മുംബൈ: റിലയന്‍സ് ജിയോ പ്രീപെയിഡ് നിരക്കുകള്‍ വര്‍ധിപ്പിച്ചത് മുതല്‍ ബിഎസ്എന്‍എല്‍ വാര്‍ത്തക്കളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. കാരണം നിരവധി പേര്‍ ബിഎസ്എന്‍എല്ലിലേക്ക് മാറിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അവരുടെ 5ജി സര്‍വീസുകള്‍ സംബന്ധിച്ച വാര്‍ത്തകളും വൈറലായിരുന്നു. അതിവേഗ ഇന്റര്‍നെറ്റും അതുപോലെ കോള്‍ ഫീച്ചറുകളും 5ജി നെറ്റ് വര്‍ക്കിലൂടെ നല്‍കാന്‍ പോവുകയാണ് ബിഎസ്എന്‍എല്‍.
ജിയോ, എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നിവര്‍ നിരക്ക് ഉയര്‍ത്തിയപ്പോള്‍ ബിഎസ്എന്‍എല്ലിലേക്ക് സബ്‌സ്‌ക്രൈബര്‍മാരുടെ വലിയ കുത്തൊഴുക്കാണ് ഉണ്ടായിരിക്കുന്നത്. ഇവര്‍ക്കൊപ്പം പിടിച്ചുനില്‍ക്കാനായി അതിവേഗ ഇന്റര്‍നെറ്റ് യൂസര്‍മാരിലേക്ക് എത്തിക്കാനാണ് ബിഎസ്എന്‍എല്‍ നീക്കം.
പ്രീപെയ്ഡ് നിരക്കുകള്‍ ജിയോ വര്‍ധിപ്പിച്ചതിന് ശേഷം 2.75 മില്യണ്‍ ഉപയോക്താക്കളെയാണ് അധികമായി ബിഎസ്എന്‍എല്ലിന് ലഭിച്ചിരിക്കുന്നത്. നിരവധി പേരാണ് പോര്‍ട്ട് ചെയ്ത് ബിഎസ്എന്‍എല്ലിലേക്ക് മാറിയതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ജൂലായ് 3, 4 തിയതികളാണ് നിരക്ക് വര്‍ധന നിലവില്‍വന്നത്. അതിന് ശേഷം രണ്ടരലക്ഷം യൂസര്‍മാരാണ് പോര്‍ട്ട് ചെയ്ത് ബിഎസ്എന്‍എല്ലിലേക്ക് മാറിയത്.
പലര്‍ക്കും ജിയോയുടെ അടക്കം നിരക്ക് വര്‍ധന താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ബിഎസ്എന്‍എല്‍ ആണെങ്കില്‍ പ്ലാനുകലുടെ നിരക്കും വര്‍ധിപ്പിച്ചിരുന്നില്ല. ഇതോടെയാണ് ചെലവ് കുറഞ്ഞ ബിഎസ്എന്‍എല്ലിലേക്ക് പലരും മാറിയത്. പ്രത്യേകിച്ച് കുറഞ്ഞ തുകയ്ക്ക് റീച്ചാര്‍ജ് ചെയ്യുന്നവരാണ് ജിയോയെ കൈവിട്ടത്.
ബിഎസ്എന്‍എല്ലിന്റെ സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണം വര്‍ധിച്ച് കൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 4ജി നെറ്റ് വര്‍ക്കിലുള്ള എല്ലാവര്‍ക്കും 5ജി കൂടി ലഭ്യമാക്കാനാണ് ബിഎസ്എന്‍എല്‍ തീരുമാനിച്ചിരിക്കുന്നത്.
തദ്ദേശീയമായ സാങ്കേതികവിദ്യയുടെ സഹായത്തോടെ പുതിയ 4ജി നെറ്റ്‌വര്‍ക്കുകള്‍ രാജ്യത്താകെ സ്ഥാപിക്കും. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ രാജ്യത്താകെ ഈ സേവനങ്ങള്‍ ലഭ്യമാക്കുമെന്നും മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കുമ്പോള്‍ ചൈനയോ മറ്റേതെങ്കിലും വിദേശരാജ്യങ്ങളും ഉപകരണങ്ങളോ പാടില്ലെന്ന് പ്രധാനമന്ത്രിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അതാണ് പുതിയ സാങ്കേതികവിദ്യ തദ്ദേശീയമായി നിര്‍മിക്കാനുള്ള തീരുമാനത്തിന് പിന്നിലെന്നും സിന്ധ്യ വിശദീകരിച്ചു.
പലയിടത്തും ടവറുകള്‍ സ്ഥാപിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 80000 ടവറുകള്‍ ഒക്ടോബര്‍ അവസാനത്തോടെ നിലവില്‍ വരും. 21000 ടവറുകല്‍ കൂടി അടുത്ത മാര്‍ച്ചിലുമെത്തും. 2025ഓടെ ഒരു ലക്ഷത്തില്‍ അധികം ടവറുകല്‍ കൂടുതലായി ലഭിക്കും. ഇത് ഇന്റര്‍നെറ്റ് വേഗത അടക്കം വര്‍ധിപ്പിക്കും. 4ജി കോറില്‍ നിന്ന് തന്നെ 5ജിയും ഉപയോഗിക്കാന്‍ സാധിക്കും. ടവറുകള്‍ 5ജി ആക്കുക മാത്രമാണ് വേണ്ടത്.