കൊവിഡ് മരണം 50000 രൂപ സഹായധനം,പണം സംസ്ഥാനങ്ങൾ നൽകണമെന്ന് കേന്ദ്ര സർക്കാർ
ന്യൂഡൽഹി:കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് സഹായധനമായി സംസ്ഥാനങ്ങള്‍ 50,000 രൂപ നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍. ദുരന്തനിവരാണ ഫണ്ടില്‍ നിന്ന് തുക കണ്ടെത്തണം. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ മാര്‍ഗരേഖയിലാണ് നിര്‍ദ്ദേശം.
കൊവിഡ് ബാധിച്ചവര്‍ക്കും മരിച്ചവരുടെ കുടുംബത്തിനും നഷ്ടപരിഹാരം നൽകുന്നകാര്യത്തിൽ ദേശീയ തലത്തിൽ ഏകീകൃത സംവിധാനം ഉണ്ടാകേണ്ടതാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.ദുരന്ത നിവാരണ നിയമപ്രകാരം അതിനുള്ള തീരുമാനം ഉണ്ടാകേണ്ടതാണ്. ഇതിന്‍റെ സാധ്യത കേന്ദ്ര സര്‍ക്കാര്‍ പരിശോധിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു.
മരണ സര്‍ട്ടിഫിക്കറ്റുകളിൽ കൊവിഡ് മൂലമാണ് മരിച്ചതെന്ന് രേഖപ്പെടുത്തുന്നതിന് കൃത്യമായ നിര്‍ദ്ദേശം നൽകണം. മരണ സര്‍ട്ടിഫിക്കറ്റുകളുടെ പേരിൽ മരിച്ചവരുടെ കുടുംബത്തിന് അനുകൂല്യം നിഷേധിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്നും കോടതി ആവശ്യപ്പെട്ടു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് 4 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിൽ വാദം കേൾക്കുമ്പോഴായിരുന്നു കോടതി പരാമര്‍ശങ്ങൾ നടത്തിയത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നതടക്കം ആവശ്യങ്ങളുന്നയിച്ച് അഭിഭാഷകനായ ഗൗരവ് കുമാർ ബൻസലാണ് പൊതുതാൽപര്യഹർജി നൽകിയത്.
നഷ്ടപരിഹാരം നൽകാനാകില്ലെന്നാണ് കേന്ദ്രസർക്കാരിന്റെ നിലപാട്. ഇത് നേരത്തെ കോടതിയെ അറിയിച്ചിരുന്നു.ആരോഗ്യമേഖലയിൽ ചിലവ് വർധിക്കുകയും നികുതി വരുമാനം കുറയുകയും ചെയ്ത സാഹചര്യത്തിൽ നഷ്ടപരിഹാരം നൽകുന്നത് സാധ്യമല്ലെന്നാണ് കേന്ദ്രസർക്കാർ വാദം.നയപരമായ വിഷയമായതിനാൽ കോടതി ഇടപെടരുതെന്നും കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരുന്നു.ഇത് തള്ളി നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിടുകയായിരുന്നു
കൊവിഡ് ബാധിച്ച് മരണപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനെ സംബന്ധിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സെപ്റ്റംബര്‍ 23നകം ഹാജരാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെടുകയും ചെയ്തു.
കൊവിഡ് രോഗബാധിതനായിരിക്കെ അപകടം മൂലമോ വിഷം കഴിച്ചോ അല്ലെങ്കില്‍ മറ്റേതെങ്കിലും തരത്തിലോ മരണം സംഭവിക്കുന്നവര്‍ക്കും കൊവിഡ് പോസിറ്റിവ് സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നും, കൊവിഡ് രോഗികള്‍ക്ക് നല്‍കി വരുന്ന എല്ലാ ആനുകൂല്യങ്ങളും ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു.
കൊവിഡ് ബാധിതനായിരിക്കെ ആത്മഹത്യ ചെയ്താല്‍ നഷ്ടപരിഹാരം നല്‍കാനാവില്ല എന്ന കേന്ദ്രനയം അംഗീകരിക്കാനാവില്ലെന്നും ഇക്കാര്യം പരിഗണിക്കണമെന്നും ജസ്റ്റിസ് എം.ആര്‍. ഷാ, ജസ്റ്റിസ് എ.എസ്.ബൊപ്പണ്ണ എന്നിവരുടെ ബെഞ്ച് വിധിച്ചിരുന്നു.