കോഴിക്കോട്; ”ഓനങ്ങനെ നെലത്ത് വീണുകിടക്കുന്ന പേരയ്ക്കയൊന്നും തിന്നൂല്ല. ഞാന്‍ പോയി പറിച്ചു കൊണ്ടുവന്ന റമ്പൂട്ടാന്‍ കഴിച്ചിട്ടുണ്ട്. വേറെ പ്രശ്‌നൊന്നും ഉണ്ടായിരുന്നില്ല. അന്നും കൂടി ഓടിക്കളിച്ചതാണേ” കണ്ണു നിറഞ്ഞ് ഇടറിയ ശബ്ദത്തില്‍ തന്റെ മകനെക്കുറിച്ചു പറയുകയാണ് അബൂബക്കര്‍. തങ്ങളുടെ ഏക മകനെയാണ് അബൂബക്കറിനും വാഹിദയ്ക്കും നഷ്ടമായത്.
ഇന്നലെയാണ് നിപ്പ ബാധിച്ച് 12കാരനായ ഹാഷിം മരിക്കുന്നത്. നിപ്പ സ്ഥിരീകരിക്കുന്നതുവരെ മകനൊപ്പം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഇരുവരും. ശനിയാഴ്ച രാത്രി 12 മണിയോടെയാണ് മകന് നിപ്പയാണെന്നും ഐസൊലേഷനില്‍ പോകണമെന്നുമുള്ള അറിയിപ്പു കിട്ടുന്നത്. തുടര്‍ന്ന് ഇരുവരും വാഹിദയുടെ ബന്ധുവിന്റെ ചെറുവാടിയിലെ വീട്ടിലേക്കു പോന്നു.
പുലര്‍ച്ചെ 4.30ന് മകന്റെ മരണവാര്‍ത്തയെത്തുന്നത്. അവസാനമായി ഹാഷിമിനെ കാണാന്‍ പോലും ഇവര്‍ക്കായില്ല. റമ്പൂട്ടാന്‍ കഴിച്ചതില്‍ നിന്നാണ് കുട്ടിയ്ക്ക് നിപ്പ ബാധ ഏറ്റിരിക്കുന്നത് എന്നാണ് പ്രാഥമിക നിഗമനം. ഹാഷിമിന്റെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍പ്പെട്ട അബൂബക്കറും വാഹിദയും ബന്ധുക്കളുമടക്കം 5 പേരെ ആശുപത്രിയിലേക്ക് മാറ്റി.
വാഹിദയ്ക്കും രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് രോഗലക്ഷണമുള്ളത്. ഹൈ റിസ്‌ക് കോണ്ടാക്ടിലുള്ള ഏഴ് പേരുടെ സാംപിളുകള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.