CrimeKeralaNews

വിദ്യാർഥികളെ വഴി തെറ്റിക്കാൻ പുതിയ മാർഗം :കടകളിൽ നിന്ന് മൊബൈൽ ഫോണുകൾ പിടിച്ചു

കട്ടപ്പന :നഗരത്തിലെ സ്കൂളുകൾക്കു സമീപമുള്ള കച്ചവട സ്ഥാപനങ്ങളിൽ പൊലീസും അധ്യാപകരും സംയുക്തമായി നടത്തിയ പരിശോധനയിൽ നിരോധിത പാൻ മസാല ഉൽപന്നങ്ങളും വിദ്യാർഥികളിൽ നിന്നു ശേഖരിച്ചു സൂക്ഷിച്ച മൊബൈൽ ഫോണുകളും പിടികൂടി. ഇടുക്കിക്കവലയിലെ ജോയ്സ് സ്‌റ്റോഴ്സ് എന്ന സ്ഥാപനത്തിൽ നിന്ന് 12 പാക്കറ്റ് പാൻ മസാലകളാണ് പിടികൂടിയത്. കൂടാതെ 3 കടകളിൽ നിന്നായി 24 മൊബൈൽ ഫോണുകളും കണ്ടെത്തി.

മൊബൈൽ ഫോണുകൾ സ്കൂളുകളിൽ കൊണ്ടുവരുന്നത് വിലക്കിയിട്ടുള്ളതിനാൽ ഇവ സ്കൂളുകൾക്കു സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലാണ് വിദ്യാർഥികൾ ഏൽപിച്ചിരുന്നത്. വിദ്യാർഥികൾ ഈ കടകളിൽ നിന്നു കൂടുതലായി സാധനങ്ങൾ വാങ്ങുകയോ ഫോൺ സൂക്ഷിക്കുന്നതിനു വാടക നൽകുകയോ ആണ് ചെയ്തിരുന്നതെന്ന് പൊലീസ് പറഞ്ഞു. കുട്ടികളെ വഴിതെറ്റിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ നടത്തിയതിനാലാണ് ഫോണുകൾ പിടികൂടിയത്.

വിദ്യാർഥികൾക്ക് ഇടയിലുള്ള ലഹരി മരുന്നിന്റെ ഉപയോഗവും വിൽപനയും തടയാൻ ലക്ഷ്യമിട്ട് സംസ്ഥാന പൊലീസ് വകുപ്പ് തയാറാക്കിയ ‘യോദ്ധാവ്’ പദ്ധതിയോടനുബന്ധിച്ച് പൊലീസിന്റെ ആന്റി നർകോട്ടിക് സ്പെഷൽ ഡ്രൈവിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന. 5 വ്യാപാര സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. നിരോധിത പാൻ ഉൽപന്നങ്ങൾ പിടികൂടിയ സ്ഥാപനം പൂട്ടിക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ നഗരസഭാ ആരോഗ്യ വിഭാഗത്തിന് പൊലീസ് കത്ത് നൽകും. പ്രിൻസിപ്പൽ എസ്ഐ കെ.ദിലീപ്കുമാർ, എസ്ഐ സി.രഘു, പ്രശാന്ത് മാത്യു, അരുൺകുമാർ, എ.കെ.അജിത്ത്, സി.സി.അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button