CrimeInternationalNews

ദന്ത ചികിത്സക്കിടെ രോഗിയെ ചുംബിച്ചെന്ന് മധ്യവയസ്കയുടെ പരാതി, ആശ്വസിപ്പിച്ചതെന്ന് ഡോക്ടർ, കോടതിയുടെ തീർപ്പിങ്ങനെ

മനാമ: ദന്ത ചികിത്സക്കിടെ രോഗിയെ ചുംബിച്ചെന്ന പരാതിയില്‍ ഡോക്ടറെ കോടതി കുറ്റവിമുക്തനാക്കി. ബഹ്റൈനിലാണ് സംഭവം. ലൈംഗിക ചൂഷണം ആരോപിച്ചാണ് പരാതി നല്‍കിയതെങ്കിലും 53 വയസുകാരിയായ രോഗിയെ ആശ്വസിപ്പിക്കാന്‍ അവരുടെ തലയില്‍ ചുംബിക്കുകയായിരുന്നുവെന്ന ഡോക്ടറുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

45 വയസുകാരനായ ബഹ്റൈനി ഡോക്ടര്‍ക്കെതിരെയാണ് ആരോപണമുയര്‍ന്നത്. 53 കാരിയായ രോഗിയുടെ തലയില്‍ മൂന്ന് വട്ടം ചുംബിച്ചെന്നായിരുന്നു പരാതി. രാജ്യത്തെ ദക്ഷിണ ഗവര്‍ണറേറ്റില്‍ കഴിഞ്ഞ മേയ് മാസത്തിലായിരുന്നു പരാതിക്ക് ആസ്‍പദമായ സംഭവം. പിന്നീട് ഡോക്ടര്‍ തന്റെ കവിളില്‍ ചുംബിച്ചെന്ന തരത്തില്‍ പരാതിക്കാരി മൊഴി മാറ്റുകയും ചെയ്‍തു.

എന്നാല്‍ ചികിത്സക്ക് ശേഷം ക്ലിനിക്കില്‍ അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുകയും ബഹളമുണ്ടാക്കുകയും ചെയ്‍ത ‘വയോധികയെ’ സമാധിനിപ്പിക്കാന്‍ വേണ്ടി മാത്രമാണ് താന്‍ ശ്രമിച്ചതെന്നും, കാഴ്ചയില്‍ തന്റെ അമ്മയെക്കാള്‍ അവര്‍ക്ക് പ്രായം തോന്നിയിരുന്നതായും ഡോക്ടര്‍ പറഞ്ഞു. രോഗി ഇത് തെറ്റായ രീതിയിലെടുത്ത് പൊലീസില്‍ പരാതി നല്‍കിയതാണെന്നും ഡോക്ടര്‍ ആരോപിച്ചു.

ഡോക്ടര്‍ കുറ്റക്കാരനാണെന്നതിന് മതിയായ തെളിവുകളില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വാദിച്ചു. ദന്ത ചികിത്സ പൂര്‍ത്തിയായപ്പോള്‍ അത് രോഗി പ്രതീക്ഷിച്ചത് പോലെ ആയില്ലെന്നതാണ് പരാതിക്ക് കാരണമായതെന്നും ഡോക്ടര്‍ ആരോപിച്ചു. ലൈംഗിക ചൂഷണം നടന്നതിന് തെളിവുകളില്ലാത്തതിനാല്‍ ഡോക്ടറെ കുറ്റവിമുക്തനാക്കുന്നുവെന്നാണ് കോടതി വിധിയിലുള്ളത്. 


തലയില്‍ ചുംബിച്ചുവെന്ന് ആദ്യം മൊഴി നല്‍കിയ വനിത പിന്നീട് കവിളിലാണ് ചുംബിച്ചതെന്ന തരത്തില്‍ മൊഴി മാറ്റുകയും ചെയ്തു. ഇത് പരസ്‍പര വിരുദ്ധമാണെന്നം മൊഴികള്‍ വിശ്വാസത്തിലെടുക്കരുതെന്നും ഡോക്ടറുടെ അഭിഭാഷകനും ആവശ്യപ്പെട്ടു. വാദത്തിനൊടുവില്‍ ഡോക്ടറെ കോടതി കുറ്റവിമുക്തനാക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button