KeralaNews

‘പോലീസുകാര്‍ റോഡില്‍ നില്‍ക്കുന്നത് അതുവഴി പോകുന്നവരെ സല്യൂട്ട് ചെയ്യാനല്ല, അവര്‍ക്ക് പണി വേറെയുണ്ട്’; മേയര്‍ക്ക് മറുപടി

തിരുവനന്തപുരം: പോലീസുകാര്‍ തന്നെ സല്യൂട്ട് അടിക്കുന്നില്ലെന്ന് പരാതി പറഞ്ഞ തൃശൂര്‍ മേയര്‍ എംകെ വര്‍ഗീസിന് മറുപടിയുമായി പോലീസ് അസോസിയേഷന്‍. റോഡില്‍ പോലീസിനെ നിര്‍ത്തിയിരിക്കുന്നത് അതുവഴി പോകുന്നവരെ സല്യൂട്ട് അടിക്കാനല്ല എന്നായിരുന്നു പോലീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി.ആര്‍. ബിജുവിന്റെ പ്രതികരണം. സേനാംഗങ്ങള്‍ പരസ്പരം കൈമാറുന്ന ആദരവാണ് സല്യൂട്ടെന്നും ഫേയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

സര്‍ക്കാര്‍ പരിപാടികളില്‍ ഓരോരുത്തര്‍ക്കും നല്‍കേണ്ട സ്ഥാനം എവിടെയാണെന്ന് സംസ്ഥാന പ്രോട്ടോക്കോള്‍ വ്യവസ്ഥകള്‍ നിലവിലുണ്ടാകും. എന്നാല്‍ അത്തരം കാര്യങ്ങള്‍ സര്‍ക്കാര്‍ പരിപാടികള്‍ക്ക് മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് പോലീസുകാര്‍ തന്നെ ബഹുമാനിക്കുന്നില്ലെന്ന് പറഞ്ഞ് മേയര്‍ ഡിജിപിക്ക് പരാതി നല്‍കിയത്. ഇക്കാര്യം പലതവണ ഡിജിപിയുള്‍പ്പെടെ ഓഫീസര്‍മാരെ ധരിപ്പിച്ചിട്ടും ഫലമുണ്ടായില്ലെന്നും ഇക്കാര്യത്തില്‍ ഉടനെ നടപടിയെടുക്കണമെന്നുമാണ് മേയര്‍ പറയുന്നത്. കൂടാതെ ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും തൊട്ടുതാഴെയാണ് മേയറുടെ സ്ഥാനമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. അതിന് പിന്നാലെയാണ് മറുപടിയുമായി ബിജു ഉള്‍പ്പടെയുള്ള പോലീസുകാര്‍ രംഗത്തെത്തിയത്.

ബിജുവിന്റെ ഫേയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം

സേനാവിഭാഗങ്ങള്‍ ആദരസൂചകമായി ചെയ്തുവരുന്ന ആചാരമാണ് സല്യൂട്ട്. സല്യൂട്ട് എന്നത് പരസ്പര ബഹുമാനത്തിന്റെ കൂടി രൂപമാണ്. ‘ ആന്തരിക ബഹുമാനത്തിന്റെ ബഹിര്‍സ്ഫുരണം’ എന്നാണ് മലയാളത്തില്‍ സല്യൂട്ട് എന്ന വാക്കിന് നല്‍കിയിട്ടുള്ള നിര്‍വ്വചനം. ചിലരെങ്കിലും ധരിക്കുന്നത് പോലെ താഴ്ന്ന റാങ്കില്‍ ഉള്ളവര്‍ ഉയര്‍ന്ന റാങ്കില്‍ ഉള്ളവരെ ‘ONE WAY’ ആയി ചെയ്യുന്ന ആചാരമല്ല. താഴ്ന്ന റാങ്കില്‍ ഉള്ളവര്‍ ഉയര്‍ന്ന റാങ്കില്‍ ഉള്ളവരെ സല്യൂട്ട് ചെയ്യുമ്പോള്‍, ഉയര്‍ന്ന റാങ്കില്‍ ഉള്ളവര്‍ തിരിച്ചും അവരെ ആചാരം ചെയ്യും. ഇങ്ങനെ സേനാംഗങ്ങള്‍ പരസ്പരം കൈമാറുന്ന ആദരവാണ് സല്യൂട്ട്. കൂടാതെ രാജ്യത്തെ ഭരണകര്‍ത്താക്കള്‍, ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ ഉള്‍പ്പെടെയുള്ളവരേയും സല്യൂട്ട് ചെയ്യാറുണ്ട്. അവരും ഇപ്രകാരം തിരിച്ചും ചെയ്യേണ്ടതാണ്. ദേശീയ പതാകയേയും, അതാത് സേനാവിഭാഗങ്ങള്‍ അതാത് വിഭാഗങ്ങളുടെ പതാകകളേയും സല്യൂട്ട് നല്‍കി ആദരിക്കാറുണ്ട്. ജനാധിപത്യ സമൂഹത്തില്‍ ജനപ്രതിനിധികളെ ആദരവോടെ കാണുന്ന വിഭാഗമാണ് കേരളത്തിലെ പോലീസ് സേനാ വിഭാഗം. അതിന്റെ ആദരവ് PSO യില്‍ എന്താണ് പറയുന്നത് എന്ന് പോലും നോക്കാതെ നമ്മുടെ സേനാംഗങ്ങള്‍ നല്‍കി വരുന്നുണ്ട്.

