ഒരേസമയം രണ്ട് കാമുകിമാര്‍; ചതിക്കുവാണെന്ന് മനസിലാക്കി ആത്മഹത്യക്ക് ശ്രമിച്ച കാമുകിയെ രക്ഷിക്കുന്നതിനിടെ കാമുകന് ദാരുണാന്ത്യം
ബംഗളൂരു: ആത്മഹത്യ ചെയ്യാനൊരുങ്ങിയ കാമുകിയെ രക്ഷപെടുത്താനുള്ള ശ്രമത്തിനിടെ കാമുകന്‍ മുങ്ങിമരിച്ചു. കാമുകന്‍ ചതിക്കുകയായിരുന്നുവെന്ന് മനസ്സിലാക്കി ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായത്. 28കാരനായ എളിയാര്‍പടവ് സ്വദേശി ലോയിഡ് ഡിസൂസയാണ് മരിച്ചത്. കര്‍ണാടകയിലെ സോമേശ്വര്‍ കടപ്പുറത്ത് വെച്ചായിരുന്നു സംഭവം.
ഇയാള്‍ക്ക് ഒരേസമയം രണ്ട് കാമുകിമാര്‍ ഉണ്ടായിരുന്നു. കാമുകിമാര്‍ രണ്ട് പേരും പരസ്പരം ഈ വിവരം മനസിലാക്കി. വഴക്ക് ആയതോടെ പ്രശ്‌നം പരിഹരിക്കാന്‍ ഇരുവരെയും യുവാവ് ഒരേസമയം കടപ്പുറത്തേക്ക് വിളിച്ച് വരുത്തുകയായിരുന്നു. തര്‍ക്കം രൂക്ഷമായി. തന്നെയല്ലാതെ മറ്റൊരു യുവതിയെ ലോയിഡ് സ്നേഹിക്കുന്നുവെന്ന് അംഗീകരിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് ആദ്യത്തെ കാമുകി കടലില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു.
ഇതുകണ്ട ലോയിഡ് യുവതിയെ രക്ഷിക്കാന്‍ വേണ്ടി കടലിലേക്ക് എടുത്തുചാടുകയായിരുന്നു. തിരയില്‍പ്പെട്ട യുവാവിന്റെ തല പാറക്കെട്ടില്‍ ഇടിക്കുകയായിരുന്നു. രക്ഷപെട്ട യുവതി ഇപ്പോള്‍ ചികിത്സയിലാണ്.
അപകടം കണ്ടുനിന്ന നാട്ടുകാര്‍ യുവാവിനെ ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഗള്‍ഫില്‍ ജോലി ചെയ്യുകയായിരുന്ന യുവാവ് കോവിഡ് മഹാമാരിയെ തുടര്‍ന്നാണ് നാട്ടിലേക്ക് മടങ്ങിയെത്തിയത്. സംഭവത്തില്‍ ഉള്ളാള്‍ പോലീസ് കേസടുത്തു.