KeralaNews

‘ഉമ്മൻ ചാണ്ടി എല്ലാ ഘട്ടത്തിലും മനുഷ്യത്വപരമായ നിലപാടെടുത്തയാൾ’; വിതുമ്പി മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രിയും കോൺ​ഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിക്ക് അന്തിമോപചാരമർപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ദർബാർ ഹാളിലെത്തി. കണ്ണീരോടെയാണ് മുഖ്യമന്ത്രി തന്റെ ‘രാഷ്‍ട്രീയ എതിരാളി’യുടെ മൃതദേഹം ഒരു നോക്ക് കാണാനെത്തിയത്.

എല്ലാ ഘട്ടത്തിലും മനുഷ്യത്വപരമായ നിലപാടെടുത്ത നേതാവാണ് ഉമ്മൻചാണ്ടിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയായപ്പോഴും തന്റെ കര്‍ത്തവ്യം ഭം​ഗിയായ നിർവ്വഹിച്ചു. അദ്ദേഹത്തിന്റെ നിര്യാണത്തിലൂടെ ഒരു അധ്യായമാണ് അടഞ്ഞതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനങ്ങളിലൂടെ ഉയര്‍ന്നുവന്ന നേതാവാണ് ഉമ്മന്‍ ചാണ്ടി. വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്ത മന്ത്രിയെന്ന അനുഭവവും, രണ്ടു തവണ മുഖ്യമന്ത്രിയായപ്പോഴും ഭരണരംഗത്ത് തന്റെ പാടവം തെളിയിക്കുന്നതിന് അദ്ദേഹത്തിന് സാധിച്ചു. കേരളത്തിലെ സജീവ രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നു അദ്ദേഹം. വിദ്യാര്‍ത്ഥി യുവജന നേതാവെന്ന നിലയ്ക്കുളള വീറും വാശിയും അവസാനം വരെ നിലനിര്‍ത്താനും പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാഷ്ട്രീയമായി ഞങ്ങള്‍ രണ്ടു പാര്‍ട്ടിയിലാണെങ്കിലും നല്ല സൗഹൃദം പുലര്‍ത്താന്‍ സാധിച്ചിട്ടുണ്ട്. സൗഹൃദം കാത്തുസൂക്ഷിക്കുന്നയാളാണ് ഉമ്മന്‍ ചാണ്ടി. കോണ്‍ഗ്രസിന്റെ അനിഷേധ്യനായ നേതാവാണ് അദ്ദേഹം. കേരളത്തിന് ഇത് തീരാ നഷ്ടമാണ് ഒപ്പം കോൺ​ഗ്രസിനിത് നികത്താനാകാത്ത നഷ്ടവുമാണ്. ഉമ്മൻചാണ്ടിയുടെ നിര്യാണത്തില്‍ കുടുംബത്തോടൊപ്പം ദുഃഖത്തിൽ ചേരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button