ഊന്നുകല്ല്: 15 വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഓർത്തഡോക്സ് സഭ വൈദികനെതിരെ പോക്സോ കേസ്. മൂവാറ്റുപുഴ ഊന്നുകൽ പൊലീസ് ആണ് കേസെടുത്തത്. കേസെടുത്തതിന് പിന്നാലെ വൈദികനെ ചുമതലയിൽ നിന്നും സഭ നീക്കി. പരാതിയിൽ അന്വേഷണം തുടരുകയാണെന്നും പെൺകുട്ടിയെ തിരിച്ചറിയും എന്നതിനാൽ പ്രതിയുടെ പേര് ഇപ്പോൾ വെളിപ്പെടുത്താൻ ആകില്ലെന്നുമാണ് പൊലീസ് കേസിനേക്കുറിച്ച് വിശദമാക്കുന്നത്.
2021 ജൂലൈ മാസം ആലുവയിൽ നാല് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച വൈദികനെതിരെ പൊലീസ് കേസെടുത്തിരുന്നു. മരട് പള്ളിയിലെ വികാരിയും വരാപ്പുഴ സ്വദേശിയുമായ ഫാ. സിബിയ്ക്ക് എതിരെയാണ് പോക്സോ നിയമപ്രകാരം ആലുവ എടത്തല പൊലീസ് കേസെടുത്തത്. നാലുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് കുട്ടിയുടെ പിതാവാണ് പൊലീസില്‍ പരാതി നല്‍കിയത്. കുട്ടിയുമായി വൈദികന്‍ അടുപ്പം കാണിച്ചിരുന്നുവെന്ന് പിതാവ് പരാതിയില്‍ ആരോപിച്ചിരുന്നു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയില്‍ ഡോക്ടർ അറസ്റ്റിലായത് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ്. കോഴിക്കോട് നഗരത്തിലെ മുതിർന്ന ശിശുരോഗ വിദഗ്ധനായ ഡോ.സി എം അബൂബക്കർ (78) നെയാണ് പോക്സോ കേസ് ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. ചാലപ്പുറത്തുഴ ഡോക്‌ടേഴ്‌സ് ക്ലിനിക്കിൽ ഏപ്രിൽ 11, 17 തീയതികളിലാണ് കേസിന് ആസ്പദമായ സംഭവങ്ങൾ നടന്നത്.
ചികിത്സയ്ക്കെത്തിയ അസുഖ ബാധിതയായ 15 കാരിയോട് ഡോക്ടർ ലൈംഗിക അതിക്രമം നടത്തിയെന്നാണ് പരാതി. ഡോക്ടറുടെ പെരുമാറ്റത്തില്‍ മാനസികമായ തകർന്ന പെണ്‍കുട്ടി വീട്ടുക്കാരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു.
വർക്കലയിൽ ചികിത്സയ്ക്കെത്തിയ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ഡോക്ടര്‍ക്കെതിരെ പൊലീസ് കേസെടുത്തത് ഏപ്രില്‍ ആദ്യവാരമാണ്. ആറ്റിങ്ങൽ സ്വദേശിയായ പതിനേഴുകാരിക്ക് നേരെ അതിക്രമം നടത്തിയെന് പരാതിയിൽ പുത്തൻചന്ത സ്വദേശി പി സുരേഷ് കുമാറിനെതിരെയാണ് കേസെടുത്തത്.