യു.ഡി.എഫില്‍ ചോര്‍ച്ച,ഇടത് അംഗങ്ങളും ബിജെപിയും വിട്ടുനിന്നു; കൊച്ചി കോർപറേഷനിൽ അവിശ്വാസനീക്കത്തില്‍ നാണംകെട്ട് പ്രതിപക്ഷം
കൊച്ചി: മേയർ അനിൽകുമാറിനെതിരെ കോർപറേഷനിലെ യുഡിഎഫ് അംഗങ്ങൾ കൊണ്ടുവന്ന അവിശ്വാസ പ്രമേയം അവതരിപ്പിക്കാനായില്ല. കോർപറേഷനിലെ ബിജെപി, സിപിഎം അംഗങ്ങളുടെ അസാന്നിധ്യത്തിൽ ക്വോറം തികയാതെ വന്നതാണ് കാരണം. യുഡിഎഫിന്റെ 28 അംഗങ്ങൾ കൗൺസിൽ യോഗത്തിന് എത്തിയിരുന്നു. വാരണാധികാരിയായ ജില്ലാ കളക്ടറും ഇന്ന് കോർപറേഷനിലെത്തിയിരുന്നു.
അവിശ്വാസം പരിഗണിക്കാൻ 37 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടിയിരുന്നത്. ബിജെപി കൗൺസിലർമാരും എൽഡിഎഫ് കൗൺസിലർമാരും യോഗത്തിൽ പങ്കെടുത്തില്ല. 74 അംഗ കൗൺസിലിൽ 37 പേരുടെയെങ്കിലും സാന്നിധ്യത്തിൽ മാത്രമേ അവിശ്വാസ പ്രമേയം ചർച്ചയ്ക്ക് എടുക്കുമായിരുന്നുള്ളൂ. ബിജെപി-എൽഡിഎഫ് കൂട്ടുകെട്ടാണ് അവിശ്വാസം പരാജയപ്പെടാൻ കാരണമെന്ന് പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ വിമർശിച്ചു.
ബ്രഹ്മപുരം അഴിമതിയും തീപ്പിടിത്തം കൈകാര്യം ചെയ്തതിലെ വീഴ്ച്ചയും ചൂണ്ടിക്കാണിച്ചാണ് യുഡിഎഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. 74 അംഗ ഭരണസമിതിയിൽ പകുതി അംഗങ്ങളെങ്കിലും പിന്തുണച്ചാലേ അവിശ്വാസം ചർച്ചയ്ക്ക് എടുക്കൂവെന്ന് നേരത്തെ തന്നെ വ്യക്തമായതാണ്.
മൂന്ന് സ്വതന്ത്രരടക്കം 37 കൗൺസിലര്‍മാരുടെ പിന്തുണയിലാണ് കോർപറേഷനിലെ എൽഡിഎഫ് ഭരണം. യുഡിഎഫിന് 32 അംഗങ്ങളാണുള്ളത്. ബിജെപിക്ക് അഞ്ച് കൗൺസിലർമാരും നഗരസഭയിലുണ്ട്. ബിജെപി പിന്തുണച്ചാലേ യുഡിഎഫിന് അവിശ്വസ പ്രമേയം ചർച്ചയ്ക്ക് എടുക്കാനാകൂ എന്ന നിലയായിരുന്നു. എന്നാൽ യുഡിഎഫിൽ നിന്ന് പോലും മുഴുവൻ അംഗങ്ങളും ഇന്ന് എത്തിയിരുന്നില്ല.