ആലപ്പുഴ: ദേശീയ പണിമുടക്കിനിടെ നൊബേല്‍ സമ്മാന ജേതാവ് മൈക്കിള്‍ ലെവിറ്റ് സഞ്ചരിച്ച ഹൗസ് ബോട്ട് കെട്ടിയിട്ട സംഭവത്തില്‍ നാലു പേര്‍ അറസ്റ്റില്‍. ആലപ്പുഴ കൈനകരി സ്വദേശികളായ ജോയി, സാബു, സുധീര്‍, അജി എന്നിവരെയാണു പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ പരാതിയില്ലെന്നു ലെവിറ്റ് വ്യക്തമാക്കിയിരുന്നു. എന്നാല്‍, പോലീസ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു എന്നാണു വിവരം. സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞതിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
ദേശീയ പണിമുടക്കിനിടെ ലെവിറ്റ് സഞ്ചരിച്ച ഹൗസ് ബോട്ട് സമരാനുകൂലികള്‍ തടഞ്ഞ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ക്ഷമ ചോദിച്ചിരുന്നു. സര്‍ക്കാരിനു വേണ്ടി കോട്ടയം ജില്ലാ കളക്ടര്‍ സുധീര്‍ ബാബുവാണു വ്യാഴാഴ്ച രാവിലെ ലെവിറ്റിനെ നേരിട്ടുകണ്ടു ക്ഷമ ചോദിച്ചത്. ലെവിറ്റ് സഞ്ചരിച്ചിരുന്ന ഹൗസ് ബോട്ട് തടഞ്ഞ സംഭവം ഗൗരവതരമാണെന്നും സംഭവത്തില്‍ നടപടിയുണ്ടാകുമെന്നും കൂടിക്കാഴ്ചയ്ക്കുശേഷം കോട്ടയം ജില്ലാ കളക്ടര്‍ പ്രതികരിച്ചു.
സമരാനുകൂലികള്‍ ഹൗസ് ബോട്ട് തടഞ്ഞതിനെ ബുധനാഴ്ച ലെവിറ്റ് നിശിതമായി വിമര്‍ശിച്ചിരുന്നു. താന്‍ കൊള്ളക്കാരുടെ തോക്കിനു മുന്നില്‍ പെട്ടപോലെയായിരുന്നു എന്നാണു ലെവിറ്റ് സംഭവശേഷം മാധ്യമങ്ങളോടു പ്രതികരിച്ചത്. സര്‍ക്കാരിന്റെ അതിഥിയായിട്ടും വിഐപിയായിട്ടും ഒരു മണിക്കൂറോളം തന്നെ തടഞ്ഞുവച്ചെന്നും ലെവിറ്റ് കുറ്റപ്പെടുത്തി. ലെവിറ്റും ഭാര്യയുമുള്‍പ്പെടെയുള്ളവര്‍ യാത്ര ചെയ്ത ബോട്ടാണ് ഒന്നര മണിക്കൂറോളം സമരാനുകൂലികള്‍ കെട്ടിയിട്ടത്.