KeralaNews

പിണറായി അയ്യപ്പനെ കൂട്ടുപിടിച്ചിരിക്കുന്നത് ഗതികേടുകൊണ്ടാണെന്ന് കെ.സി വേണുഗോപാല്‍

തിരുവനന്തപുരം: ഗതികേടുകൊണ്ടാണ് അയ്യപ്പനെ പിണറായി കൂട്ടുപിടിച്ചിരിക്കുന്നതെന്ന് കെ.സി വേണുഗോപാല്‍. വിശ്വാസികളില്‍ പിണറായി സര്‍ക്കാര്‍ ഉണ്ടാക്കിയ മുറിവ് ഇനിയും ഉണങ്ങിയിട്ടില്ലെന്നും വിശ്വാസം ഇല്ലാതെ ദൈവത്തെ വിളിച്ചാല്‍ വിളി കേള്‍ക്കില്ലെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു. ഭരണമാറ്റം ആഗ്രഹിക്കുന്നവര്‍ യുഡിഎഫിന് വോട്ടു ചെയ്യുമെന്നും ന്യായ് പദ്ധതി ജനഹൃദയങ്ങളില്‍ സ്വാധീനം ചെലുത്തിയെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.

നേരത്തെ വിശ്വാസികളും ദൈവവും ഈ തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിനൊപ്പമാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിന് മറുപടിയായിരുന്നു കെ.സി വേണുഗോപാലിന്റെ പരാമര്‍ശം.

മുഖ്യമന്ത്രിയുടെ പ്രസ്താവനയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തിയിരുന്നു. അയപ്പഭക്തന്മാരുടെ വികാരങ്ങളെ മുറിവേല്‍പ്പിച്ച സര്‍ക്കാരാണ് ഇതെന്നും അയ്യപ്പ കോപവും, ദൈവ കോപവും, ജനങ്ങളുടെ കോപവും പിണറായി സര്‍ക്കാരിനുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. നിരീശ്വരവാദിയായ പിണറായി വിജയന്‍ ഇപ്പോള്‍ അയ്യപ്പന്റെ കാല് പിടിക്കുകയാണെന്നും രമേശ് ചെന്നിത്തല പരിഹസിച്ചിരുന്നു.

ദൈവങ്ങള്‍ക്ക് വോട്ടുണ്ടായിരുന്നെങ്കില്‍ എല്‍.ഡി.എഫിന് വോട്ടു ചെയ്തേനെയെന്ന് സി.പി.എം പി.ബി അംഗം കോടിയേരി ബാലകൃഷ്ണന്‍. സംസ്ഥാനത്ത് തുടര്‍ഭരണം ഉറപ്പാണെന്നും കോടിയേരി മാധ്യങ്ങളോട് പറഞ്ഞു.

സംസ്ഥാനത്ത് തുടര്‍ഭരണം ഉറപ്പെന്ന് പാലായിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജോസ് കെ. മാണി പറഞ്ഞു. പാലായില്‍ മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കും. കേരളാ കോണ്‍ഗ്രസ്-എം മത്സരിക്കുന്ന എല്ലാ സീറ്റിലും വിജയിക്കും. രണ്ടില ചിഹ്നം കൂടുതല്‍ കരുത്താകുന്നെന്നും ജോസ് വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button