അമിത വേഗത്തില്‍ വന്ന ലോറി 16 വാഹനങ്ങളില്‍ ഇടിച്ച് നാലു പേര്‍ മരിച്ചു
സേലം: ബംഗളൂരു -സേലം റോഡില്‍ അതിര്‍ത്തിയോട് ചേര്‍ന്ന് ധര്‍മ്മപുരി തോപ്പൂര്‍ ഘട്ടില്‍ അമിതവേഗതയില്‍ വന്ന കണ്ടെയ്‌നര്‍ ലോറി 16 വാഹനങ്ങളില്‍ ഇടിച്ച് നാല് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകീട്ട് നാലുമണിയോടെയാണ് അപകടം.
സംഭവ സ്ഥലത്ത് മറ്റൊരു ട്രക്ക് ബ്രേക്ക്ഡൗണായതിനാല്‍ ട്രാഫിക് ജാം രൂപപ്പെട്ടിരുന്നു. പോലീസും എന്‍.എച്ച് അധികൃതരും ചേര്‍ന്ന് ഇത് നീക്കുന്നതിനിടെയാണ് ആന്ധ്രയില്‍ നിന്ന് സിമന്റ് കയറ്റി അമിത വേഗതയില്‍ വന്ന ലോറി നിയന്ത്രണം വിട്ട് മറ്റുവാഹനങ്ങളിലേക്ക് ഇടിച്ചു കയറിയത്. അപകടത്തില്‍ 12 കാറുകള്‍, രണ്ട് മിനി ട്രക്കുകള്‍, രണ്ട് മോട്ടോര്‍ സൈക്കിളുകള്‍ എന്നിവ തകര്‍ന്നു.
ട്രക്ക് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്ന് ദൃക്‌സാക്ഷിയായ തോപ്പൂര്‍ ടോള്‍ പ്ലാസ മാനേജര്‍ നരേഷ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കുന്നിറക്കമുള്ള ഇവിടെ ഇന്ധനം ലാഭിക്കാന്‍ വാഹനങ്ങള്‍ ന്യൂട്രലില്‍ ഓടിക്കുന്നത് പതിവാണ്. അപകടംവരുത്തിയ ലോറിയും ഇത്തരത്തില്‍ വന്നതാണെന്ന് കരുതുന്നു. തുടര്‍ന്ന്, ബ്രേക്ക് കിട്ടാതെ നിയന്ത്രണം നഷ്ടമായതാണ് ദുരന്തത്തിലേക്ക് വഴി നയിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ധര്‍മപുരി ജില്ല കലക്ടര്‍ എസ്.പി കാര്‍ത്തികയും പോലീസ് സൂപ്രണ്ട് സി പ്രവേഷ്‌കുമാറും അപകട സ്ഥലം സന്ദര്‍ശിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതര പരിക്കേറ്റതായും മറ്റ് പത്ത് പേര്‍ക്ക് നിസാര പരിക്കേറ്റതായും കളക്ടര്‍ കാര്‍ത്തിക അറിയിച്ചു. പരിക്കേറ്റവര്‍ സര്‍ക്കാര്‍ മോഹന്‍ കുമാരമംഗലം മെഡിക്കല്‍ കോളജ്, ധര്‍മ്മപുരി മെഡിക്കല്‍ കോളജ് ആശുപത്രി എന്നിവിടങ്ങളില്‍ ചികിത്സയിലാണ്.