ബംഗ്ലദേശ് സംഘർഷത്തിൽ 72 പേർ കൊല്ലപ്പെട്ടു; ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം നൽകി കേന്ദ്രം
ന്യൂഡൽഹി∙ ബംഗ്ലദേശിൽ സംഘർഷം വ്യാപിക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ പൗരൻമാർക്ക് ജാഗ്രതാ നിർദേശം നൽകി കേന്ദ്രസർക്കാർ. ഭരണകക്ഷിയായ അവാമി ലീഗിന്റെ പ്രവർത്തകരും പ്രതിഷേധക്കാരും തമ്മിലുള്ള സംഘർഷത്തിൽ 72 പേർ കൊല്ലപ്പെട്ടു. സർക്കാർ ജോലിയിലെ സംവരണ വിഷയത്തിൽ തുടങ്ങിയ പ്രക്ഷോഭം സർക്കാരിനെതിരായ സമരമായി മാറുകയായിരുന്നു. പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവയ്ക്കണമെന്ന് പ്രക്ഷോഭകാരികൾ ആവശ്യപ്പെട്ടു. സംവരണ വിഷയത്തിൽ ദിവസങ്ങൾക്ക് മുന്‍പ് നടന്ന സംഘർഷങ്ങളിൽ ഇരുന്നൂറിലധികം പേർ കൊല്ലപ്പെട്ടിരുന്നു. ഇതു കെട്ടടങ്ങിയതിനു പിന്നാലെയാണ് പ്രക്ഷോഭം ആരംഭിച്ചത്.
ഞായറാഴ്ച രാവിലെയാണ് സംഘർഷം തുടങ്ങിയത്. വൈകിട്ട് 6 മണി മുതൽ രാജ്യത്തൊട്ടാകെ കർഫ്യൂ പ്രഖ്യാപിച്ചു. പ്രക്ഷോഭകാരികൾ വിദ്യാർഥികളല്ലെന്നും തീവ്രവാദികളാണെന്നും പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പറഞ്ഞു. സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതലയോഗം ചേർന്നു. രംഗ്പുരിൽ നാല് അവാമി ലീഗ് പ്രവർത്തകർ കൊല്ലപ്പെട്ടു. സർക്കാർ രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് പ്രക്ഷോഭകാരികൾ ദേശീയപാതകൾ ഉപരോധിച്ചതോടെ ഗതാഗതം പലയിടത്തും സ്തംഭിച്ചു. ഇന്റർനെറ്റിന് നിയന്ത്രണം ഏർപ്പെടുത്തി.
1971ല്‍ ബംഗ്ലദേശിനെ പാക്കിസ്ഥാനില്‍നിന്നു സ്വതന്ത്രമാക്കിയ വിമോചനയുദ്ധത്തില്‍ പങ്കെടുത്ത സ്വാതന്ത്ര്യ സമരസേനാനികളുടെ മക്കള്‍ക്കും കൊച്ചുമക്കള്‍ക്കും ഉള്‍പ്പെടെ രാജ്യത്തെ ഉന്നത സര്‍ക്കാര്‍ ജോലികളില്‍ സംവരണം നല്‍കുന്നതിനെതിരെയാണു ബംഗ്ലദേശിൽ പ്രക്ഷോഭം ആരംഭിച്ചത്. സ്വാതന്ത്ര്യ സമരസേനാനികളുടെ പിന്തുടര്‍ച്ചക്കാര്‍ക്കു 30%, സ്ത്രീകള്‍ക്ക് 10%, പിന്നാക്ക ജില്ലക്കാര്‍ക്ക് 10%, ഗോത്രവര്‍ഗക്കാര്‍ക്ക് 5%, ഭിന്നശേഷിക്കാര്‍ക്ക് 1% എന്നിങ്ങനെ സര്‍ക്കാര്‍ ജോലികളില്‍ 56% സംവരണം ഏര്‍പ്പെടുത്താന്‍ വ്യവസ്ഥ ചെയ്യുന്നതാണു ബംഗ്ലദേശ് സംവരണ സംവിധാനം. 44% സര്‍ക്കാര്‍ ജോലികള്‍ മാത്രം മെറിറ്റിന്റെ അടിസ്ഥാനത്തില്‍ നികത്തപ്പെടും.
സംവരണം ചെയ്യപ്പെട്ട ജോലികളിലേക്ക് അതതു വിഭാഗത്തിലെ ആളുകള്‍ എത്തിയിട്ടില്ലെങ്കില്‍ ആ ഒഴിവ് നികത്താതെ കിടക്കുമെന്നതും പ്രത്യേകതയാണ്. ഈ സംവിധാനം അനീതിയാണെന്നു ചൂണ്ടിക്കാട്ടി വര്‍ഷങ്ങളായി വിദ്യാര്‍ഥികളും യുവാക്കളും സമരത്തിലായിരുന്നു. 2018ല്‍ വിദ്യാര്‍ഥി പ്രക്ഷോഭത്തെത്തുടര്‍ന്നു ഷെയ്ഖ് ഹസീന ഗസറ്റഡ് പോസ്റ്റുകളിലേക്കുള്ള (റാങ്ക് 1, 2) സംവരണം പൂര്‍ണമായി അവസാനിപ്പിക്കുകയും സര്‍ക്കാര്‍ തലത്തിലെ മുഴുവന്‍ നിയമനങ്ങളും മെറിറ്റിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്നും ഉത്തരവിട്ടു. എന്നാല്‍, സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്തു സംവരണം തുടരണമെന്നാവശ്യപ്പെട്ട് ഏഴു പേര്‍ നല്‍കിയ റിട്ട് ഹര്‍ജിയില്‍, സംവരണം തുടരാന്‍ ബംഗ്ലദേശ് ഹൈക്കോടതി ജൂണ്‍ 5നു വിധി പ്രഖ്യാപിച്ചു. തുടര്‍ന്നാണു വീണ്ടും സംവരണവിരുദ്ധ പ്രതിഷേധം ആരംഭിച്ചത്. സംവരണം സുപ്രീംകോടതി റദ്ദാക്കി. പിന്നാലെ സർക്കാരിനെതിരെ പ്രക്ഷോഭം ആരംഭിക്കുകയായിരുന്നു.