ഇത്രയും എഴുതാന്‍ കാരണം, എനിക്കും പോലീസ് ഉദ്യോഗസ്ഥന്‍ സല്യൂട്ട് ചെയ്യണം എന്ന് കാണിച്ച് പലരും സംസ്ഥാന പോലീസ് മേധാവി ഉള്‍പ്പെടെയുള്ളവര്‍ക്ക് അയക്കുന്ന പരാതികള്‍ കണ്ടതുകൊണ്ടാണ്. യൂണിഫോമില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനെ കണ്ടാല്‍ എനിക്കും ഒരു സല്യൂട്ട് കിട്ടണം എന്ന ആഗ്രഹം ഉള്ള ചിലര്‍ സ്വാഭാവികമാണ്. എന്നാല്‍ അതിന് നിര്‍ദ്ദേശം നല്‍കണം എന്ന പരാതി അയച്ചതിനെ ആശ്ചര്യത്തോടെ കാണുന്നു എന്ന് സൂചിപ്പിക്കട്ടെ. റോഡിലൂടെ അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്യുമ്പോള്‍ റോഡില്‍ നില്‍ക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ സല്യൂട്ട് ചെയ്യുന്നില്ല എന്നാണ് ഇപ്പോള്‍ കണ്ട പരാതി.

ഇത്തരത്തില്‍ കേരളത്തിന്റെ തെരുവോരങ്ങളില്‍ യൂണിഫോം ഇട്ട് കാണുന്ന പോലീസ് ഉദ്യോഗസ്ഥര്‍ ആരെയെങ്കിലും സല്യൂട്ട് ചെയ്യാന്‍ വേണ്ടി നില്‍ക്കുന്നവരല്ല. അവര്‍ ട്രാഫിക് നിയന്ത്രണം ഉള്‍പ്പെടെയുള്ള ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമായി നില്‍ക്കുന്നവരാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ സല്യൂട്ട് ഉള്‍പ്പെടെയുള്ള ആചാരമല്ല ചെയ്യേണ്ടത്, ഔദ്യോഗികകൃത്യം ഭംഗിയായി നിറവേറ്റുകയാണ് വേണ്ടത് എന്ന വ്യക്തമായ നിര്‍ദ്ദേശം ഉള്‍പ്പെടെ സര്‍ക്കുലറായി ജീവനക്കാര്‍ക്ക് നല്‍കിയിട്ടുള്ള പുരോഗമനപരവും സാമൂഹ്യ വീക്ഷണവും ഉള്ള മേലുദ്യോഗസ്ഥന്മാരാല്‍ നയിക്കുന്ന സേനയാണ് കേരള പോലീസ് എന്ന് അഭിമാനത്തോടെ പറയാനും ആഗ്രഹിക്കുന്നു.

സര്‍ക്കാര്‍ പരിപാടികളില്‍ ഓരോരുത്തര്‍ക്കും നല്‍കേണ്ട സ്ഥാനം എവിടെയാണെന്ന് സംസ്ഥാന പ്രോട്ടോക്കോള്‍ വ്യവസ്ഥകള്‍ നിലവിലുണ്ടാകും. എന്നാല്‍ അത്തരം കാര്യങ്ങള്‍ സര്‍ക്കാര്‍ പരിപാടികള്‍ക്ക് മാത്രമാണ്. അല്ലാതെ സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥന്മാരെ കൊണ്ട് സല്യൂട്ട് ചെയ്യിക്കാനുള്ളതല്ല എന്ന് കൂടി സൂചിപ്പിക്കട്ടെ. സേനാംഗങ്ങള്‍ വലിയ മൂല്യം നല്‍കുന്ന ആചാരമാണ് സല്യൂട്ട്. അത് നിയമാനുസരണം അര്‍ഹതപ്പെട്ടവര്‍ക്ക് മാത്രമേ നല്‍കാന്‍ കഴിയൂ. അല്ലാതെ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും നല്‍കേണ്ട ഒന്നല്ല എന്ന് കൂടി വിനയപൂര്‍വ്വം അറിയിക്കട്ടെ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button