അഞ്ച് കോടി രൂപ ഒന്നാം സമ്മാനം അടിച്ച ലോട്ടറി ടിക്കറ്റ് മോഷ്ടിച്ചെന്ന് പരാതി; തളിപ്പറമ്പ് പോലീസ് അന്വേഷണം ആരംഭിച്ചു

കണ്ണൂര്‍: അഞ്ച് കോടി രൂപ ഒന്നാം സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റ് മോഷണം പോയതായി പരാതി. കോഴിക്കോട് സ്വദേശി മുനിയനാണു പരാതിയുമായി തളിപ്പറമ്പ് പോലീസിനെ സമീപിച്ചിരിക്കുന്നത്. മണ്‍സൂണ്‍ ബംപറിന്റെ ഒന്നാം സമ്മാനമായ അഞ്ച് കോടി രൂപ അടിച്ച ലോട്ടറി ടിക്കറ്റ് പറശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തില്‍ വച്ച് മോഷണം പോയെന്നാണു പരാതി.

തനിക്ക് സമ്മാനം ലഭിച്ച ടിക്കറ്റുമായി മറ്റൊരാള്‍ ഒന്നാം സമ്മാനം നേടിയെടുക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും സമ്മാനം ലഭിച്ച ടിക്കറ്റ് ഇയാള്‍ കണ്ണൂര്‍ പുതിയതെരുവിലെ കാനറ ബാങ്കില്‍ ഏല്‍പിച്ചെന്നും പരാതിയില്‍ മുനിയന്‍ പറയുന്നു. സംഭവത്തില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കണ്ണൂര്‍ പറശിനിക്കടവ് സ്വദേശിയായ അജിതനാണ് മണ്‍സൂണ്‍ ബംപര്‍ ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് ബാങ്കില്‍ ഹാജരാക്കിയത്. കഴിഞ്ഞ ജൂലൈ 20-നാണ് മണ്‍സൂണ്‍ ബംപറിന്റെ നറുക്കെടുപ്പ് നടന്നത്.