CrimeKeralaNews

’72 ലോൺ ആപ്പുകൾ നീക്കണം’; ഗൂ​ഗിളിനും ഡൊമൈന്‍ രജിസ്ട്രാര്‍ക്കും കര്‍ശന നിര്‍ദേശം, പൊലീസ് നോട്ടീസ് നല്‍കി

തിരുവനന്തപുരം: ഓൺലൈൻ വായ്പ തട്ടിപ്പിനെതിരെ കർശന നടപടിയുമായി കേരള പൊലീസ്. 72 ലോൺ ആപ്പുകൾ നീക്കം ചെയ്യാൻ നോട്ടീസ് നൽകി. സൈബര്‍ ഓപ്പറേഷന്‍ എസ് പി ഹരിശങ്കറാണ് ഗൂഗിളിനും ഡൊമൈന്‍ രജിസ്ട്രാര്‍ക്കും നോട്ടീസ് നല്‍കിയത്. മൗറീഷ്യസ്, സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആപ്പുകൾ നീക്കം ചെയ്യണമെന്നാണ് നിർദേശം.

തട്ടിപ്പ് നടത്തുന്ന ലോണ്‍ ആപ്പുകളും ട്രേഡിംഗ് ആപ്പുകളും നീക്കം ചെയ്യാനും നിർദേശം നല്‍കിയിട്ടുണ്ട്. ഓൺലൈൻ വായ്പ തട്ടിപ്പുകൾ സംസ്ഥാനത്ത് വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് പൊലീസ് നടപടി കടുപ്പിക്കുന്നത്. അനധികൃത ആപ്പുകൾ പ്രവര്‍ത്തിക്കുന്നത് ചൈന, മൗറീഷ്യസ്, സിംഗപ്പൂര്‍, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങൾ കേന്ദ്രീകരിച്ചുള്ള വെബ്‌സൈറ്റുകളിലാണെന്നാണ് കണ്ടെത്തല്‍.

കഴിഞ്ഞ ദിവസം ലോണ്‍ ആപ്പ് തട്ടിപ്പിനെക്കുറിച്ചുളള പരാതികള്‍ അറിയിക്കാന്‍ പൊലീസ് വാട്സ്ആപ്പ് നമ്പര്‍ ഒരുക്കിയിരുന്നു. 94 97 98 09 00 എന്ന നമ്പറിലാണ് പരാതി നല്‍കേണ്ടത്. 24 മണിക്കൂറും പൊലീസിനെ വിവരങ്ങള്‍ അറിയിക്കാം. നേരിട്ടുവിളിച്ച് സംസാരിക്കാനാവില്ല. ടെക്‌സ്റ്റ്, ഫോട്ടോ, വീഡിയോ, വോയിസ് എന്നിവയായി മാത്രമാണ് പരാതി നല്‍കാന്‍ കഴിയുക.

ലോൺ ആപ്പിൽ നിന്ന് വായ്പയെടുത്ത കടമക്കുടിയിലെ ഒരു കുടുംബം കൂട്ട ആത്മഹത്യ ചെയ്തിരുന്നു. എടുത്ത തുക തിരിച്ചടയ്ക്കാത്തതിനെ തുടർന്നുണ്ടായ ഭീഷണിയെ തുടർന്ന് കുടുംബം ജീവനൊടുക്കുകയായിരുന്നു. ഓൺലൈൻ വായ്പ കമ്പനിയുടെ ഭീഷണിക്ക് പുറമേ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചതിൽ കടുത്ത മാനസിക സമ്മർദ്ദത്തിലുമായിരുന്നു കുടുംബം.

കടമക്കുടി മാടശ്ശേരി നിജോ (38) ഭാര്യ ശിൽപ, മക്കളായ ഏബൽ (7), ആരോൺ(5) എന്നിവരാണ് മരിച്ചത്. ഓൺലൈൻ ലോൺ ആപ്പിൽ നിന്നുള്ള ഭീഷണിയെത്തുടർന്ന് വയനാട് സുൽത്താൻ ബത്തേരി അരിമുള സ്വദേശി അജയൻ(43) എന്നയാളും ജീവനൊടുക്കിയിരുന്നു. ലോട്ടറി വിൽപ്പന നടത്തിവരികയായിരുന്നു അജയൻ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker