ഒറ്റ അക്കൗണ്ടിൽ 5 പ്രൊഫൈലുകൾ ഉപയോഗിക്കാം, പുതിയ തന്ത്രവുമായി ഫെയ്സ്ബുക്
കാലിഫോര്‍ണിയ:പുതിയ ഉപയോക്താക്കളെ ആകർഷിക്കാനും നിലവിലുള്ളവരെ പിടിച്ചുനിർത്താനും തന്ത്രങ്ങൾ മെനയുകയാണ് മാർക്ക് സക്കർബർഗിന്റെ കമ്പനിയായ മെറ്റാ. ഒരൊറ്റ അക്കൗണ്ടിൽ 5 പ്രൊഫൈലുകൾ ഉപയോഗിക്കാൻ അനുവദിക്കുന്നതാണ് പുതിയ സംവിധാനം. ഇത് പോസ്റ്റുചെയ്യുന്നതും ഷെയർ ചെയ്യുന്നതും പ്രോത്സാഹിപ്പിക്കുന്നതിനുള്ള കമ്പനിയുടെ ഏറ്റവും പുതിയ ശ്രമമാണ്.
ഇപ്പോൾ ചില ഫെയ്സ്ബുക് ഉപയോക്താക്കൾക്ക് നാല് അധിക പ്രൊഫൈലുകൾ സൃഷ്ടിക്കാൻ കഴിയുന്നുണ്ട്. ഓരോരുത്തർക്കും അധിക പ്രൊഫൈലിൽ ഒരു വ്യക്തിയുടെ യഥാർഥ പേരോ ഐഡന്റിറ്റിയോ ഉൾപ്പെടുത്തേണ്ടതില്ല എന്നും പറയുന്നുണ്ട്. അക്കൗണ്ട് ഉടമയ്ക്ക് അധിക പ്രൊഫൈലുകള്‍ അവരുടെ സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും സൃഷ്ടിക്കാനും സഹായിക്കാം. ഓരോ പ്രൊഫൈലിനും അതിന്റേതായ ഫീഡ് ഉണ്ടായിരിക്കാം. എന്നാൽ ഒരേ അക്കൗണ്ടിലെ വിവിധ പ്രൊഫൈലുകൾക്ക് പോസ്റ്റിന് കമന്റ് ചെയ്യാനോ ലൈക്ക് ചെയ്യാനോ മാത്രമാണ് പ്രൊഫൈൽ ഉപയോക്താക്കൾക്ക് സാധിക്കുക.
മെറ്റാ ലോകത്തിലെ ഏറ്റവും വലിയ സമൂഹ മാധ്യത്തിൽ ഉപയോക്താക്കളെ കൂടുതൽ ഇടപഴകാനുള്ള ശ്രമങ്ങൾ ശക്തമാക്കുകയാണ്. നിലവിൽ ഫെയ്സ്ബുക്കിന്റെ വളർച്ച മന്ദഗതിയിലാണ്. പ്രത്യേകിച്ച് യുവ ഉപയോക്താക്കൾക്കിടയിൽ ഫെയ്സ്ബുക് പിന്നോട്ടാണ്. ഫെയ്സ്ബുക് നേരത്തേയും ഒന്നിലധികം പ്രൊഫൈലുകൾ സൃഷ്ടിക്കാൻ അനുമതി നൽകിയിട്ടുണ്ട്.
എന്നാൽ അതെല്ലാം പരിമിതമായ രീതിയിൽ ആയിരുന്നു. ഉദാഹരണത്തിന് പൊതു വ്യക്തികൾക്ക്, സെലിബ്രിറ്റികൾക്ക് വർഷങ്ങളായി ഒന്നിലധികം പ്രൊഫൈലുകൾ കൈകാര്യം ചെയ്യാൻ കഴിഞ്ഞിരുന്നു. കൂടാതെ ഡേറ്റിങ്, പഠനം, ജോലി ആവശ്യങ്ങൾക്ക് വേണ്ടി വ്യത്യസ്ത ഐഡന്റിറ്റികൾ സൃഷ്ടിക്കാനും കമ്പനി ഉപയോക്താക്കളെ അനുവദിക്കുന്നുണ്ട്.
ഫെയ്‌സ്ബുക്കിന്റെ ഉള്ളടക്ക നയങ്ങൾ എല്ലാ അധിക പ്രൊഫൈലുകളും പാലിക്കേണ്ടിവരും. അത് ഒരു ഉപയോക്താവിന്റെ പ്രധാന അക്കൗണ്ടുമായി ബന്ധിപ്പിക്കും. അതായത് ഒരു പ്രൊഫൈലിലെ നിയമ ലംഘനങ്ങൾ മറ്റുള്ളവരെയും ബാധിക്കുമെന്ന് കമ്പനി അറിയിച്ചു. ഒന്നിലധികം പ്രൊഫൈൽ സൃഷ്ടിക്കൽ ഇപ്പോൾ ഒരു പരീക്ഷണം മാത്രമാണെന്നും റിപ്പോർട്ടുകളുണ്ട്.