EntertainmentNews

ജെ.സി ഡാനിയേല്‍ പുരസ്‌കാരം ഗായകന്‍ പി. ജയചന്ദ്രന്

തിരുവനന്തപുരം: മലയാള ചലച്ചിത്ര രംഗത്തെ ആയുഷ്കാല സംഭാവനയ്ക്കുള്ള 2020ലെ ജെ.സി ഡാനിയേൽ പുരസ്കാരം പ്രശസ്ത പിന്നണി ഗായകൻ പി.ജയചന്ദ്രന്. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ വാർത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാന സർക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്കാരമാണ് അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപ്പവും അടങ്ങുന്ന ജെ.സി ഡാനിയേൽ പുരസ്കാരം.

അരനൂറ്റാണ്ടിലേറെയായി ചലച്ചിത്ര പിന്നണി ഗാനരംഗത്ത് നിറഞ്ഞുനിൽക്കുന്ന പി.ജയചന്ദ്രൻ മലയാള ചലച്ചിത്ര സംഗീതത്തിന്റെ ചരിത്രവഴികളിൽ സ്വന്തമായ വ്യക്തിമുദ്ര പതിപ്പിച്ച ഗായകനാണെന്ന് ജൂറി അഭിപ്രായപ്പെട്ടു. ജെ.സി ഡാനിയേൽ പുരസ്കാര ജേതാവ് അടൂർ ഗോപാലകൃഷ്ണൻ ചെയർമാനും നടനും തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജി പണിക്കർ, നടി സീമ, ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, സാംസ്കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് ഐ.എ.എസ് എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.

പുരസ്കാര സമർപ്പണം 2021 ഡിസംബർ 23ന് സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

56 വർഷം മുമ്പ് 1965ൽ ‘കുഞ്ഞാലി മരയ്ക്കാർ’ എന്ന ചിത്രത്തിൽ പി. ഭാസ്കരന്റെ രചനയായ ‘ഒരു മുല്ലപ്പൂമാലയുമായ്’ എന്ന ഗാനം ചിദംബരനാഥിന്റെ സംഗീതത്തിൽ പാടിക്കൊണ്ട് ചലച്ചിത്ര പിന്നണി ഗാനരംഗത്ത് പ്രവേശിച്ച ജയചന്ദ്രൻ വിവിധ ഭാഷകളിലായി പതിനായിരത്തിൽപ്പരം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. 1985ൽ മികച്ച പിന്നണിഗായകനുള്ള ദേശീയ പുരസ്കാരം നേടി. മികച്ച ഗായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം അഞ്ചുതവണ നേടിയിട്ടുണ്ട്.

കേരള സർക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്കാരം ലഭിക്കുന്ന 28ാമത്തെ വ്യക്തിയാണ് പി.ജയചന്ദ്രൻ. 1992ലാണ് ജെ.സി ഡാനിയേൽ അവാർഡ് ഏർപ്പെടുത്തിയത്. 2019ൽ ഹരിഹരനായിരുന്നു പുരസ്കാര ജേതാവ്. ഒരു ലക്ഷം രൂപയായിരുന്ന സമ്മാനത്തുക 2016ലാണ് അഞ്ചു ലക്ഷം രൂപയായി ഉയർത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button