FeaturedKeralaNews

സെക്കന്‍ഡില്‍ 6373.16 ഘനയടി വെള്ളം ഒഴുകിയെത്തുന്നു, മുല്ലപ്പെരിയാറില്‍ നീരൊഴുക്ക് കൂടി; ജലനിരപ്പ് 138.80 അടിയായി ഉയര്‍ന്നു

ഇടുക്കി: നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു. ജലനിരപ്പ് 138.80 അടിയായാണ് ഉയര്‍ന്നത്. സെക്കന്‍ഡില്‍ 6373.16 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. രാവിലെ ഏഴുമണിക്ക് 5800 ഘനയടിയായിരുന്നു. മുല്ലപ്പെരിയാറിന്റെ സ്പില്‍വേയിലെ രണ്ടു ഷട്ടറുകള്‍ 35 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി വെള്ളം ഒഴുക്കികളയുകയാണ്. 534 ഘനയടി വെള്ളമാണ് തുറന്നുവിടുന്നത്.

സെക്കന്‍ഡില്‍ 15,117 ലീറ്റര്‍ ജലമാണ് പെരിയാറിലൂടെ ഒഴുകുന്നത്. മൂന്നുവര്‍ഷത്തിന് ശേഷമാണ് മുല്ലപ്പെരിയാറിന്റെ സ്പില്‍വേ ഷട്ടര്‍ തമിഴ്നാട് തുറക്കുന്നത്. മുല്ലപ്പെരിയാര്‍ തുറന്നതോടെ, ആദ്യ ജനവാസ കേന്ദ്രമായ വള്ളക്കടവില്‍ വെള്ളമെത്തി. ഇതേത്തുടര്‍ന്ന് വള്ളക്കടവില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. ജലനിരപ്പ് 20 സെന്റിമീറ്ററോളമാണ് ഉയര്‍ന്നത്.

വണ്ടിപ്പെരിയാര്‍, ചപ്പാത്ത്, ഉപ്പുതറ വഴി ജലം പെരിയാറിലൂടെ ഇടുക്കി ഡാമിലെത്തും. മുല്ലപ്പെരിയാറിലെ വെള്ളമെത്തുന്നതോടെ, ജലനിരപ്പ് 0.25 അടി ഉയരുമെന്നാണ് കണക്കുകൂട്ടല്‍. അണക്കെട്ട് തുറക്കുന്നത് പരിഗണിച്ച് പെരിയാര്‍ തീരത്ത് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പെരിയാറില്‍ 60 സെന്റിമീറ്റര്‍ ജലനിരപ്പ് ഉയരുമെന്നും തീരവാസികള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

നിലവിലെ സാഹചര്യത്തില്‍ ഇടുക്കി ഡാം അടിയന്തരമായി തുറക്കേണ്ടതില്ലെന്ന് കെഎസ് ഇബി അധികൃതര്‍ പറഞ്ഞു. മുല്ലപ്പെരിയാറില്‍ നിന്നുള്ള വെള്ളമെത്തിയാല്‍ നേരിയ തോതിലുള്ള വര്‍ധനവേ ഉണ്ടാകൂ. മുല്ലപ്പെരിയാറില്‍ നിന്നുള്ള ജലം ഉള്‍കൊള്ളാനുള്ള പര്യാപ്തത നിലവില്‍ ഇടുക്കി ഡാമിനുണ്ട്.അതിനാല്‍ ആശങ്ക വേണ്ടെന്നും മുന്‍കരുതലിന്റെ ഭാഗമായാണ് റെഡ് അലര്‍ട് പ്രഖ്യാപിച്ചതെന്നും ഇടുക്കി ഡാം അസിസ്റ്റന്റ് എഞ്ചിനീയര്‍ പി ബി സാജു വ്യക്തമാക്കി.

മഴയുടെ സാഹചര്യം കൂടി നോക്കി മാത്രമേ അണക്കെട്ട് തുറക്കണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുകയുള്ളൂ എന്നും അസിസ്റ്റന്റ് എഞ്ചിനീയര്‍ വ്യക്തമാക്കി. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ സ്പില്‍വേ ഷട്ടറുകള്‍ തുറന്ന സാഹചര്യത്തില്‍ എറണാകുളം കളക്ടര്‍ ജാഫര്‍ മാലിക് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

മഴ സാഹചര്യം കൂടി വിലയിരുത്തി വൈകിട്ട് നാലിനു ശേഷമോ നാളെ രാവിലെ മുതലോ 100 ക്യൂമെക്‌സ് വരെ നിരക്കില്‍ ഇടുക്കിയില്‍ നിന്നും പെരിയാറിലേക്ക് ജലമൊഴുക്കാന്‍ ഇടുക്കി ജില്ലാ കളക്ടര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇത്രയും ജലം പെരിയാറിലെ ജലനിരപ്പിനെ കാര്യമായി ബാധിക്കില്ല. എന്നാല്‍ പെരിയാര്‍ തീരത്ത് ജാഗ്രത തുടരണമെന്നും എറണാകുളം കളക്ടര്‍ അഭ്യര്‍ഥിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button