KeralaNews

തീരാ നോവുമായി ബോട്ടപകടം:അമ്മയും മക്കളുമടക്കം ഒരു കുടുംബത്തിലെ നാല് പേർക്ക് ജീവൻ നഷ്ടമായി

മലപ്പുറം : താനൂർ ബോട്ടപകടത്തിൽ ജീവൻ പൊലിഞ്ഞ ഇരുപത്തിരണ്ട് പേരിൽ അമ്മയും മക്കളുമടക്കം ഒരു കുടുംബത്തിലെ നാല് പേരും. മലപ്പുറം ചെട്ടിപ്പടിയിൽ വെട്ടികുത്തി വീട്ടിൽ ആയിഷാബി (38 ), ഇവരുടെ മക്കളായ ആദില ഷെറിൻ (13), അർഷാൻ (3) അദ്നാൻ (10) എന്നിവരാണ് മരിച്ചത്.

ഇവരുടെ മറ്റൊരു മകൻ സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ആയിഷാബിയുടെ അമ്മ സീനത്തും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. അമ്മയും മക്കളുമടങ്ങിയ ആറ് പേരടങ്ങുന്ന സംഘമായിരുന്നു വിനോദയാത്രക്കായി താനൂരിലേക്ക് പോയത്.

തൊട്ടടുത്തുള്ള വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു അയിഷാബീ. വളരെ അധ്വാനിച്ച് സ്വന്തം നിലയിൽ കുടുംബം മുന്നോട്ട് നയിച്ച അയിഷാബിയുടെയും കുടുംബത്തിന്റെയും ദാരുണ മരണം നാട്ടുകാർക്ക് ആർക്കും ഇനിയും വിശ്വസിക്കാൻ സാധിച്ചിട്ടില്ല. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം രാവിലെ നാട്ടിലേക്ക് എത്തിച്ചു. ആനപ്പടി ഗവ. എൽ.പി സ്കൂളിൽ പൊതുദർശനം തുടരുകയാണ്. നൂറുകണക്കിന് പേരാണ് പൊതുദർശനത്തിൽ പങ്കെടുക്കാൻ ആനപ്പടി സ്കൂളിലേക്ക് എത്തുന്നത്.  

താനൂർ വിനോദയാത്രാ ബോട്ട് അപകടത്തിൽപ്പെട്ട് മരിച്ച ഇരുപത്തിരണ്ട് പേരിൽ ഒമ്പത് പേർ ഒരു കുടുംബത്തിലെ അംഗങ്ങൾ. പരപ്പനങ്ങാടി കുന്നുമ്മൽ വീട്ടിൽ സെയ്തവലിയുടേയും സഹോദരൻ സിറാജിന്റെയും ഭാര്യമാരും മക്കളുമടക്കം ഒമ്പത് പേരാണ് മരിച്ചത്.

സൈതലവിയുടെ ഭാര്യ സീനത്ത് (43) മക്കളായ ഹസ്ന ( 18 ), ഷഫല (13) ഷംന(12), ഫിദ ദിൽന (7) സഹോദരൻ സിറാജിന്റെ ഭാര്യ റസീന ( 27 ) മക്കളായ സഹറ, (8) നൈറ (7), ഒന്നര വയസുകാരി റുഷ്ദ എന്നിവരാണ് മരിച്ചത്. കുഞ്ഞുങ്ങൾ ഒന്നിച്ച് കളിച്ച് വളർന്ന വീട്ടിലേക്ക് ഒമ്പത് പേരുടെയും മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിന് ശേഷം കൊണ്ടുവരും. മരണവാർത്തയറിഞ്ഞ് കണ്ണീർ വാർക്കുകയാണ് കുടുംബാംഗങ്ങളും ബന്ധുക്കളും നാട്ടുകാരും. ഈ കുടുംബത്തോട് ചേർന്ന് നിൽക്കുന്ന അകന്ന ബന്ധുക്കൾ കൂടിയായ മറ്റൊരു മൂന്ന് പേരും ബോട്ടപകടത്തിൽ മരിച്ചിട്ടുണ്ട്. 

കുടുംബത്തിലുള്ളവരെന്ന് അറിഞ്ഞത് ആശുപത്രിയിൽ എത്തിച്ചപ്പോഴാണെന്ന് രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായ ഷാഹുൽഒമ്പത് പേർ മരിച്ച കുടുംബത്തിന്റെ ബന്ധുക്കളായ മൂന്ന് പേർ കൂടി അപകടത്തിൽ മരിച്ചതായും  രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായ ബന്ധുകൂടിയായ ഷാഹുൽ ഹമീദ് പറഞ്ഞു. 

രക്ഷാപ്രവർത്തകർ ഓട്ടോയിൽ കയറ്റിയ കുട്ടികളെ താനാണ് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിക്കഴിഞ്ഞപ്പോഴാണ് സഹോദരിയുടെ മക്കളാണ് മരിച്ചതെന്ന് മനസിലായത്. മൂന്ന് കുട്ടികളും ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. പരപ്പരങ്ങാടിയിൽ താമസിക്കുന്ന ഇവർ ഒട്ടുമ്പുറത്തേക്ക് ബോട്ടിൽ വന്നതായിരുന്നുവെന്നും ഷാഹുൽ ഹമീദ് വിശദീകരിച്ചു. ഓട്ടോറിക്ഷ ഓടിക്കുന്ന ഷാഹുൽ ഹമീദ് അപകടവിവരമറിഞ്ഞായിരുന്നു സ്ഥലത്തേക്കെത്തിയത്.  

ഞായറാഴ്ച ദിവസമായതിനാൽ കൂടുതൽ പേർ ബോട്ടിൽ ഉല്ലാസയാത്രക്കായി എത്തിയിരുന്നുവെന്നതാണ് കൂടുതൽ ദുരന്തമായത്. വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ള പത്തിൽ ഏഴ് പേരുടെയും നില ഗുരുതരമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button