പുതുവർഷത്തിലും നിലയ്ക്കാത്ത വെടിയൊച്ച , ചോരപ്പുഴയൊഴുക്കി ഇസ്രായേൽ; 68 പേർ കൊല്ലപ്പെട്ടു, മരണപ്പെട്ടവരിൽ പോലീസ് മേധാവിയും
ടെൽ അവീവ്: ഗാസയിൽ ചോരപ്പുഴയൊഴുകി ഇസ്രായേൽ. കഴിഞ്ഞ 24 മണിക്കൂറിനിടെ നടന്ന ആക്രമണത്തിൽ ഗാസ മുനമ്പിലുടനീളം 68 പേരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ഹമാസ് നിയന്ത്രിത പോലീസ് സേനയുടെ തലവനും അദ്ദേഹത്തിന്റെ സഹായിയും ഉൾപ്പെടെ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്കിടയിൽ ഗാസയിൽ ഒരു ദിവസം ഏറ്റവും പേർ കൊല്ലപ്പെട്ട ആക്രമണമാണ് ഇസ്രായേൽ അഴിച്ചുവിട്ടത്.
തെക്കൻ ഗാസയിലെ പലസ്‌തീൻ തീവ്രവാദ ഗ്രൂപ്പായ ഹമാസിന്റെ സുരക്ഷാ സേനയുടെ തലവനാണ് കൊല്ലപ്പെട്ടവരിൽ ഒരാളെന്ന് ഇസ്രായേൽ പറഞ്ഞു. സിവിലിയൻമാരുടെ മേഖലയായി നിശ്ചയിക്കപ്പെട്ടിരുന്ന അൽ-മവാസി ജില്ലയിലാണ് ആക്രമണം നടന്നത്. 14 മാസത്തോളമായി തുടരുന്ന യുദ്ധത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ സാധാരണക്കാരുടെ അഭയകേന്ദ്രമായി നിശ്ചയിക്കപ്പെട്ട ഇടമായിരുന്നു അൽ-മവാസി.
ഗാസയിലെ പോലീസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്‌ടർ ജനറൽ മഹ്മൂദ് സലായും ക്യാമ്പിലെ താമസക്കാരെ നിയന്ത്രിക്കുന്ന അദ്ദേഹത്തിന്റെ സഹായി ഹുസാം ഷാവാനും ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഹമാസ് നേതൃത്വം നൽകുന്ന ഗാസ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇസ്രായേൽ മേഖലയിൽ അരാജകത്വം പടർത്താനാണ് ശ്രമിക്കുന്നത് എന്നായിരുന്നു ഹമാസ് ആരോപിച്ചത്.
ഖാൻ യൂനിസ് നഗരത്തിൻ്റെ പടിഞ്ഞാറുള്ള അൽ-മവാസിയിൽ രഹസ്യാന്വേഷണ അധിഷ്‌ഠിത ആക്രമണം നടത്തിയതായും തെക്കൻ ഗാസയിൽ ഹമാസ് സേനയെ നയിച്ച ഷാവാനെ ഇല്ലാതാക്കിയതായും ഇസ്രായേൽ സൈന്യം പറഞ്ഞു. എന്നാൽ പോലീസ് ഡയറക്‌ടർ സലായുടെ മരണത്തെക്കുറിച്ച് അവർ പുറത്തുവിട്ട പ്രസ്‌താവനയിൽ പരാമർശമില്ല.
ഖാൻ യൂനിസിലെ ആഭ്യന്തര മന്ത്രാലയ ആസ്ഥാനത്തും വടക്കൻ ഗാസയിലെ ജബാലിയ അഭയാർത്ഥി ക്യാമ്പ്, ഷാതി (ബീച്ച്) ക്യാമ്പ്, സെൻട്രൽ ഗാസയിലെ മഗാസി ക്യാമ്പ്, ഗാസ സിറ്റി എന്നിവിടങ്ങളിൽ ആറ് പേർ ഉൾപ്പെടെ 57 പലസ്‌തീനികൾ ഇസ്രായേൽ നടത്തിയ മറ്റ് വിവിധ വ്യോമാക്രമണങ്ങളിൽ കൊല്ലപ്പെട്ടിരുന്നു. ഇത് കൂടി ചേരുന്നതോടെ മരണസംഖ്യ 68 ആയി ഉയർന്നു.
മാനുഷിക മേഖലയായി കണക്കാക്കിയിരുന്ന ഖാൻ യൂനിസ് മുനിസിപ്പാലിറ്റി കെട്ടിടത്തിനുള്ളിലെ കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിൽ പ്രവർത്തിക്കുന്ന ഹമാസ് തീവ്രവാദികളെയാണ് തങ്ങൾ ലക്ഷ്യമിട്ടതെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. സാധാരണക്കാർ ബാധിക്കപ്പെടുന്നത് തടയാനുള്ള നടപടികളെല്ലാം കൈക്കൊണ്ടിരുന്നു എന്നാണ് ഇസ്രായേൽ സൈന്യം പറയുന്നത്.
ഗാസ തീവ്രവാദികൾ പാർപ്പിട പ്രദേശങ്ങൾ ഒളിക്കാനായി ഉപയോഗിക്കുന്നതായി ഇസ്രായേൽ സൈന്യം ആരോപിച്ചെങ്കിലും ഹമാസ് ഇത് നിഷേധിച്ചു രംഗത്ത് വന്നിരുന്നു. അതേസമയം, ഇതുവരെ 45,500 പലസ്‌തീനികളെ എങ്കിലും യുദ്ധത്തിൽ ഇസ്രായേൽ കൊലപ്പെടുത്തിയതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.