വുഹാനില്‍ 75,000 പേര്‍ക്ക് കൊറോണ വൈറസ് ബാധിച്ചതായി പുതിയ പഠനം; മരണസംഖ്യ 259 ആയി
വുഹാന്‍: ചൈനയില്‍ കൊറോണ വൈറസിന്റെ വ്യാപനത്തില്‍ വര്‍ധനവെന്ന് പുതിയ പഠനം. സയന്‍സ് ജേണലായ ദ ലാന്‍സെറ്റിലെ റിപ്പോര്‍ട്ടില്‍ വുഹാനില്‍ 75,000 ലധികം പേര്‍ക്ക് കൊറോണ പിടിപെട്ടതായാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 2019 ഡിസംബര്‍ ഒന്നു മുതല്‍ 2020 ജനുവരി 25 വരെയുള്ള കണക്കനുസരിച്ച് വുഹാനില്‍ 75,800 പേര്‍ക്ക് വൈറസ് ബാധിച്ചിട്ടുണ്ടെന്നാണ് പ്രസിദ്ധീകരണത്തില്‍ വിശദമാക്കുന്നത്. ചൈനയിലെ മറ്റു നഗരങ്ങളിലേക്കും ഇവ വ്യാപിച്ചിരിക്കാമെന്നും ഇതില്‍ പറയുന്നു.
അതേസമയം കൊറോണ വൈറസ് ബാധിച്ച് ഇതുവരെ മരിച്ചവരുടെ എണ്ണം 259 ആയി. വെള്ളിയാഴ്ച മാത്രം 45 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചൈനയ്ക്ക് പുറത്ത് ഇതുവരെ 22 രാജ്യങ്ങളിലാണ് കൊറോണ റിപ്പോര്‍ട്ട് ചെയ്തത്. ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെ ചൈനയില്‍ നിന്നുളള യാത്രക്കാര്‍ക്ക് വിവിധ രാജ്യങ്ങള്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ചൈനയിലെ 31 പ്രവിശ്യകളും കൊറോണ ബാധിത മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഗൂഗിള്‍ അടക്കമുള്ള കമ്പനികള്‍ ചൈനയിലെ ഓഫീസ് പൂട്ടി.
ഇതിനിടെ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈനയിലെ വുഹാനില്‍ നിന്നും ഒഴിപ്പിച്ച 324 ഇന്ത്യക്കാര്‍ ഇന്ത്യയിലെത്തി. സംഘത്തില്‍ 42 മലയാളികളാണ് ഉള്ളത്. വെള്ളിയാഴ്ച രാത്രി 12 മണിയോടെയാണ് എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം വുഹാനില്‍ നിന്നും പുറപ്പെട്ടത്.
തിരികെയെത്തിയ 324 പേരില്‍ 211 പേരും വിദ്യാര്‍ത്ഥികളാണ്. മൂന്ന് കുട്ടികളും സംഘത്തിലുണ്ട്. തിരികെയെത്തിയവരില്‍ 234 പുരുഷന്മാരും 90 സ്ത്രീകളുമാണുള്ളതെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ വ്യക്തമാക്കി. ആന്ധ്രയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉള്ളത്. 56 ആന്ധ്രാ സ്വാദേശികളാണ് വിമാനത്തിലുള്ളത്. 42 മലയാളികളാണ് സംഘത്തിലുള്ളത്.