തിരുവനന്തപുരം: സംസ്ഥാനത്ത് തിരുവോണത്തിന് അടക്കം മൂന്ന് ദിവസം മദ്യ വില്‍പന ശാലകള്‍ തുറക്കില്ല. ബാര്‍, ബിവറേജ് ഔട്ട്ലെറ്റ്, വൈന്‍ പാര്‍ലര്‍ എന്നിങ്ങനെ എല്ലാ മദ്യവില്‍പന സ്ഥാപനങ്ങളും അടഞ്ഞുകിടക്കും. കൊവിഡ് പശ്ചാത്തലത്തില്‍ തിരക്ക് ഒഴിവാക്കാനാണ് ഈ നീക്കം.
നേരത്തെ തന്നെ ബെവ്കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകള്‍ക്ക് തിരുവോണ ദിവസമായ 31ന് അവധിയാണ്. അതിനാല്‍ ആ ദിവസം ബാറുകള്‍ക്ക് അനുമതി നല്‍കിയാല്‍ വലിയ തിരക്കിന് സാധ്യതയുള്ളതിനാലാണ് തീരുമാനം. സാധാരണ ആഘോഷ ദിവസങ്ങളില്‍ മദ്യവില്‍പനശാലകള്‍ക്ക് ഇളവ് നല്‍കാറുണ്ടായിരുന്നുവെങ്കിലും ഇക്കുറി മാറ്റം ഉണ്ടായി. തിരുവോണം കഴിഞ്ഞാല്‍ പിറ്റേ ദിവസം ഒന്നാം തീയതിയാണ്. അന്നും അവധിയാണ്. അടുത്ത ദിവസം ശ്രീനാരായണ ഗുരു സമാധിയാണ് അന്ന് പൊതുവെ മദ്യവില്‍പ്പനശാലകള്‍ അവധിയാണ്.
അതേസമയം കൊവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് മദ്യം വിതരണം ചെയ്യാനുള്ള ബിവറേജസ് കോര്‍പറേഷന്‍ ആപ്ലിക്കേഷനായ ബെവ്ക്യൂ ആപ്പില്‍ പുതിയ മാറ്റങ്ങള്‍ വന്നു. ഇനി ബുക്ക് ചെയ്താല്‍ ഉടന്‍ മദ്യം ലഭിക്കും. ആപ്പ് മുഖേന ബുക്ക് ചെയ്യുന്നവര്‍ക്ക് മൂന്ന് ദിവസം കഴിഞ്ഞേ വീണ്ടും ബുക്ക് ചെയ്യാനാവൂ എന്ന വ്യവസ്ഥ സര്‍ക്കാര്‍ നീക്കി. ആപ്പില്‍ മാറ്റം വരുത്തുന്നതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയിട്ടുണ്ട്.