KeralaNews

യുസ്‍ലസ് നിർത്തിപ്പോടാ..തങ്ങളുടെ മകൻ്റെ വാർത്താ സമ്മേളനം തടസപ്പെടുത്തിയ റാഫി കുഞ്ഞാലിക്കുട്ടിയുടെ ചാവേർ,ഇന്ത്യാവിഷൻ ആക്രമണക്കേസിൽ പ്രതി

കോഴിക്കോട്: മുസ്ലീം ലീഗ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈദരലി തങ്ങളുടെ മകന്‍ മുഈൻ അലി നടത്തിയ വാർത്താസമ്മേളനം തടസപ്പെടുത്തി പ്രവർത്തകൻ. കുഞ്ഞാലിക്കുട്ടിക്കെതിരെ അടക്കം മുഈൻ അലി നടത്തിയ വിമർശനങ്ങളാണ് പാ‍ർട്ടി പ്രവ‍ർത്തകനായ റാഫി പുതിയകടവിനെ പ്രകോപിപ്പിച്ചത്. മാധ്യമപ്രവർത്തകർ ചോദ്യം ചോദിക്കുന്നതിനിടെ ചാടി എണീറ്റ റാഫി മുഈൻ അലിക്കെതിരെ വിമർശനമുന്നയിച്ചു. ലീഗിൽ നിന്ന് എല്ലാമായിട്ട് പാർട്ടിയെ തള്ളിപ്പറയുന്നോ എന്ന് ചോദിച്ച റാഫി, യുസ്‍ലസ് എന്നടക്കം വിളിച്ചുപറഞ്ഞു. പ്രകോപനമുണ്ടായതോടെ വാർത്താസമ്മേളനം അവസാനിപ്പിക്കുകയായിരുന്നു.

മുഈൻ അലി തങ്ങളുടെ വാര്‍ത്താ സമ്മേളനം തടസ്സപ്പെടുത്തിയ റാഫി പുതിയകടവ് ഇന്ത്യാവിഷന്‍ ആക്രമണക്കേസിലെയും പ്രതിയാണ്. 2004ല്‍ ടൗണ്‍ സ്റ്റേഷന്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇയാള്‍ പ്രതിയായിരുന്നത്. ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ റജീനയുടെ വെളിപ്പെടുത്തല്‍ നല്‍കിയതിനെതുടര്‍ന്നായിരുന്നു ആക്രമണം. ലീഗ് പ്രതിഷേധപ്രകടനത്തിനിടെ ഇന്ത്യാവിഷന്‍ ഓഫീസിനും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും അന്ന് കല്ലേറുണ്ടായിരുന്നു.

അതേസമയം നേതൃത്വത്തിന് എതിരെ വിമര്‍ശനം ഉയര്‍ത്തിയ മുഈന്‍ അലിയെ ലീഗ് തള്ളിപ്പറഞ്ഞു. പരസ്യവിമര്‍ശനം പാണക്കാട് തങ്ങള്‍ തന്നെ വിലക്കിയിട്ടുണ്ടെന്നായിരുന്നു ലീഗ് നേതൃത്വത്തിന്‍റെ പ്രതികരണം. മുഈന്‍ അലിയുടെ ഇന്നത്തെ വിമര്‍ശനം തങ്ങളുടെ നിര്‍ദ്ദേശത്തോടുള്ള വെല്ലുവിളിയാണ്. ലീ​ഗ് അഭിപ്രായ സ്വാതന്ത്യമുള്ള പാര്‍ട്ടിയാണ്. എന്നാല്‍ അത് ലീ​ഗിന്‍റെ അസ്തിത്വത്തെ ചോദ്യം ചെയ്യുന്ന തരത്തിലാകരുതെന്നും പിഎം സലാം പറഞ്ഞു.

നോട്ട് നിരോധന കാലത്ത് ചന്ദ്രിക ദിനപത്രത്തിന്‍റെ അക്കൗണ്ടില്‍ പത്ത് കോടി രൂപ എത്തിയതുമായി ബന്ധപ്പെട്ട് ഇഡി ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ വീണ്ടും ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കുകയും ഈ വിഷയത്തില്‍ ലീഗിനതിരെ ജലീല്‍ നിരന്തരം ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്ത സാഹചര്യത്തില്‍ വിളിച്ച വാര്‍ത്താ സമ്മേളനത്തിലാണ് മൊയിന്‍ അലി കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയത്.

ഹൈദരലി തങ്ങള്‍ ഇഡിയുടെ ചോദ്യം ചെയ്യലിന് വിധേയനാകേണ്ടി വന്നതിന് കാരണം കു‌ഞ്ഞാലിക്കുട്ടിയാണ്. തന്‍റെ പിതാവ് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലൂടെയാണ് കടന്നു പോകുന്നത്. ചന്ദ്രിക ദിനപത്രം പ്രതിസന്ധിയിലാകാന്‍ കാരണം കുഞ്ഞാലിക്കുട്ടി നിയമിച്ച ഫിനാ‍ന്‍സ് മാനേജര്‍ അബ്ദുള്‍ സമീറിന്‍റെ കഴിവുകേടുകള്‍ കൊണ്ടാണെന്നും ആയിരുന്നു മുഈന്‍ അലിയുടെ വിമര്‍ശനം. ചന്ദ്രികയ്ക്കായി ഭൂമി വാങ്ങിയതിലുള്‍പ്പെടെ ക്രമക്കേട് നടന്നിട്ടുണ്ട്. വാങ്ങിയ ഭൂമി കണ്ടല്‍കാടാണെന്നും മൊയിന്‍ അലി പറഞ്ഞു. പാര്‍ട്ടി ഒരു വ്യക്തിയിലേക്ക് ചുരങ്ങിയെന്നും തിരുത്തല്‍ വേണമെന്നും മുഈന്‍ അലി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button