡിസ്പെന്‍സറുകളും കക്കൂസിന്റെ വാതിലും ഫ്ളഷും വാതിലിന്റെ പൂട്ടും കാലുകൊണ്ടു തുറക്കാം.
കൈപ്പിടികളിലും വാതിലിന്റേയും ജനലിന്റേയും പാളികളിലും ചെമ്പ് പൂശിയിരിക്കുന്നു. ചെമ്പ് പ്രതലത്തില്‍ വൈറസിന് അധികനേരം നില്ക്കാനാവില്ലെന്ന കാരണത്താലാണിത്. പ്ലാസ്മാ വായു ശുദ്ധീകരണം, ടൈറ്റാനിയം ഡൈഓക്സൈഡ് പൂശിയ പ്രതലങ്ങള്‍ എന്നിവയാണ് ഭാവിയിലെ ട്രെയിനുകളിലുണ്ടാകുക.