KeralaNews

കാലവര്‍ഷം അവസാനിച്ചു,തുലാവര്‍ഷം 34 ശതമാനം അധികം ലഭിയ്ക്കും,വീണ്ടും പ്രളയഭീതി?

തിരുവനന്തപുരം: തുലാവർഷം കേരളത്തിന് ആശ്വാസമാകുമെന്ന് കാലാവസ്ഥ പ്രവചനം. ഇത്തവണത്തെ തുലാവർഷത്തിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മൺസൂൺ കേരളത്തെ ചതിച്ചു. അതുകൊണ്ട് തന്നെ പ്രതീക്ഷിച്ച മഴ ലഭിച്ചില്ല. ഇത് കാർഷിക മേഖലയ്ക്കും വൈദ്യുതി ഉൽപാദനത്തിലും കേരളത്തിന് വലിയ പ്രതിസന്ധിയായി.

ഇത്തവണ തുലാവർഷം 2023 സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഒക്ടോബർ മാസത്തിലും സാധാരണ ഈ കാലയളവിൽ ലഭിക്കുന്ന മഴയെക്കാൾ കൂടുതൽ ലഭിക്കാൻ സാധ്യതയുണ്ടെന്ന് പ്രവചനമുണ്ട്. കഴിഞ്ഞദിവസങ്ങളിൽ സംസ്ഥാനത്ത് ശക്തമായ മഴ പെയ്‌തെങ്കിലും തുലാവർഷം കനിഞ്ഞില്ലെങ്കിൽ കേരളം വരൾച്ചയുടെ പിടിയിലാവും. തുലാവർഷത്തിൽ മെച്ചപ്പെട്ട തോതിൽ മഴ ലഭിക്കുമെന്നാണ് പ്രവചനം അതുകൊണ്ട് തന്നെ ആശ്വാസമാണ്.

ഏറ്റവും കുറവ് മഴ ലഭിച്ച കാലവർഷങ്ങളിലൊന്നായിരുന്നു 2023 ലെ കാലവർഷം. ജൂൺ 1 ന് തുടങ്ങിയ കാലവർഷം അവസാനിച്ചപ്പോൾ കേരളത്തിൽ ഇത്തവണ 34% മഴകുറവാണ് രേഖപ്പെടുത്തിയത്. 2023 കാലവർഷത്തിൽ 2018.6 മി മീ മഴ ലഭിക്കേണ്ടതാണ്. എന്നാൽ ലഭിച്ചതാകട്ടെ 1326.1 മി മീ മഴ മാത്രം. 123 വർഷത്തിനിടെ 1918 നും 76 നും ശേഷം ഏറ്റവും കുറവ് മഴ ലഭിച്ച മൂന്നാമത്തെ കാലവർഷം ആയിരുന്നു ഇത്. എല്ലാ ജില്ലകളിലും മഴയിൽ കുറവുണ്ടായി.

വയനാട് ( 55% കുറവ് ) ഇടുക്കി ( 54% കുറവ് ) ജില്ലകളിലാണ് ഏറ്റവും കുറവ് മഴ ലഭിച്ചത്. ഈ ജില്ലകളിൽ സാധാരണ ലഭിക്കേണ്ട മഴയെക്കാൾ ഏറ്റവും കുറവ് മഴയാണ് ഇക്കുറി ലഭിച്ചത്. കാസർകോടാണ് ഇത്തവണത്തെ കാലവർഷത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. എന്നാൽ അവിടെ പോലും പ്രതീക്ഷിച്ചതിലും വലിയ കുറവായിരുന്നു മഴയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സംസ്ഥാനത്ത് ഇക്കുറി കാലവർഷത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ച കാസർകോട് ജില്ലയിൽ (2272 മി മീ) 20% കുറവാണ് രേഖപ്പെടുത്തിയത്.

കേരളത്തിൽ ഇന്നുകൂടി കനത്തമഴ തുടരുമെന്നാണ് കാലാവസ്ഥാവകുപ്പ് പറയുന്നത്. ശക്തി കുറയുമെങ്കിലും ഒക്ടോബർ ആറുവരെ മഴയ്ക്ക് സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും രൂപപ്പെട്ട ന്യൂനമർദങ്ങളാണ് കാലവർഷത്തെ സജീവമാക്കിയത്. ശനിയാഴ്ച എറണാകുളം സൗത്തിൽ 13 സെന്റീമീറ്ററും ഹോസ്ദുർഗിൽ 11 സെന്റീമീറ്ററും കൊയിലാണ്ടിയിലും പള്ളുരുത്തിയിലും 10 സെന്റീമീറ്റർ വീതവും മഴപെയ്തു.

ഇന്ന് അഞ്ചു ജില്ലകളിൽ മഞ്ഞ മുന്നറിയിപ്പുണ്ട്. ഞായറാഴ്ച ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് മഞ്ഞ മുന്നറിയിപ്പ്. അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദം തീവ്രന്യൂനമർദമായി മാറിയതാണു മഴയ്ക്ക് കാരണം. വടക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലായി മറ്റൊരു ന്യൂനമർദം സ്ഥിതി ചെയ്യുന്നുണ്ട്. മലയോര മേഖലകളിൽ കൂടുതൽ മഴ ലഭിച്ചേക്കും.

ഇന്നലെ രാവിലെ മുതൽ ഉച്ചവരെ തെക്കൻ ജില്ലകളിലും ഉച്ചയ്ക്കു ശേഷം മധ്യവടക്കൻ ജില്ലകളിലും കനത്ത മഴ ലഭിച്ചു. ഇന്നലെയോടെ 4 മാസം നീണ്ട കാലവർഷ സീസൺ ഔദ്യോഗികമായി അവസാനിച്ചു. ഇനി പെയ്യുന്ന മഴ തുലാവർഷക്കണക്കിലാണ് ഉൾപ്പെടുത്തുക. കനത്ത മഴയിൽ നദികളിൽ ജലനിരപ്പ് ഉയർന്നെങ്കിലും പ്രളയഭീതിയില്ല. ഗവിയിലേക്കുള്ള പ്രവേശനം നിർത്തിവച്ചു. കുട്ടനാട്, അപ്പർകുട്ടനാട് മേഖലകളിൽ ജലനിരപ്പ് ഉയർന്നു നിൽക്കുന്നു. പൊൻകുന്നത്ത് ഗവ. സ്‌കൂൾ വളപ്പിൽ നിന്ന മരം ദേശീയ പാതയിലേക്ക് കടപുഴകി ട്രാൻസ്‌ഫോമറിനു മുകളിൽ വീണെങ്കിലും അപകടം ഒഴിവായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker