ഭോപ്പാല്‍: മധ്യപ്രദേശിലെ സിദ്ധി ജില്ലയില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 32 പേര്‍ മരിച്ചു. നിരവധി പേരെ വെള്ളത്തില്‍ കാണാതായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പാലത്തില്‍ നിന്നു ബസ് കനാലിലേക്ക് മറിയുകയായിരുന്നു. ബസില്‍ 60 ഓളം യാത്രക്കാരുണ്ടായിരുന്നു. ഏഴ് പേരെ രക്ഷപെടുത്തി.
പുലര്‍ച്ചെ 7.30-നായിരുന്നു അപകടം. സിദ്ധിയില്‍ നിന്നു സാറ്റ്‌നയിലേക്ക് പോയ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ശാരദ കനാലിലേക്ക് മറിഞ്ഞുവെന്നാണ് പോലീസ് പറയുന്നത്. മധ്യപ്രദേശ് ദുരന്തനിവാരണ സേന അപകട സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അപകടത്തിന് പിന്നാലെ രക്ഷാപ്രവര്‍ത്തനം സുഗമമാകാന്‍ ബന്‍സാഗര്‍ ഡാമിലെ വെള്ളം തുറന്നുവിട്ടു.
അപകടത്തിന് പിന്നാലെ കേന്ദ്രമന്ത്രി അമിത് ഷാ പങ്കെടുക്കേണ്ടിയിരുന്ന സര്‍ക്കാര്‍ പരിപാടി മധ്യപ്രദേശ് സര്‍ക്കാര്‍ റദ്ദാക്കി. അപകടത്തില്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ നടുക്കം രേഖപ്പെടുത്തി. രണ്ടു മന്ത്രിമാര്‍ സംഭവ സ്ഥലത്തുണ്ടെന്നും സാധ്യമായ എല്ലാ രക്ഷാപ്രവര്‍ത്തനവും നടത്തുമെന്നും മരിച്ചവരുടെ കുടുംബത്തിന് സഹായധനമായി അഞ്ച് ലക്ഷം രൂപ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.