ലഖ്നൗ: ഭര്‍ത്താവിനെ കൊല്ലുന്നയാള്‍ക്ക് 50,000 രൂപ പ്രതിഫലം വാഗ്ദാനം ചെയ്ത് വാട്സാപ്പ് സ്റ്റാറ്റസിട്ട യുവതിക്കെതിരേ പോലീസ് കേസെടുത്തു. ഭര്‍ത്താവിന്റെ പരാതിയിലാണ് ഉത്തര്‍പ്രദേശിലെ ബാഹ് പോലീസ് യുവതിക്കെതിരേ കേസെടുത്തത്. ഭാര്യയുടെ ആണ്‍സുഹൃത്ത് തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ഭര്‍ത്താവ് ആരോപിച്ചിട്ടുണ്ട്.
ബാഹ് സ്വദേശിയാണ് ഭാര്യയുടെ വാട്സാപ്പ് സ്റ്റാറ്റസ് കണ്ടതിന് പിന്നാലെ പരാതിയുമായി പോലീസിനെ സമീപിച്ചത്. 2022 ജൂലായിലാണ് യുവാവും മധ്യപ്രദേശിലെ ബിന്ദ് സ്വദേശിയായ യുവതിയും വിവാഹിതരായത്. വിവാഹത്തിന് പിന്നാലെ ദാമ്പത്യജീവിതത്തില്‍ പ്രശ്നങ്ങളുണ്ടായി. ദമ്പതിമാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങളും തര്‍ക്കവും രൂക്ഷമായി.
ഇതോടെ അഞ്ചുമാസത്തിന് ശേഷം ഭാര്യ സ്വന്തംവീട്ടിലേക്ക് മടങ്ങിപ്പോയി. ജീവനാംശം തേടി ഭര്‍ത്താവിനെതിരേ കേസും ഫയല്‍ചെയ്തു. ഇതിനുപിന്നാലെയാണ് തന്നെ കൊല്ലുന്നയാള്‍ക്ക് പ്രതിഫലം വാഗ്ദാനം ചെയ്ത് വാട്സാപ്പ് സ്റ്റാറ്റസിട്ടതെന്നാണ് ഭര്‍ത്താവിന്റെ ആരോപണം. മൂന്നുമാസം മുന്‍പ് ഭാര്യയുടെ മാതാപിതാക്കള്‍ തനിക്കെതിരേ വധഭീഷണി മുഴക്കിയതായും ഭര്‍ത്താവിന്റെ പരാതിയിലുണ്ട്.
അയല്പക്കത്ത് വാടകയ്ക്ക് താമസിക്കുന്ന യുവാവുമായി ഭാര്യയ്ക്ക് രഹസ്യബന്ധമുണ്ടെന്നാണ് പരാതിക്കാരന്റെ പ്രധാന ആരോപണം. ഈ ബന്ധത്തെച്ചൊല്ലിയാണ് വിവാഹശേഷം തര്‍ക്കങ്ങള്‍ ആരംഭിച്ചതെന്നും ഭാര്യയുടെ ആണ്‍സുഹൃത്ത് ഫോണില്‍ വിളിച്ച് തന്നെ കൊല്ലുമെന്ന് ഭീഷണിമുഴക്കിയതായും യുവാവ് പറയുന്നു. യുവാവിന്റെ പരാതിയില്‍ കേസെടുത്തതായും അന്വേഷണം തുടരുകയാണെന്നും ബാഹ് പോലീസ് അറിയിച്ചു.