70 ലക്ഷം ഇന്ത്യക്കാരുടെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ന്നു!
ന്യൂഡല്‍ഹി: 70 ലക്ഷം ഇന്ത്യക്കാരുടെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. 70ലക്ഷം ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നതായി സൈബര്‍ സെക്യൂരിറ്റി വിദഗ്ധന്‍ രാജ്ശേഖര്‍ രാജഹാരിയ വെളിപ്പെടുത്തി.
ഇന്ത്യക്കാരുടെ സ്വകാര്യവിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ പ്രചരിക്കുന്നതായാണ് രാജ്ശേഖര്‍ രാജഹാരിയ കണ്ടെത്തിയത്. കുറ്റകൃത്യങ്ങള്‍ക്ക് ഈ വിവരങ്ങള്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ല. സ്വകാര്യ വിവരങ്ങള്‍ ഉപയോഗിച്ച് തട്ടിപ്പ് നടത്താനുള്ള സാധ്യത കൂടുതലാണ്. ഫിഷിങ്, സ്പാമിങ്ങ് പോലുള്ള തട്ടിപ്പുകള്‍ക്കുള്ള സാധ്യതയും കൂടുതലാണെന്നും രാജ്ശേഖര്‍ രാജഹാരിയ മുന്നറിയിപ്പ് നല്‍കിയതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.
ഡാര്‍ക്ക് വെബില്‍ പ്രചരിക്കുന്ന ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങളില്‍ വാര്‍ഷിക വരുമാനം, ഫോണ്‍ നമ്ബര്‍, ക്രെഡിറ്റ് കാര്‍ഡ് വിശദാംശങ്ങള്‍, ജനനതീയതി അടക്കം ഉള്‍പ്പെടുന്നു. സുപ്രധാന ഡേറ്റകള്‍ സൂക്ഷിച്ചുവെയ്ക്കുന്നതില്‍ സംഭവിച്ച സുരക്ഷാവീഴ്ചയാണ് ഇതിന് കാരണം.
ബാങ്കുകളുമായി സഹകരിക്കുന്ന തേര്‍ഡ് പാര്‍ട്ടി സേവന ദാതാക്കള്‍, പങ്കാളികള്‍ എന്നിവരുടെ ഭാഗത്ത് നിന്ന് ഉണ്ടായ വീഴ്ചയാണ് ഇതിന് കാരണമെന്നും അദ്ദേഹം ആരോപിച്ചു. ഇന്ത്യക്കാരുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ന്നത് സംബന്ധിച്ച് രാജ്യത്തെ സൈബര്‍ സുരക്ഷാ ഏജന്‍സിയായ സെര്‍ട്ടിനെ അറിയിച്ചതായും രാജ്ശേഖര്‍ രാജഹാരിയ പറയുന്നു.