26.5 C
Kottayam
Thursday, April 25, 2024

സംസ്ഥാനത്തിന് 9.85 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി, വാക്സിൻ വിതരണം കാര്യക്ഷമമാക്കണമെന്ന് വി.ഡി.സതീശൻ

Must read

തിരുവനന്തപുരം: സംസ്ഥാനത്തിന് 9,85,490 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംസ്ഥാനം വാങ്ങിയ 1,32,340 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും കേന്ദ്രം അനുവദിച്ച 6 ലക്ഷം കോവീഷീല്‍ഡ് വാക്‌സിനുമാണ് ലഭിച്ചത്. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് എന്നിവിടങ്ങളില്‍ ഇന്നലെയാണ് 6 ലക്ഷം ഡോസ് വാക്‌സിന്‍ എത്തിച്ചത്.

നേരത്തെ കെ.എം.എസ്.സി.എല്‍. മുഖേന ഓര്‍ഡര്‍ നല്‍കിയ സംസ്ഥാനത്തിന്റെ വാക്‌സിന്‍ എറണാകുളത്താണ് എത്തിയത്. ഇതുകൂടാതെ 97,500 ഡോസ് കോവാക്‌സിനും 1,55,650 കോവീഷീല്‍ഡ് വാക്‌സിനും ഇന്ന് രാത്രിയോടെ തിരുവനന്തപുരത്ത് എത്തുന്നതാണ്. കോവാക്‌സിന്‍ എത്തുന്നത് കോവാക്‌സിന്‍ രണ്ടാം ഡോസ് എടുക്കുന്നവര്‍ക്ക് ഏറെ സഹായകരമാകുമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തിനാകെ 1,21,75,020 ഡോസ് വാക്‌സിനാണ് ലഭ്യമായത്. അതില്‍ 12,04,960 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 1,37,580 ഡോസ് കോവാക്‌സിനും ഉള്‍പ്പെടെ ആകെ 13,42,540 ഡോസ് വാക്‌സിനാണ് സംസ്ഥാനം വാങ്ങിയത്. 97,90,330 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 10,42,150 ഡോസ് കോവാക്‌സിനും ഉള്‍പ്പെടെ ആകെ 1,08,32,480 ഡോസ് വാക്‌സിന്‍ കേന്ദ്രം നല്‍കിയതാണ്.

അതിനിടെ വാക്സിൻ വിരണത്തിൽ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോഗ്യമന്ത്രിയ്ക്ക് കത്ത് നൽകി.കത്തിൻ്റെ പൂർണ്ണരൂപമിങ്ങനെ:

സംസ്ഥാനത്തെ കൊവിഡ് വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട് വ്യാപകമായ പരാതികൾ വിവിധ പ്രദേശങ്ങളിൽ നിന്നും ലഭിച്ചതു കൊണ്ടാണ് ഈ കത്തെഴുതുന്നത്. താഴെ പറയുന്ന കാര്യങ്ങൾ അടിയന്തിര നടപടികൾക്കും പരിഹാരത്തിനുമായി അങ്ങയുടെ ശ്രദ്ധയിൽ പെടുത്തുന്നു.

1. സംസ്ഥാനത്ത് കോ വാക്സിൻ രൂക്ഷമായ ക്ഷാമം നേരിടുകയാണ്. ആദ്യ ഡോസ് എടുത്ത പലർക്കും രണ്ടാം ഡോസിന് സമയമായിട്ടും അത് നൽകാനാവുന്നില്ല. മിക്ക ജില്ലകളിലും കോ വാക്സിൻ സ്റ്റോക്കില്ല.

2.എല്ലാ ജില്ലകളിലും ഓൺലൈൻ രജിസ്ട്രേഷൻ നടക്കുന്നുണ്ടെങ്കിലും പലർക്കും ബുക്ക് ചെയ്യാൻ കഴിയുന്നില്ല. നിമിഷങ്ങൾക്കുള്ളിൽ ബുക്കിംഗ് തീരുന്ന അവസ്ഥയാണ്.

3.സ്വന്തം പഞ്ചായത്തിൽ തന്നെ വാക്സിൻ ലഭിക്കുന്നത് വളരെ കുറച്ച് ആളുകൾക്ക് മാത്രമാണ്. വാക്സിനേഷനു വേണ്ടി വിദൂര സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യേണ്ടി വരുന്നു.

4. രണ്ടാം ഡോസ് വേണ്ട വർക്കും കൃത്യമായ ഇടവേളകളിൽ ബുക്കിംഗ് നടക്കുന്നില്ല.

5.കേരള സർക്കാർ പ്രവാസികൾക്ക് നൽകുന്ന വാക്സിനേഷൻ സർട്ടിഫിക്കറ്റ് പലരാജ്യങ്ങളിലും സ്വീകരിക്കുന്നില്ല. സർട്ടിഫിക്കറ്റിൽ നൽകുന്ന വിവരങ്ങൾ അപൂർണമായതുകൊണ്ടാണ് ഇങ്ങിനെ സംഭവിക്കുന്നത്.

6.വാക്സിനേഷന് ഓൺലൈൻ രജിസ്ട്രേഷൻ നടക്കുന്നത് വിവിധ സമയങ്ങളിൽ ആണ്. ഇത് ആളുകൾക്ക് രജിസ്ട്രേഷൻ നടത്തുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
വാക്സിനേഷന് ഓൺലൈൻ രജിസ്ട്രേഷൻ ഒരു നിശ്ചിത സമയത്ത് മുൻകൂട്ടി അറിയിച്ച ശേഷം
നടത്തുന്നത് ഈ ബുദ്ധിമുട്ട് ഒഴിവാക്കാൻ സഹായിക്കും.

മേൽ വിവരിച്ച വിഷയങ്ങൾ പരിഹരിക്കുന്നതിനു വേണ്ടി കൊവിഡ് 19 വാക്സിനേഷൻ കാര്യങ്ങൾ ഏകോപിപിക്കുന്നതിനു വേണ്ടി സംസ്ഥാന തലത്തിൽ ഒരു കമ്മറ്റി രൂപീകരിക്കാവുന്നതാണ്. കമ്മറ്റിക്ക് സർക്കാർ സ്വകാര്യ മേഖലകളിലെ കാര്യങ്ങൾ പഠിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്താൻ സർക്കാരിന് ശുപാർശ ചെയ്യാവുന്നതാണ്. വാക്സിൻ സംഭരണം, വിതരണം, മാനദണ്ഡങ്ങൾ എന്നിവ കുറെക്കൂടി സുതാര്യമാക്കാവുന്നതാണ്. 80 ശതമാനം സ്പോട്ട് രജിസ്ട്രഷനും ബാക്കി ഓൺലൈൻ രജിസ്ട്രഷനും ആക്കണമെന്ന നിർദ്ദേശം പരിഗണിക്കേണ്ടതാണ്.
സർക്കാർ തന്നെ വാക്സിൻ സംഭരിച്ച് ഇടത്തരം സർക്കാർ – സ്വകാര്യ സ്ഥാപനങ്ങളിലെത്തിച്ച് വിതരണ സംവിധാനം വികേന്ദ്രീകരിക്കേണ്ടതാണ്.
കാര്യങ്ങൾ പരിശോധിച്ച് വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലെയും സാഹചര്യങ്ങൾ കണക്കിലെടുത്ത് വാക്സിനേഷൻ കൂടുതൽ ചിട്ടയായ രൂപത്തിൽ നടപ്പാക്കാൻ നടപടി സ്വീകരിക്കണമെന്ന് താൽപ്പര്യപ്പെടുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week