NationalNews

‘ഗുണ്ടായിസം നടത്തുന്ന മീൻ കഴിക്കുന്ന തേജസ്വി സൂര്യ’ സ്വന്തം പാർട്ടി സ്ഥാനാർത്ഥിയെ പരിഹസിച്ച് കങ്കണ

ന്യൂഡൽഹി: ആളുമാറി സ്വന്തം പാർ‌ട്ടി സ്ഥാനാർത്ഥിയെ പരിഹസിച്ച് പുലിവാല് പിടിച്ച് ബിജെപി സ്ഥാനാർത്ഥിയും ബോളിവുഡ് താരവുമായ കങ്കണ റണൗട്ട്. ഹിമാചലിലെ മാണ്ഡിയിലെ ബിജെപി സ്ഥാനാർത്ഥിയായ താരം തേജസ്വി യാദവിന് പകരം തേജസ്വി സൂര്യയെക്കുറിച്ച് പറഞ്ഞതാണ് ഇപ്പോൾ വാർത്തയായത്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുൽ ഗാന്ധിയെയും ആർ‌ജെ‌ഡി നേതാവ് തേജസ്വി യാദവിനെയുമാണ് കങ്കണ രൂക്ഷമായി വിമർശിച്ചത്. നടി പക്ഷെ പറഞ്ഞത് തേജസ്വി സൂര്യയുടെ പേരാണ്. തോറ്റുപോയ രാജകുമാരന്മാരുടെ പാർട്ടി എന്ന് കോൺഗ്രസിനെ കളിയാക്കിയ ശേഷം കങ്കണ രൂക്ഷമായി രാഹുലിനെ വിമർശിച്ചു. പിന്നീട് ഗുണ്ടായിസം നടത്തുന്ന മീൻ കഴിക്കുന്ന തേജസ്വി സൂര്യ എന്ന് കങ്കണ പറഞ്ഞു.

തേജസ്വി യാദവ് മീൻ കഴിക്കുന്ന വീഡിയോ നേരത്തെ പ്രചരിച്ചിരുന്നു. ഇതിന്റെ പേരിൽ ബിജെപിയും ആർ‌ജെഡിയും തമ്മിൽ തർക്കവും ഉണ്ടായി. ബിഹാർ മുൻ ഉപ മുഖ്യമന്ത്രിയാണ് തേജസ്വി യാദവ്. ബംഗളൂരു സൗത്ത് മണ്ഡലത്തിലെ സ്ഥാനാർത്ഥിയാണ് തേജസ്വി സൂര്യ. കങ്കണയുടെ വിമർശനത്തോട് ‘ഈ മാഡം ഏതാണ്?’ എന്നാണ് തേജസ്വി യാദവ് പ്രതികരിച്ചത്.

കങ്കണ ആദ്യം സ്വന്തം പാർട്ടി നേതാക്കളെ കുറിച്ച് മനസിലാക്കിയ ശേഷം പ്രതികരിക്കണമെന്ന് കോൺഗ്രസും വിമർശിച്ചു. സ്വാതന്ത്ര്യസമര സേനാനിയും പ്രഥമ പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്രുവിന്റെ പിതാവുമായ മോത്തിലാൽ നെഹ്രുവിനെ അംബാനിയോട് ഉപമിച്ച് പ്രസംഗിച്ചതിന് കഴിഞ്ഞദിവസം കോൺഗ്രസ് കങ്കണയെ കുറ്റപ്പെടുത്തിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button