‘ഒരുപാട് ആലോചിച്ചെടുത്ത തീരുമാനം’15 വർഷത്തെ ദാമ്പത്യബന്ധം അവസാനിപ്പിച്ച് ജയം രവി
ചെന്നൈ:15 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ വേര്‍പിരിയാന്‍ തീരുമാനിച്ച് തമിഴ് നടന്‍ ജയം രവിയും ഭാര്യ ആരതിയും. എക്‌സില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ജയം രവി വിവാഹമോചന വാര്‍ത്ത ഔദ്യോഗികമായി അറിയിച്ചത്. ഏറെ നാളായി ഇരുവരും തമ്മില്‍ അകന്നു കഴിയുകയായിരുന്നു.
‘ഒരുപാട് ആലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം ആരതിയുമായുള്ള വിവാഹബന്ധം അവസാനിപ്പിക്കുക എന്ന ബുദ്ധിമുട്ടേറിയ തീരുമാനമെടുക്കുകയാണ്. ഇത് പെട്ടെന്നുണ്ടുന്നുണ്ടായതല്ല. വ്യക്തിപരമായ കാരണങ്ങളാണ് ഈ തീരുമാനത്തിന് പിന്നില്‍. എല്ലാവരുടേയും നല്ലതിനുവേണ്ടിയാണിത്.
ഈ പ്രതിസന്ധി സമയത്ത് ഞങ്ങളുടേയും കുടുംബാംഗങ്ങളുടേയും സ്വകാര്യത മാനിക്കണമെന്ന് വിനീതമായി അഭ്യര്‍ഥിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങളും അനുമാനങ്ങളും ആരോപണങ്ങളും പ്രചരിപ്പിക്കരുത്. ഈ തീരുമാനം ഞങ്ങളുടെ സ്വകാര്യ വിഷയമായി പരിഗണിക്കണമെന്ന് അഭ്യര്‍ഥിക്കുകയാണ്.’-എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ ജയം രവി വ്യക്തമാക്കുന്നു.
തന്റെ മുന്‍ഗണന എപ്പോഴും അഭിനയത്തിനായിരിക്കുമെന്നും എപ്പോഴും ആരാധകരുടെ പ്രിയപ്പെട്ട ജയം രവിയായി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. നേരത്തെ ജയം രവിക്കൊപ്പമുള്ള ചിത്രങ്ങള്‍ ആരതി ഇന്‍സ്റ്റഗ്രാമില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
2009-ലാണ് നിര്‍മാതാവായ സുജാത വിജയകുമാറിന്റെ മകളായ ആരതിയും ജയം രവിയും വിവാഹിതരാകുന്നത്. തമിഴ് സിനിമയില്‍ മുന്‍നിര നടനായി ജയം രവി നിറഞ്ഞു നില്‍ക്കുന്ന സമയത്തായിരുന്നു വിവാഹം. ഇവര്‍ക്ക് രണ്ട് ആണ്‍മക്കളുണ്ട്.