NationalNewsPolitics

കോൺഗ്രസിൽ കലാപം ? ജി 23 നേതാക്കൾ യോഗം ചേരുന്നു

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിൽ നേരിട്ട ദയനീയ പരാജയത്തിന് പിന്നാലെ കോൺഗ്രസിലെ ഗ്രൂപ്പ് 23 നേതാക്കൾ യോഗം ചേരുന്നു. ഗുലാം നബി ആസാദിന്റെ വീട്ടിലാണ് യോഗം നടക്കുന്നത്. കപിൽ സിബൽ, ആനന്ദ് ശർമ്മ, മനീഷ് തിവാരി എന്നിവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. 

കഴിഞ്ഞ  കുറച്ചു കാലമായി ജി 23 എന്ന് സ്വയം വിശേഷിപ്പിക്കുന്ന നേതാക്കളുടെ സംഘം കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുകയാണ്.  കോൺഗ്രസിന്റെ നിലവിലെ സ്ഥിതിയിൽ വിഷമമുള്ള, സംഘടനെ പുനരുജ്ജീവിപ്പിക്കാൻ ആഗ്രഹിക്കുന്ന സംഘമെന്നാണ് കൂട്ടത്തിലെ നേതാക്കൾ പലയിടത്തായി സ്വയം വിശേഷിപ്പിച്ചിട്ടുള്ളത്.  ജി 23 എന്നാൽ ഗാന്ധി 23 എന്നാണെന്നാണ് സംഘത്തിലെ അംഗമായ രാജ് ബബ്ബാർ മുമ്പൊരിക്കൽ പറഞ്ഞത്. 

മുൻ രാജ്യസഭ എംപി ഗുലാം നബി ആസാദ്, കേന്ദ്ര മന്ത്രിമാരായിരുന്ന ആനന്ദ് ശർമ്മ, കപിൽ സിബൽ, മനീഷ് തിവാരി, ശശി തരൂർ, എംപി വിവേക് തൻഘ, എഐസിസി ഭാരവാഹികളായ മുകുൾ വാസ്നിക്, ജിതേന്ദ്ര പ്രസാദ്, മുതിർന്ന നേതാക്കളായ ഭുപീന്ദർ സിംഗ് ഹൂഡ, രാജേന്ദ്ര കൗർ ഭട്ടാൽ, എം വീരപ്പമൊയ്ലി, പൃഥ്വിരാജ് ചൗഹാൻ, പി ജെ കുര്യൻ, അജയ് സിംഗ്, രേണുക ചൗധരി, മിലിന്ദ് ദിയോറ, രാജ് ബബ്ബർ, അരവിന്ദ് സിംഗ് ലവ്ലി, കൗൾ സിംഗ് ഠാക്കൂർ, അഖിലേഷ് പ്രസാദ് സിംഗ്, കുൽദീപ് ശർമ്മ, യോഗാനന്ദ് ശാസ്ത്രി, സന്ദീപ് ദീക്ഷിത്. എന്നിവരാണ് ജി 23 അംഗങ്ങൾ. 

നേതൃമാറ്റമടക്കം മുന്‍ ആവശ്യങ്ങള്‍ ശക്തമാക്കാനാണ് വിമത വിഭാഗമായ ജി 23 ന്‍റെ തീരുമാനം. സംപൂജ്യ തോല്‍വിയുടെ കാരണങ്ങള്‍ തേടി കോൺഗ്രസ് അടിയന്തര  പ്രവര്‍ത്തക സമിതി യോഗം വിളിച്ചിരുന്നു. ഗ്രൂപ്പ് 23 ഉയര്‍ത്തിയേക്കാവുന്ന പ്രതിഷേധം കണക്കിലെടുത്ത് തന്നെയാണ് ഉടന്‍ യോഗം ചേരാനുള്ള തീരുമാനം.  ഒരു സമിതിയെ നിയോഗിക്കുകയും പിന്നീട് റിപ്പോര്‍ട്ട് വെളിച്ചം കാണാത്തതുമായ പതിവ് ആവര്‍ത്തിക്കുക മാത്രമേ ചെയ്യുകയുള്ളൂവെന്നാണ് വിമത നേതാക്കളില്‍ ചിലര്‍ പറയുന്നത്. 

സംഘടന നിർജ്ജീവമാണ്. അടിത്തട്ടിൽ ആളുമില്ല പ്രവർത്തനവുമില്ലെന്ന നിലയാണ്. തലയെടുപ്പുള്ള നേതാക്കൾ പാർട്ടി വിട്ട് പോകുന്നത് നോക്കി നിൽക്കാനേ ദേശീയ നേതൃത്വത്തിന് കഴിയുന്നുള്ളൂ. പഞ്ചാബ് കൂടി കൈവിട്ടതോടെ ഇനി രണ്ടേ രണ്ട് സംസ്ഥാനങ്ങളിലാണ് കോൺഗ്രസ് പ്രബല കക്ഷിയായി അധികാരത്തിലിരിക്കുന്നത്. ഒന്ന് ഛത്തീസ്ഗഡ്, രണ്ട് രാജസ്ഥാൻ. മഹാരാഷ്ട്രയിൽ മഹാഘട്ട് ബന്ധന്‍റെ ഭാഗമായത് കൊണ്ട് അധികാരത്തിൽ പങ്കുണ്ട്. ജാർഖണ്ഡിൽ ഹേമന്ത് സോറന്റെ കൂട്ടുണ്ട്. തമിഴ്നാട്ടിൽ സ്റ്റാലിന്‍റെയും. കേരളത്തിൽ തുടർച്ചയായി രണ്ടാം വട്ടം പ്രതിപക്ഷത്താണ്. 

എന്തായാലും തോല്‍വിയില്‍ തുടങ്ങി വയക്കുന്ന ചര്‍ച്ച പാര്‍ട്ടിയില്‍ വലിയ പൊട്ടിത്തെറിക്ക് ഇടയാക്കുമെന്ന് ഉറപ്പ്. നേതൃമാറ്റമെന്ന ആവശ്യം ഈ പ്രതിസന്ധി ഘട്ടത്തിലെങ്കിലും മുഖവിലക്കെടുക്കുമോയെന്നാണ് കണ്ടറിയേണത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button