ക്രിപ്റ്റോ കറൻസിയിലും ഓൺലൈൻ ബെറ്റിങ്ങിലും തട്ടിപ്പ് ; നടി തമന്ന ഭാട്ടിയയെ ഇഡി ചോദ്യം ചെയ്തു
ന്യൂഡൽഹി : ഓൺലൈൻ ബെറ്റിംഗ് കേസുമായി ബന്ധപ്പെട്ട് നടി തമന്ന ഭാട്ടിയയെ ചോദ്യം ചെയ്ത് ഇഡി. നടിക്കെതിരായ അന്വേഷണം നടക്കുന്ന ക്രിപ്റ്റോ കറൻസി കേസിലായിരുന്നു ചോദ്യം ചെയ്യൽ. 5 മണിക്കൂറോളം സമയമാണ് ഇഡി തമന്നയെ ചോദ്യം ചെയ്തത്. ഓൺലൈൻ ആപ്പായ HPZ ടോക്കൺ ആപ്പിന്റെ അനുബന്ധ ആപ്ലിക്കേഷനായ ഫെയര്‍പ്ലേ ആപ്പ് വഴി ഐപിഎല്‍ മത്സരങ്ങള്‍ കാണാന്‍ പ്രൊമോഷന്‍ നടത്തിയെന്നാണ് നടി തമന്നക്കെതിരായ ആരോപണം.
ഗുവാഹാത്തിയിലെ ഇഡി ഓഫീസിൽ വെച്ചായിരുന്നു നടിയെ ചോദ്യം ചെയ്തത്. അമ്മയോടൊപ്പമാണ് തമന്ന ചോദ്യം ചെയ്യലിനായി ഹാജരായത് . ഐപിഎല്‍ മത്സരങ്ങള്‍ അനധികൃതമായി തത്സമയം സംപ്രേഷണം ചെയ്തതായി ഫെയര്‍പ്ലേ ബെറ്റിങ് ആപ്പിനെതിരെ നേരത്തെ പരാതിയുണ്ടായിരുന്നു.
57,000 രൂപയുടെ പ്രാരംഭ നിക്ഷേപത്തിൽ പ്രതിദിന വരുമാനം 4,000 രൂപ വാഗ്ദാനം ചെയ്ത് നിക്ഷേപകരെ കബളിപ്പിച്ചാണ് HPZ ആപ്പ് തട്ടിപ്പ് നടത്തിയത്. കള്ളപ്പണം വെളുപ്പിക്കാൻ ഷെൽ കമ്പനികളുടെ പേരിലുള്ള വ്യാജ ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ചായിരുന്നു പണം വെളുപ്പിച്ചത്, തുടർന്ന് ക്രിപ്‌റ്റോകറൻസികളിലും മഹാദേവ് പോലുള്ള വാതുവെപ്പ് ആപ്പുകളിലും നിക്ഷേപിച്ചു.
ഈ തട്ടിപ്പുമായി ബന്ധപ്പെട്ട് 497.20 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടിയിട്ടുണ്ട്. ഇത് രണ്ടാം തവണയാണ് ഇഡി തമന്ന ഭാട്ടിയയെ ചോദ്യം ചെയ്യുന്നത്. മുൻപ് മഹാദേവ് വാതുവെപ്പ് ആപ്പുമായുള്ള ബന്ധത്തിൻ്റെ പേരിലും തമന്നയെ ചോദ്യം ചെയ്തിരുന്നു.