പ്രഥമ സനില്‍ ഫിലിപ്പ് പുരസ്‌കാരം വൈശാഖ് കൊമ്മാട്ടിലിന്
കോട്ടയം: പ്രഥമ സനില്‍ ഫിലിപ്പ് മാധ്യപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മനോരമ ന്യൂസ് ടി.വിയിലെ വൈശാഖ് കൊമ്മാട്ടിലാണ് പുരസ്‌കാര ജേതാവ്. ഏഷ്യാനെറ്റ് ന്യൂസിലെ ജോഷി കുര്യന് പ്രത്യേക ജൂറി പരമാര്‍ശത്തിന് അര്‍ഹനായി. കേരളത്തിന്റെ ഉള്ളിലുറങ്ങിക്കിടങ്ങുന്ന ജാതിബോധത്തെ പുറത്തേക്ക് വലിച്ചിട്ട കെവിന്‍ കൊലക്കേസ് വാര്‍ത്തകള്‍ക്ക് വേണ്ടിയുള്ള നിരന്തര പരിശ്രമമാണ് വൈശാഖിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.
ഇന്ത്യയിലെ തന്നെ പുരോഗമന സമൂഹമെന്ന് സ്വയം അവകാശപ്പെടുമ്പോഴും ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്ക് മടിയില്ലാത്ത ഹീനമനസുകള്‍ക്ക് ഉടമകള്‍കൂടിയാണ് നമ്മളെന്ന് വ്യക്തമാക്കിയ വാര്‍ത്താ പരമ്പരക്കാണ് ജോഷി കുര്യന് പ്രത്യേക ജൂറി പരാമര്‍ശം. 25000 രൂപയും മൊമന്റോയുമാണ് പുരസ്‌കാര ജേതാവിന് ലഭിക്കുക. പതിനായിരം രൂപയും മൊമന്റോയുമാണ് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചയാള്‍ക്ക് സമ്മാനിക്കുന്നത്. എഴുത്തുകാരന്‍ സക്കറിയ, മാധ്യമപ്രവര്‍ത്തകന്‍ സി.എല്‍ തോമസ്, ചലചിത്ര പ്രവര്‍ത്തക ബീനാ പോള്‍ എന്നിവരടങ്ങിയ ജൂറിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്. 29ന് കോട്ടയം പ്രസ്‌ക്ലബില്‍ നടക്കുന്ന ചടങ്ങളില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും