KeralaNews

അന്വേഷണ റിപ്പോർട്ടുകളോ അന്വേഷണ വിവരങ്ങളോ വിവരാവകാശ നിയമ പ്രകാരം കൈമാറാൻ സിബിഐക്ക് ബാധ്യത ഇല്ലെന്ന് ഹൈക്കോടതി

കൊച്ചി : സ്വകാര്യ ആവശ്യങ്ങൾക്കായി അന്വേഷണ റിപ്പോർട്ടുകളോ അന്വേഷണ വിവരങ്ങളോ വിവരാവകാശ നിയമ പ്രകാരം കൈമാറാൻ സിബിഐക്ക് ബാധ്യത ഇല്ലെന്ന് ഹൈക്കോടതി. സി.ബി.ഐ അടക്കമുള്ള അന്വേഷണ ഏജൻസികളെ വിവരാവകാശ നിയമത്തിന്‍റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിവിഷൻ ബെ‍ഞ്ചിന്റെ ഉത്തരവ്. തിരുവനന്തപുരം സ്വദേശി സമർപ്പിച്ച അപ്പീൽ തള്ളിയാണ് കോടതിയുടെ നടപടി

സെൻട്രൽ എക്സൈസ് ആന്‍റ് കസ്റ്റംസ് റിട്ട. ഓഫീസറായ എസ്. രാജീവ് കുമാറിന്റെ ഹർജിയാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് തള്ളിയത്.വിവരാവകാശ നിയമ പ്രകാരം നൽകിയ അപേക്ഷ സിബിഐ നിരസിച്ചതിനെതിരെയാണ് രാജീവ് കുമാർ ഹൈക്കോടതി ഡിവിഷൻ ബെ‍‍‍ഞ്ചിനെ സമീപിച്ചത്.

2012ൽ തിരുവനന്തപുരം വിമാനത്താവളത്തിലെ എയർ കാർഗോ വിഭാഗത്തിൽ ജോലി ചെയ്യുന്നതിനിടെ രാജീവ് കുമാർ ഒരു കേസിൽ പ്രതിയായിരുന്നു. ബാഗേജുകൾ ശരിയായി പരിശോധിക്കാതെ സാമ്പത്തിക താൽപര്യത്തിൽ വിട്ടുനൽകി എന്നായിരുന്നു കേസ്. ഇതിനെത്തുടർന്ന് വിരമിച്ചിട്ടും രാജീവ് കുമാറിന് പെൻഷൻ ആനുകൂല്യങ്ങൾ കിട്ടിയില്ല. ഇത് സംബന്ധിച്ച് സിബിഐ കേസ് അന്വേഷിക്കുകയും റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു.

തന്‍റെ നിരപരാധിത്വം തെളിയിക്കാൻ പ്രധാനപ്പെട്ട തെളിവായതിനാൽ റിപ്പോർട്ട് നൽകണമെന്നാവശ്യപ്പെട്ട് രാജീവ് കുമാർ വിവരാവകാശ നിയമ പ്രകാരം അപേക്ഷ നൽകിയെങ്കിലും സിബിഐ നിരസിച്ചു. ഹൈക്കോടതി സിംഗിൾബെഞ്ചും ഈ ആവശ്യം തള്ളിയതിനെ തുടർന്നാണ് രാജീവ് കുമാർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.

സി.ബി.ഐ, എൻ.ഐ.എ, ദേശീയ ഇന്‍റലിജൻസ് ഗ്രിഡ് തുടങ്ങിയ സുരക്ഷാ ഏജൻസികൾ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരില്ലെന്നും പൊതുതാൽപര്യമില്ലാത്ത വ്യക്തിഗത വിവരങ്ങൾ നൽകേണ്ടതില്ലെന്നുമാണ് നിയമത്തിൽ പറയുന്നതെന്നും കേന്ദ്ര സർക്കാരിന് വേണ്ടി ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ കോടതിയിൽ വ്യക്തമാക്കി. ഇത് അംഗീകരിച്ചാണ് രാജീവ് കുമാറിന്റെ ഹർജി കോടതി തള്ളിയത്.സിംഗിൾബെഞ്ച് ഉത്തരവിൽ തെറ്റോ നിയമപരമായ അപാകതയോ ഇല്ലെന്ന് വ്യക്തമാക്കിയാണ് ഡിവിഷൻ ബെ‍ഞ്ചിന്റെ നടപടി

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button