കൊച്ചി:പ്രീമിയം ബ്രാൻഡായ നെക്സയുടെ ഏഴാം വാർഷികത്തോടനുബന്ധിച്ച് മാരുതി സുസുക്കി ഏറ്റവും പുതിയ എസ്‌യുവി മോഡലായ ഗ്രാൻഡ് വിറ്റാര (Grand Vitara) പുറത്തിറക്കി. സെൽഫ് ചാർജിങ് ശേഷിയുള്ള ഇന്റലിജെന്റ് ഹൈബ്രിഡ് ടെക്നോളജിയാണ് മാരുതി പുതിയ മോഡലിൽ അവതരിപ്പിക്കുന്നത്. 27.97 കീമീ മൈലേജ് അവകാശപ്പെടുന്ന 1.5 ലിറ്റർ ഹൈബ്രിഡ് എൻജിനൊപ്പം 21.11 കീമീ ഇന്ധനക്ഷമത ലഭിക്കുമെന്ന് കരുതപ്പെടുന്ന 1.5 ലീറ്റർ നെക്സ്റ്റ് ജെൻ കെ–സീരീസ് എൻജിനിലും വാഹനം എത്തുന്നുണ്ട്.
മാരുതിയിൽ നിന്നുള്ള ആദ്യ ഹൈബ്രിഡ് എൻജിനുമായി എത്തുന്ന വിറ്റാര കമ്പനിയുടെ ഇലക്ട്രിക് യുഗത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പായാണ് കണക്കാക്കപ്പെടുന്നത്. ഇന്ത്യൻ എസ്‍യുവി (SUV) വിപണിയിൽ വിപ്ലവകരമായ മാറ്റങ്ങൾ പുതിയ വാഹനം സൃഷ്ടിക്കുമെന്നാണ് മാരുതി പറയുന്നത്.
പനോരമിക് സൺറൂഫ്, 360 ഡിഗ്രി ക്യാമറ, വോയിസ് അസിസ്റ്റ്, വയർലെസ് ചാർജർ, ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഹെഡ്സ് അപ് ഡിസ്പ്ലെ, കണക്റ്റർ കാർ ടെക്ക് എന്നിവയുമാണ് പുതിയ എസ്‍യുവിയിൽ. സുരക്ഷയ്ക്കായി 6 എയർബാഗുകൾ, ടയർപ്രെഷർ മോണിറ്ററിങ് സിസ്റ്രം, ഹിൽ അസിസ്റ്റോടു കൂടിയ ഇഎസ്പി. ഹിൽ ഡിസൻഡ് കൺട്രോൾ, വെന്റിലേറ്റഡ് സീറ്റുകൾ തുടങ്ങിയ ഫീച്ചറുകൾ വാഹനത്തിലുണ്ട്.
ആദ്യ പ്രദർശനം നടക്കുന്നതിന് മുന്നോടിയായി ഗ്രാൻഡ് വിറ്റാരയുടെ വിവരങ്ങൾ മാരുതി സുസുക്കി പുറത്തുവിട്ടിരുന്നു. സെഗ്മെന്റിലെ ഏറ്റവും വലിയ സൺറൂഫുമായി എത്തുന്ന വാഹനത്തിന് സുസുക്കിയുടെ ഓൾ ഗ്രിപ് ഓൾ വീൽ ഡ്രൈവുമുണ്ട്. രാജ്യാന്തര വിപണിയിലെ സുസുക്കി വിറ്റാരയിലും എസ്–ക്രോസിലുമുള്ള ഓൾവീൽ ഡ്രൈവ് സിസ്റ്റമായിരിക്കും ഇന്ത്യൻ മോഡലിലുമെത്തുക. ഓട്ടോ, സ്നോ, സ്പോർട്, ലോക്ക് മോഡുകൾ ഈ എസ്‍യുവിയിലുണ്ട്.
ഗ്രാൻഡ് വിറ്റാര (Grand Vitara) എന്ന പേരിൽ വിപണിയിലെത്തുന്ന വാഹനത്തിന്റെ ബുക്കിങ്ങും മാരുതി ആരംഭിച്ചിരുന്നു. 11000 രൂപ നൽകി നെക്സ ഡീസൽഷിപ് വഴിയോ ഓൺലൈനായോ പുതിയ എസ്‍യുവി ബുക്ക് ചെയ്യാം.
ഇവി, ഇക്കോ, പവർ, നോർമൽ എന്നിങ്ങനെയുള്ള വിവിധ ഡ്രൈവ് മോഡിൽ ഹൈബ്രിഡ് എൻജിനിലും മാരുതി സുസുക്കിയുടെ 1.5 ലീറ്റർ എൻജിനിലും വാഹനം ലഭ്യമാണ്. പുതിയ ബ്രെസ, എക്സ്എൽ 6, എർട്ടിഗ തുടങ്ങിയ വാഹനത്തിൽ ഇതേ എൻജിൻ തന്നെയാണ് ഉപയോഗിക്കുന്നത്. 103 എച്ച്പി കരുത്തും 137 എൻഎം ടോർക്കുമുണ്ട് ഈ എൻജിന്. 5 സ്പീഡ് മാനുവൽ, 6 സ്പീഡ് ഓട്ടമാറ്റിക് ഗിയർബോക്സുകളിൽ വാഹനം ലഭിക്കും.
മാരുതിയുടെ പ്രീമിയം ഡീലർഷിപ്പായ നെക്സ (Nexa) വഴി വിപണിയിലെത്തുന്ന വാഹനം എസ് ക്രോസിന് പകരക്കാരനായിരിക്കും. മാരുതി സുസുക്കിയും ടൊയോട്ടയും (Toyota) ചേർന്ന് വികസിപ്പിച്ച വാഹനത്തിന്റെ ടൊയോട്ട പതിപ്പായ ഹൈറൈഡറിനെ കഴിഞ്ഞ ദിവസം പ്രദർശിപ്പിച്ചിരുന്നു. ഹ്യുണ്ടേയ് ക്രേറ്റ (Hyundai Creta), കിയ സെൽറ്റോസ് (Kia Seltos), സ്കോഡ കുഷാക് (Skoda Kushaq), ഫോക്സ്‍വാഗൻ ടൈഗൂൺ (Volkswagen Taigun) തുടങ്ങിയ വാഹനങ്ങളുമായായിരിക്കും മത്സരം.
നേരത്തെ ചോര്‍ന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍, മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാരയ്ക്ക് ഏകദേശം 9.50 ലക്ഷം രൂപയും ടോപ്പ് വേരിയന്റായ എസ്യുവിയുടെ വില 16 ലക്ഷം രൂപയും ആയിരിക്കും