ന്യൂഡല്‍ഹി: കോടിക്കണക്കിന് രൂപയുടെ ബിറ്റ്‌കോയിന്‍ നിക്ഷേപത്തട്ടിപ്പ് കേസില്‍ സ്ത്രീ അറസ്റ്റില്‍. രാജ്യത്തെ ഏറ്റവും വലിയ നിക്ഷേപത്തട്ടിപ്പ് കേസുകളിലൊന്നായ ‘ഗെയിന്‍ബിറ്റ്‌കോയിന്‍’ തട്ടിപ്പിലാണ് കമ്പനി പ്രൊമോട്ടറായ സിംപി ഭരദ്വാജ് എന്ന സിംപി കൗറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ചയാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നും മുംബൈയിലെ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ഡിസംബര്‍ 26 വരെ ഇ.ഡി.യുടെ കസ്റ്റഡിയില്‍ വിട്ടതായും ഇ.ഡി. അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡില്‍ മൂന്ന് ആഡംബര കാറുകളും 18.91 ലക്ഷം രൂപയുടെ ആഭരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. കേസില്‍ ഇതുവരെ 69 കോടിയോളം രൂപയുടെ സ്വത്ത് കണ്ടുകെട്ടിയതായും ഇ.ഡി. വ്യക്തമാക്കി.
സിംപി കൗര്‍ ഉള്‍പ്പെടെയുള്ളവര്‍ ഏകദേശം 6,600 കോടി രൂപയാണ് ബിറ്റ്‌കോയിന്‍ നിക്ഷേപത്തിന്റെ മറവില്‍ തട്ടിയെടുത്തതെന്നാണ് ഇ.ഡി.യുടെ കണ്ടെത്തല്‍. ബിറ്റ്‌കോയിന്‍ രൂപത്തില്‍ നിക്ഷേപം സ്വീകരിച്ച് മാസംതോറും നിശ്ചിത പ്രതിഫലം ഉറപ്പുനല്‍കിയാണ് പ്രതികള്‍ തട്ടിപ്പുനടത്തിയിരുന്നത്. 18 മാസത്തെ നിക്ഷേപത്തിന് ഇരട്ടിയിലധികം പ്രതിഫലവും വാഗ്ദാനം ചെയ്തിരുന്നു.
വാരിയബിള്‍ ടെക് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരില്‍ ‘ഗെയിന്‍ബിറ്റ്‌കോയിന്‍’ എന്നറിയപ്പെടുന്ന പദ്ധതിയിലൂടെയാണ് വന്‍ തട്ടിപ്പ് നടന്നത്. സിംപിയുടെ ഭര്‍ത്താവും കമ്പനിയുടെ പ്രൊമോട്ടറുമായ അജയ് ഭരദ്വാജ്, മറ്റുപ്രൊമോട്ടര്‍മാരായ അമിത് ഭരദ്വാജ്, വിവേക് ഭരദ്വാജ്, മഹേന്ദര്‍ ഭരദ്വാജ് എന്നിവരാണ് കേസിലെ മറ്റുപ്രധാനപ്രതികള്‍. കമ്പനിയുടെ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് ഏജന്റുമാരും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
മഹാരാഷ്ട്രയിലും ഡല്‍ഹിയിലും കമ്പനിക്കെതിരേ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് സംഭവത്തില്‍ ഇ.ഡി.യും അന്വേഷണം ആരംഭിച്ചത്. വന്‍പ്രതിഫലം വാഗ്ദാനം ചെയ്ത് നിക്ഷേപങ്ങള്‍ സ്വീകരിച്ചതില്‍ സിംപി ഭരദ്വാജ് ഉള്‍പ്പെടെയുള്ളവര്‍ക്ക് കൃത്യമായ പങ്കുണ്ടെന്നാണ് ഇ.ഡി.യുടെ കണ്ടെത്തല്‍.
ബിറ്റ്‌കോയിന്‍ രൂപത്തില്‍ വന്‍തുക നിക്ഷേപം സ്വീകരിച്ച പ്രതികള്‍ ഇത് വിദേശത്തെ കമ്പനികളിലേക്കാണ് മാറ്റിയതെന്നും വിദേശരാജ്യങ്ങളില്‍ ഒട്ടേറെ വസ്തുവകകള്‍ വാങ്ങാനായി ഇത് ചെലവഴിച്ചെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. അതേസമയം, കേസിലെ മുഖ്യപ്രതികളായ അജയ് ഭരദ്വാജ്, മഹേന്ദര്‍ ഭരദ്വാജ് എന്നിവരടക്കം ഇപ്പോഴും ഒളിവിലാണ്.