KeralaNews

എറണാകുളത്ത് അതിതീവ്ര കൊവിഡ് വ്യാപനം,ജില്ലയില്‍ 22 ക്ലസ്റ്ററുകള്‍

കൊച്ചി: മധ്യകേരളത്തില്‍ കൊവിഡ് വ്യാപനം അതിരൂക്ഷം. എറണാകുളം ജില്ലയില്‍ 22 കൊവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടു.

കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ 13 ഡോക്ടര്‍മാരടക്കം 23 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വ്യാപനം രൂക്ഷമായ ഇടങ്ങളില്‍ അടിയന്തിരമായി CFLTCകള്‍ തുറക്കാനാണ് ജില്ലഭരണകൂടങ്ങളുടെ തീരുമാനം.

മധ്യകേരളത്തില്‍ പ്രധാനമായും എറണാകുളം ജില്ലയില്‍ പിടിവിട്ട് കുതിക്കുകയാണ് കൊവിഡ്. ജില്ലയില്‍ നിലവിലുള്ളത് 22 കൊവിഡ് ക്ലസ്റ്ററുകള്‍. ഇതില്‍ 11 ഉം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍. കൊച്ചി നഗരത്തിലെ പ്രമുഖ കോളേജുകളിലും ക്ലസ്റ്ററുകളാണ്. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ 23 പേര്‍ക്ക് കൊവിഡ് സ്ഥിരീകിച്ചു. സൂപ്രണ്ട് അടക്കം 13 ‍ഡോക്ടര്‍മാര്‍ക്കും 10 മെഡിക്കല്‍ വിദ്യാ‍ര്‍ത്ഥികള്‍ക്കുമാണ് രോഗബാധ. പെരുന്പാവൂര്‍ പൊലീസ് സ്റ്റേഷനില്‍ എസ്‌എച്ച്‌ഒയും എസ്‌ഐയും ഉള്‍പ്പെടെ 16 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ജില്ലയില്‍ 50 പൊലീസുകാര്‍ രോഗബാധിതരാണ്.

വ്യാപനം രൂക്ഷമായ പിറവം, മൂവാറ്റുപുഴ, കോതമംഗലം, പറവൂര്‍, പള്ളുരുത്തി എന്നിവിടങ്ങളില്‍ അടിയന്തിരമായി സിഎഫ്‌എല്‍ടിസികള്‍ തുറക്കും. മന്ത്രി പി.രാജീവിന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും തദ്ദേശ സ്ഥാപന പ്രതിനിധികളുടെയും യോഗത്തിലാണ് തീരുമാനം.

തൃശൂര്‍, ആലപ്പുഴ ജില്ലകളിലും സ്ഥിതി വിഭിന്നമല്ല. ഗവ.എഞ്ചിനീയറിംഗ് കോളേജ് ഉള്‍പ്പെടെ 13 ഇടങ്ങളിലാണ് തൃശൂരില്‍ ക്ലസ്റ്ററുകള്‍. ആലപ്പുഴയിലും രോഗബാധിതരുടെ എണ്ണം കൂടുന്നു. അഞ്ചു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ക്ലസ്റ്ററുകളായി. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഉടന്‍ സിഎഫ്‌എല്‍ടിസികള്‍ തുറക്കാന്‍ ജില്ലഭരണകൂടം തീരുമാനിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button